go

60 സെന്റിൽ വീട്, കൃഷി, കാർ, ആഭരണം..; വെറും 10 മിനിറ്റ്, ശരീഫ് ഒന്നുമില്ലാത്തവനായി

malappuram-sharif
പാതാറിലുണ്ടായ ഉരുൾപൊട്ടലിൽനിന്നു രക്ഷപ്പെട്ട് സഹോദരന്റെ വീട്ടിലെത്തിയ ശരീഫ്. ഭാര്യ ജംഷീല, മക്കളായ ഷിഫൈൻ, ഷിഫാസ്, സിജാസ് തുടങ്ങിയവരോടൊപ്പം.
SHARE

പോത്തുകല്ല് ∙ ‘60 സെന്റിൽ നല്ലൊരു വീടും കൃഷിയുമുണ്ടായിരുന്ന ഞാൻ 10 മിനിറ്റുകൊണ്ട് ഒന്നുമില്ലാത്തവനായി’.  ഇതു പറയുമ്പോൾ പാതാറിലെ മാവുങ്ങൽ ശരീഫിന് തൊണ്ട ഇടറുന്നുണ്ടായിരുന്നു. ആളപായമില്ലാത്തതുകൊണ്ടു മാത്രം അധികം ശ്രദ്ധകിട്ടാതെ പോയ പാതാർ ഉരുൾപൊട്ടലിന്റെ ഏറ്റവും വലിയ ഇരയാണ് ശരീഫ്.  ഒരു വർഷം മുൻപുമാത്രം പണി കഴിപ്പിച്ച 73 ലക്ഷം രൂപയുടെ വീട്, 60 സെന്റിലെ തെങ്ങ്, വാഴ, കമുക്, പച്ചക്കറി, വീടിനു തൊട്ടടുത്തുള്ള 6 കട മുറികൾ,  6 മാസം മാത്രം പഴക്കമുള്ള കാർ, വീട്ടിലുണ്ടായിരുന്ന പണം, ആഭരണം, ഒരു ബുള്ളറ്റ് ബൈക്ക്... നഷ്ടങ്ങളുടെ കണക്കെടുത്താൽ കണ്ണുനിറയും.

malappuram-sharif-house
പാതാറിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന ശരീഫിന്റെ വീട്. ചിത്രം: മനോരമ

ഭാര്യയും 4 മക്കളുമടങ്ങുന്ന കുടുംബത്തെ രക്ഷിക്കാനായതിന്റെ ആശ്വാസം മാത്രമാണ് ബാക്കി. ഇവരുടേതു കൂടാതെ 13 കടകളും 11 വീടുകളും പാതാറിൽ കല്ലും മണ്ണുമായി മാറി. വ്യാഴാഴ്ച വൈകിട്ടാണ് പാതാറിൽ ഉരുൾപൊട്ടലുണ്ടായത്. കവളപ്പാറയിലെ വിവരമറിഞ്ഞതിനാൽ പാതാറിൽ വീട്ടുകാരെ ഒഴിപ്പിച്ചിരുന്നു. ശരീഫും ഇതിനൊക്കെ കൂടെക്കൂടിയതാണ്.

തന്റെ വീട് അപകട സ്ഥലത്തിൽനിന്നു ദൂരെയാണെന്നായിരുന്നു അപ്പോഴത്തെ കണക്കുകൂട്ടൽ. ചുറ്റിലുമുള്ളവരെല്ലാം പോയിക്കഴിഞ്ഞാണ് മഞ്ഞപ്പുക പോലെ മുകളിൽനിന്ന് ഉരുൾപൊട്ടിയെത്തിയത്. കണ്ണടച്ചു തുറക്കും മുൻപേ അത് ശരീഫിന്റെ വീട്ടിലുമെത്തി. വീടിന്റെ പിൻഭാഗം ഒന്നാകെ ഒലിച്ചു പോയി. ഒഴുക്കിൽ മക്കളെ രക്ഷിക്കുന്നതിനിടെ കാലിൽ മരംകൊണ്ട് ശരീഫിനു പരുക്കുമേറ്റു. ശരീഫിന്റെ കുടുംബം കുടുങ്ങിയതറിയാവുന്ന സുഹൃത്തുക്കളാണ് രാത്രി ഒൻപതരയോടെ വീട്ടിലെത്തി സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയത്. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama