go

മഴ തോർന്നു

pathanamthitta-river
നിറഞ്ഞൊഴുകുന്ന നിളയുടെ ആകാശദൃശ്യം ചമ്രവട്ടം പാലത്തിനു സമീപത്തുനിന്ന്.
SHARE

എടപ്പാൾ∙ മഴയുടെ തോതു കുറഞ്ഞതോടെ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന കൂടുതൽ കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. എടപ്പാൾ എംഎച്ച് സ്കൂൾ, കുറ്റിപ്പാല അമൃതാനന്ദമയി മഠം എന്നിവിടങ്ങളിലെ കുടുംബങ്ങളാണ് വീടുകളിലേക്കു മടങ്ങിയത്. താഴ്ന്ന പ്രദേശങ്ങൾ പലതും ഇപ്പോഴും വെള്ളക്കെട്ടിൽ തന്നെയാണ്. ഈ ഭാഗങ്ങളിലെ റോഡുകളിലെ വെള്ളക്കെട്ടും പൂർണമായും ഒഴിഞ്ഞിട്ടില്ല. വീടുകളുടെ അകത്തേക്ക് വെള്ളം കയറിയതിനാൽ ഇവിടങ്ങളിൽ ശുചീകരണ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

സന്നദ്ധ പ്രവർത്തകരുടെയും ആരോഗ്യ വകുപ്പ് അധികൃതരുടെയും നേതൃത്വത്തിൽ വെള്ളവും ചെളിയും നീക്കം ചെയ്ത ശേഷം അണുനാശിനി ഉപയോഗിച്ച് ശുചീകരണം നടക്കുന്നുണ്ട്. കിണറുകളിൽ ക്ലോറിനേഷനും ആരംഭിച്ചു. ദിവസങ്ങളോളം വെള്ളം കെട്ടിനിന്നതിനാൽ ചില വീടുകൾ ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്. ഈ വീടുകളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് അധികൃതരുടെ നീക്കം. വീടുകൾക്ക് ബലക്ഷയം സംഭവിച്ചിട്ടില്ലെന്ന്  ഉറപ്പു വരുത്തിയ ശേഷം മാത്രം ഇവരെ പുനരധിവസിപ്പിക്കാനുള്ള തീരുമാനത്തിലാണിവർ.

ഭക്ഷ്യ ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ആവശ്യമായ ഭക്ഷണങ്ങൾ എത്തിച്ചു നൽകാനുള്ള ശ്രമങ്ങളും ആരംഭിച്ചു. ശുദ്ധജല ക്ഷാമത്തിന്റെ അപര്യാപ്തതയാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഭാരതപ്പുഴയിലെ വെള്ളം കലങ്ങി മറിഞ്ഞതിനാൽ പൈപ്പിലൂടെ ചെളിവെള്ളം മാത്രമാണ് ലഭിക്കുന്നത്. കിണറുകളിൽ മാലിന്യം നിറഞ്ഞതിനാൽ ഇതും ഉപയോഗിക്കാനാകുന്നില്ല. ഏതാനും   ദിവസത്തിനുള്ളിൽ ഇത്തരം    പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ.

വെള്ളപ്പൊക്കത്തിന് കാരണം വയൽ നികത്തൽ

എടപ്പാൾ∙ മഴ ശക്തമാകുന്നതിന് മുൻപ് വെള്ളപ്പെ‍ാക്കം രൂക്ഷമാകുന്നതിനു കാരണം അശാസ്ത്രീയ വയൽ നികത്തലെന്നു പരാതി. വീടു വയ്ക്കാൻ 5 സെന്റ് വയൽ നികത്താൻ അനുമതി വാങ്ങി ഏക്കർ കണക്കിന് വയലുകളാണ് നികത്തിക്കെ‍ാണ്ടിരിക്കുന്നത്. സ്വന്തമായി ഭൂമിയില്ലാത്തവർക്കാണ് ഈ ആനുകൂല്യം നൽകുന്നത്. എന്നാൽ സ്ഥലമുള്ളവർ പോലും അനധികൃതമായി അനുമതി തേടി പാടം നികത്തുകയാണ്.

പാടശേഖരങ്ങൾ നികത്തുമ്പോൾ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ ഒരുക്കാറില്ല. മഴവെള്ളം ഇവിടെ ഉയരുകയും വീടുകൾക്കുള്ളിലേക്ക് എത്തുകയുമാണ് ചെയ്യുന്നത്. ഇത് വീടുകളുടെ സുരക്ഷയ്ക്ക് തന്നെ ചോദ്യചിഹ്നമാവുകയാണ്. പാടശേഖരങ്ങൾ നികത്തുമ്പോൾ നിലവിലുള്ള ഓവുപാലങ്ങൾ മണ്ണിട്ടു നികത്തുന്നതും വെള്ളക്കെട്ടിന് ഇടയാക്കുന്നുണ്ട്. നീലിയാട്–ആനക്കര റോഡിൽ ഇരുവശങ്ങളിലും ഏക്കർ കണക്കിന് പാടശേഖരമാണ് അടുത്തിടെ നികത്തിയത്. പതിറ്റാണ്ടുകൾക്ക് മുൻപ് ശക്തമായ മഴയിലും വെള്ളം ഉയരാത്ത ഈ ഭാഗങ്ങളിലാണ് ഇത്തവണ വെള്ളക്കെട്ട് രൂക്ഷമായത്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama