go

പകുതിവഴിയിൽ രണ്ടായിപ്പിരിഞ്ഞു; ഇത്രയും അവശേഷിപ്പിച്ച് വീണ്ടും കൂടിച്ചേർന്നു

malappuram-kavalappara
മരണംതൊടാമണ്ണ്: മലപ്പുറം നിലമ്പൂർ കവളപ്പാറ മുത്തപ്പൻകുന്നിൽ ഉരുൾപൊട്ടലിൽ തകരാതെ രക്ഷപ്പെട്ട തുരുത്ത്.
SHARE

കവളപ്പാറ (മലപ്പുറം) ∙ വ്യാഴം രാത്രി എട്ടിന് വിണ്ടുകീറിയ മുത്തപ്പൻകുന്നിന്റെ മുകൾഭാഗം ചെളിയുടെ പുഴപോലെ താഴേക്കു കുത്തിയൊഴുകി. വഴിയിലെ സകല വീടുകളെയും തുടച്ചുനീക്കി മുന്നേറിയ ഉരുൾ പകുതിവഴി പിന്നിട്ടപ്പോൾ രണ്ടായിപ്പിരിഞ്ഞു. നടുവിൽ ഒരു തുരുത്തിനെ മാത്രം അവശേഷിപ്പിച്ച് വീണ്ടും കൂടിച്ചേർന്നു പരന്നൊഴുകി. ജീവന്റെ ഒറ്റത്തുരുത്തായി മാറിയ ആ പ്രദേശത്തായിരുന്നു നെടിയകാലായിൽ പുഷ്പയുടേതടക്കം 8 വീടുകൾ.

malappuram-pushpa
പുഷ്പ

സംഭവസമയത്ത് പുഷ്പയും ഭർത്താവ് സുനിലും പത്തുവയസ്സുകാരനായ മകൻ ധനുഷും വീട്ടിലുണ്ടായിരുന്നു. മുന്നോട്ടോ വശങ്ങളിലേക്കോ ഓടിയിരുന്നെങ്കിൽ ഉരുണ്ടിറങ്ങിയ ദുരന്തം ഇവരെയും പിടികൂടുമായിരുന്നു. ദുരിതാശ്വാസക്യാംപിലിരുന്ന് പുഷ്പ ആ രാത്രി ഓർത്തെടുത്തു: ‘‘രാത്രി വീട്ടിലിരിക്കുമ്പോഴാണ് കുന്നിനുമുകളിൽ വലിയ ശബ്ദം കേട്ടത്. ഒപ്പം ചെളിയും വെള്ളവും താഴേക്കൊഴുകിയെത്തി. ഓടിക്കോ എന്നെല്ലാം അലറിവിളിക്കുന്നത് കേൾക്കാമായിരുന്നു. ഞങ്ങളും വീട്ടിൽനിന്നിറങ്ങിയോടി. 

അധികം മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. മുന്നിലെ തോട് നിറഞ്ഞുകവിഞ്ഞിരുന്നു. വീടിന്റെ വശങ്ങളിലൂടെ ഭയങ്കര ശബ്ദത്തോടെ മണ്ണ് ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു. ഇരുട്ടിൽ ഒന്നും കാണാൻ കഴിയുന്നുമില്ല. വശങ്ങളിൽനിന്ന് ചെളിയും വെള്ളവും ഞങ്ങൾ നിന്ന ഭാഗത്തേക്ക് അടിച്ചു കയറി. പിന്നിൽ വീടുനിൽക്കുന്ന ഭാഗത്തു മാത്രമാണ് പ്രശ്നമില്ലാതെ കണ്ടത്. ഞങ്ങൾ തിരിഞ്ഞോടി. രാത്രി വീടിനു സമീപം ഭയന്നു വിറച്ച് ഉറങ്ങാതിരുന്നു.’’

കാണാതായവരുടെ പട്ടികയിലെ നാലു പേർ സുരക്ഷിതർ 

മലപ്പുറം ∙ കവളപ്പാറയിൽ പ്രതീക്ഷയുടെ വെളിച്ചമായി 4 പേർ. മണ്ണിലകപ്പെട്ടെന്നു കരുതിയ ചീരോളി പ്രകാശനും കുടുംബവും സുരക്ഷിതരെന്നു പോത്തുകല്ല് പഞ്ചായത്ത് അധികൃതർ സ്ഥിരീകരിച്ചു. പ്രകാശനും ഭാര്യയും 2 മക്കളും അടങ്ങിയ കുടുംബം എടക്കര വഴിക്കടവിലുള്ള ബന്ധുവീട്ടിൽ അഭയം തേടിയിരുന്നു.  വ്യാഴാഴ്ച രാത്രി കുന്നിനു മുകളിൽനിന്നു വലിയ ശബ്ദം കേട്ടതിനു പിന്നാലെ വീട്ടിൽനിന്ന് ഇറങ്ങിയോടിയതാണ് ഇവർക്കു രക്ഷയായത്.

തൊട്ടുപിന്നാലെ വീടു മുഴുവൻ മണ്ണു മൂടി. അന്നു രാത്രി ഭൂദാനത്തെ ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞ കുടുംബം വെള്ളിയാഴ്ച രാവിലെയാണു ബന്ധുവീട്ടിലേക്കു പോയത്.  ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാത്തതിനാൽ 3 ദിവസത്തേക്ക് ആരെയും വിളിച്ചില്ല. ഞായറാഴ്ച വൈകിട്ടാണു പഞ്ചായത്ത് അംഗത്തെ ഫോണിൽ വിളിച്ച് സുരക്ഷിതരാണെന്ന് അറിയിച്ചത്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama