go

ദുരന്തപ്പെയ്ത്ത് തോർന്നപ്പോൾ‌

malappuram-news
മലപ്പുറം കോട്ടക്കുന്നിന്റെ ആകാശദൃശ്യം.
SHARE

മഴ തോർന്ന് വെയിൽ തെളിഞ്ഞു, വഴിമൂടിയ വെള്ളക്കെട്ടുകൾ മാറി റോ‍ഡുകൾ ഗതാഗതയോഗ്യമായി. വീടുകൾക്കുള്ളിലേക്ക് ഇരച്ചുകയറി പ്രളയജലം പതിയെ പിൻമാറി തുടങ്ങി. പ്രളയവും പേമാരിയും വിട്ടുമാറുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയെങ്കിലും ജില്ലയുടെ നടുക്കം വിട്ടുമാറുന്നില്ല. പെയ്തും ഒഴുകിയുമെത്തിയ ദുരിതം ഈ മഴക്കാലത്ത് ഏറ്റവും വേട്ടയാടിയത് മലപ്പുറത്തെയാണ്. 29 പേരുടെ ജീവനാണ് ഈ പ്രളയകാലത്തു നഷ്ടമായത്. അതിൽ 19 പേരുടെ ഉയിരെടുത്തത് കവളപ്പാറയിലെ ഉരുൾപൊട്ടലാണ്. രക്ഷാകരങ്ങൾക്ക് ഇനിയും കണ്ടെത്താനാകാതെ 40 പേർ കവളപ്പാറയിലെ മണ്ണിലുറങ്ങുന്നു. കഴിഞ്ഞ ഒരാഴ്ച ജില്ലയെ നടുക്കിയ വലിയ ദുരന്തങ്ങളുടെ ഒരു നേർച്ചിത്രം ഇങ്ങനെ

ബുധൻ വൈകിട്ട് 5
ആനമറി വനം ചെക് പോസ്റ്റിനു സമീപം
മരണം 02

malappuram-kottakunnu
മലപ്പുറം കോട്ടക്കുന്നിൽ ഉരുൾപൊട്ടി മണ്ണിനടിയിൽപെട്ട സരോജിനിയുടെ മൃതദേഹം രക്ഷാപ്രവർത്തകർ ഇന്നലെ കണ്ടെടുത്തപ്പോൾ. ‌ ചിത്രം: മനോരമ

എടക്കര വഴിക്കടവിൽ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു സഹോദരിമാർ മരിച്ചു. ആനമറി വനം ചെക് പോസ്റ്റിനു സമീപം പാറയ്ക്കൽ മൈമൂന(59), സഹോദരി സാജിത(48) എന്നിവരെയാണു മരിച്ചത്. മണ്ണിടിച്ചിലിൽ വീടു പൂർണമായി തകർന്നു. മണ്ണിടിച്ചിൽ ഭീതിയെത്തുടർന്ന് സമീപത്തെ മറ്റ് ആളുകളെല്ലാം വീടൊഴിഞ്ഞിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് പിറ്റേദിവസമാണ് രക്ഷാപ്രവർത്തനം ആരംഭിക്കാനായത്. സാജിതയുടെ മൃതദേഹം വെള്ളയാഴ്ച കണ്ടെത്തി. 3 ദിവസത്തിനുശേഷമാണ് മൈമൂനയെ കണ്ടെത്താനായത്.

വ്യാഴം രാത്രി 7.30
കവളപ്പാറയിലെ മുത്തപ്പൻകുന്ന്
മരണം 19

നിലമ്പൂർ ഭൂദാനം കവളപ്പാറയിലെ മുത്തപ്പൻകുന്നിലുണ്ടായ ഉരുൾപൊട്ടലിൽ 42 കുടുംബങ്ങളിലെ 59 പേർ മണ്ണിനടിയിലായി. നാലു ദിവസം പിന്നിട്ട രക്ഷാപ്രവർത്തനത്തിൽ ഇതുവരെ കണ്ടെത്തിയത് 19 മൃതദേഹങ്ങൾ. പത്തേക്കറോളം വിസ്തൃതിയിൽ വന്നുപതിച്ച മണ്ണും കൂറ്റൻ കല്ലുകളും കവളപ്പാറ തോടിന് ഇരുവശത്തുമുള്ള വീടുകളെയാണു തകർത്തത്. പ്രദേശത്തെ വൈദ്യുതി, മൊബൈൽ സിഗ്നലുകളുടെ തകരാർ രക്ഷാപ്രവർത്തനം വൈകിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിയുന്നത്. ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും രക്ഷാപ്രവർത്തനത്തിനായി കവളപ്പാറയിലെത്തി.

വെള്ളി പുലർച്ചെ 4
എടവണ്ണ കുണ്ടുതോട്
മരണം 04

എടവണ്ണയിൽ നിർമാണത്തിലുള്ള കോൺക്രീറ്റ് വീട് തകർന്നുണ്ടായ അപകടം ഇല്ലാതാക്കിയത് ഒരു കുടുംബത്തിലെ 4 പേരെ. മാതാപിതാക്കളും 2 കുട്ടികളും മരിച്ചപ്പോൾ മറ്റു 2 കുട്ടികൾ രക്ഷപ്പെട്ടു. കുണ്ടുതോട് ചളിപ്പാടം കുട്ടശ്ശേരി യൂനുസ് ബാബു(38), ഭാര്യ നുസ്രത്ത് (32), മക്കളായ ഫാത്തിമ സന (11), മുഹമ്മദ് ഷാനിൽ (7) എന്നിവരാണ് തകർന്ന വീടിനുള്ളിൽ അകപ്പെട്ടത്. രണ്ടു കുട്ടികളെ ജനലിലൂടെ രക്ഷാപ്രവർത്തകർ പുറത്തെടുത്തു. തൊട്ടടുത്ത് ഓടിട്ട പഴയ വീട്ടിൽ താമസിച്ചിരുന്ന കുടുംബം മഴയിൽ വെള്ളം കയറുമെന്നു ഭയന്നാണു നിർമാണത്തിലിരുന്ന വീട്ടിലേക്കു മാറിയത്.

വെള്ളി ഉച്ചയ്ക്ക് 1.30
കോട്ടക്കുന്ന് പാർക്കിനു താഴ്ഭാഗം
മരണം 03

കോട്ടക്കുന്ന് ടൂറിസം പാർക്കിനു താഴ്ഭാഗത്ത് വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ ഉരുൾപൊട്ടൽ ഒരു കുടുംബത്തിലെ മൂന്നുപേരുടെ ജീവനെടുത്തു. അപകടത്തിൽ  മണ്ണിലകപ്പെട്ട ചാത്തംകുളം ശരത്തിന്റെ ഭാര്യ ഗീതുവിനെയും  ഒന്നരവയസ്സുള്ള മകനെയും കണ്ടെത്തിയത് 3 ദിവസം നീണ്ട തിരിച്ചിലിനൊടുവിലാണ്. ഇന്നലെ രാവിലെ ശരത്തിന്റെ അമ്മ സരോജിനിയുടെയും മൃതദേഹം കണ്ടെത്തി. ഉരുൾ ശരത്തിന്റെ വീടിനെ പൂർണമായി മൂടി. സമീപത്തെ വീടുകൾക്കും നാശനഷ്ടമുണ്ടായി. അമ്മയ്ക്കൊപ്പം വീടിനു പുറത്തുണ്ടായിരുന്ന ശരത്ത് തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama