go

തേഞ്ഞിപ്പലം മേഖലയിൽ കോടികളുടെ കൃഷിനാശം

malappuram-crop-damaged
പാത്തിക്കുഴി പാലത്തിനരികെ വെള്ളം കയറി നശിക്കുന്ന നെൽക്കൃഷി .
SHARE

തേ‍ഞ്ഞിപ്പലം ∙ മേഖലയിൽ വിവിധ പഞ്ചായത്തുകളിലായി കോടിക്കണക്കിന് രൂപയുടെ കൃഷി നാശം. ജലാശയങ്ങളിലെ വെള്ളത്തിന്റെ നിരപ്പ് താഴ്ന്നെങ്കിലും കൃഷിയിടങ്ങളിൽനിന്ന് വെള്ളം ഒഴിഞ്ഞിട്ടില്ല. കുലച്ച വാഴകൾ ഇലകൾ പഴുത്ത് തളർ‌ന്ന് നിൽക്കുന്നു. വെള്ളം പൂർണമായി ഇറങ്ങിയ ശേഷമേ തേഞ്ഞിപ്പലത്തെ കൃഷിനാശം സംബന്ധിച്ച വ്യക്തമായ കണക്ക് ലഭിക്കൂവെന്നു പ്രസിഡന്റ് സഫിയ റസാഖ് തോട്ടത്തിൽ പറഞ്ഞു.  പെരുവള്ളൂർ, പള്ളിക്കൽ, ചേലേമ്പ്ര പഞ്ചായത്തുകളിലായി 100 കണക്കിന് ഏക്കറിൽ വാഴ, നെല്ല് തുടങ്ങിയവ വെള്ളം നിന്ന്  നശിക്കുകയാണ്.

പെരുവള്ളൂരിൽ ഏനാവൂർ, ഒളകര, കൊയപ്പ, പുത്തൂർ, മൈത്രി പാടശേഖരങ്ങളിലായി മുക്കാൽ കോടി രൂപയുടെ നഷ്ടം ഉണ്ടെന്നാണ് പ്രാഥമിക വിവരമെന്ന് പെരുവള്ളൂർ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ കാവുങ്ങൽ ഇസ്‌മായിൽ അറിയിച്ചു. എന്നാൽ, 100 കർഷകരുടെ 70 ഹെക്ടറിലെ നെല്ല്, വാഴ, പച്ചക്കറി തുടങ്ങിയവ നശിച്ചിട്ടുണ്ടെന്നും 26 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടെന്നാണ് പ്രാഥമിക വിവരമെന്നും കൃഷി ഓഫിസർ പി.ഷാജി പറഞ്ഞു. ചേലേമ്പ്ര പഞ്ചായത്തിൽ 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. 

∙ ചേലേമ്പ്രയിൽ പുല്ലിപ്പുഴ, കനോലി കനാൽ, കൊപ്രത്തോട്, നീലിത്തോട് എന്നിവ കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കം മിക്കവാറും ഒഴിവായെങ്കിലും വീട്ടുകാർക്കുണ്ടായ നഷ്ടം കനത്തത്. ഒരു വീട് പൂർണമായി തകർന്നു. മറ്റൊന്ന് തകർച്ചയുടെ വക്കിലാണ്. പല വീടുകളിലും ആളുകൾ തിരികെ എത്തിയിട്ടില്ല. നാടൻ കോഴിയും താറാവും പല വീടുകളിലേതും വെള്ളത്തിൽ അകപ്പെട്ട് ചത്തിട്ടുണ്ട്. പുല്ലിപ്പറമ്പ് വാർഡിൽ ഏതാണ്ട് 50 നാടൻ കോഴികൾ പല വീടുകളിലായി ചത്തു. നഷ്ടം സംബന്ധിച്ച വിവര ശേഖരണത്തിനായി വാർഡിലെ വീട്ടുകാരുടെ യോഗം ഇന്ന് രാവിലെ 9ന് ചേരുന്നുണ്ട്.  

∙ പ്രളയം ഒഴിഞ്ഞപ്പോൾ എങ്ങും ചെളിമയം. റോഡുകളിൽ പലതിലും ചെളി നിറഞ്ഞതിനാൽ നടക്കാൻ വയ്യ. വാഹന യാത്രയും ദുഷ്കരം. വെള്ളം കയറിയ വീടുകളിൽ മുട്ടോളം ചെളിയാണ്. ചേലേമ്പ്ര പടന്നയിൽ ഭാഗത്തെ വീടുകൾ ഇന്നലെ പാസ്കോ ക്ലബ് പ്രവർത്തകരും സന്നദ്ധ സംഘടനാ പ്രതിനിധികളും ജന പ്രതിനിധികളും ചേർന്ന് ശുചീകരിച്ചു. ചേലേമ്പ്ര ദേവകിയമ്മ മെമ്മോറിയൽ ഫാർമസി കോളജ്, എൻഎൻഎം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങി ഒട്ടേറെപ്പേർ ഇന്നലെ സിൽക് പാലം കടവ് മേഖലയിലും രാമനാട്ടുകര ഭാഗത്തും ശുചീകരണം നടത്തി.  

∙ തേഞ്ഞിപ്പലത്ത് കൊളത്തോട് എയിംസ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപ് തുടരുകയാണെന്ന് പ്രസിഡന്റ് സഫിയ റസാഖ് തോട്ടത്തിൽ അറിയിച്ചു. കൊളത്തോട്, ഇരുമ്പോത്തിങ്ങൽ, മാതാപ്പുഴ ഭാഗങ്ങളിലെ ഏതാനും വീട്ടുകാർ ഇപ്പോഴും വെള്ളത്തിലാണ്. കടലുണ്ടിപ്പുഴയിലെ ജല നിരപ്പ് താഴ്ന്നെങ്കിലും പുഴയോര ഗ്രാമങ്ങളിൽ പലതും ഇപ്പോഴും വെള്ളത്തിലാണ്. വെള്ളം പൂർണമായി ഇറങ്ങിയ ശേഷം ശുചീകരണം നടത്തിയേ ആളുകൾക്ക് വീടുകളിലേക്ക്  മടങ്ങാനാകൂ. കൊളത്തോട് ക്യാംപിൽ 26 കുടുംബങ്ങൾ തുടരുന്നതായും പ്രസിഡന്റ് പറഞ്ഞു. 

∙ കോഹിനൂർ റൂറൽ ബാങ്കിലെ ജീവനക്കാർ വിവിധ പ്രളയ ബാധിത പ്രദേശങ്ങളിൽ ശുചീകരണം നടത്തി. പള്ളിക്കൽ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകരും വൈറ്റ് ഗാർഡ് വൊളന്റിയർമാരും നിലമ്പൂർ, എടവണ്ണപ്പാറ എന്നിവിടങ്ങളിൽ 3 ദിവസം ശുചീകരണം നടത്തി. ബലി പെരുന്നാൾ ദിവസവും ശുചീകരണ ജോലിയിൽ ആയിരുന്നു. തേഞ്ഞിപ്പലം കോമരപ്പടി നാട്ടിലെ വിശേഷം വാട്‌സാപ് കൂട്ടായ്മ വയനാട്, ഒലിപ്രം തിരുത്തി എയുപി സ്കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളിൽ ഭക്ഷ്യ വസ്തുക്കൾ എത്തിച്ചു. പള്ളിക്കൽ പഞ്ചായത്തിലെ പി‍ഡിപി പ്രവർത്തകർ വാഴക്കാട്ട് വീടുകൾ ശുചീകരിച്ചു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama