go

കര കയറാം

malappuram-pinarayi-at-relief-camp
താങ്ങാം, തളരരുത്...: വയനാട് പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട് മേപ്പാടിയിലെ ക്യാംപിൽ കഴിയുന്ന പച്ചക്കാട് കിളിയൻകുന്നത്ത് ആയിഷ മുഖ്യമന്ത്രി പിണറായി വിജയനു മുൻപിൽ പൊട്ടിക്കരയുന്നു. ക്യാംപ് സന്ദർശനത്തിനു ശേഷം, മടങ്ങാൻ‌ വാഹനത്തിൽ കയറിയ മുഖ്യമന്ത്രിയുടെ സമീപമെത്തിയാണ് ആയിഷ ദുരിതം അറിയിച്ചത്. ചിത്രം: എം.ടി.വിധുരാജ് ∙മനോരമ
SHARE

കലിപൂണ്ട ചാലിയാർ ഇരച്ചെത്തിയതോടെ ജില്ലയിലെ വലിയൊരു ഭാഗം മുങ്ങി. പലരും ദുരിതാശ്വാസ ക്യാംപുകളിലായി. വെയിൽ തെളിഞ്ഞ് വെള്ളമിറങ്ങിയെങ്കിലും തങ്ങളുടെ വീടിനും കൃഷിക്കുമെല്ലാം സംഭവിച്ചതു കണ്ട് തകർന്നിരിക്കുകയാണ് ഇവിടത്തുകാർ. കണക്കുകളിൽ നിൽക്കുന്നതല്ല നഷ്ടമെങ്കിലും പ്രാഥമിക വിലയിരുത്തൽ ഇങ്ങനെ...

1- എടവണ്ണപ്പാറ മേഖല

malappuram-edavannapara-town
ചാലിയാർ കരകവിഞ്ഞ് എടവണ്ണപ്പാറ ടൗൺ മുങ്ങിയ നിലയിൽ.

വാഴക്കാട് പഞ്ചായത്ത്

∙ 2 വീടുകൾ പൂർണമായും 3 വീടുകൾ ഭാഗികമായും തകർന്നു. രണ്ടായിരത്തോളം വീടുകളിൽ വെള്ളം കയറി.
∙ 55 ലക്ഷത്തിന്റെ വാഴക്കൃഷി നശിച്ചു.
∙ വീടുകളിലെ 90 ശതമാനം സാധനങ്ങളും നശിച്ചു.

വാഴയൂർ പഞ്ചായത്ത്

∙ ആക്കോട് ചണ്ണയിൽ ഭാഗത്ത് 10 സെന്റ് സ്ഥലം പുഴയെടുത്തു.
∙ 5 വീടുകൾ പൂർണമായും തകർന്നു. 600 വീടുകൾ മുങ്ങി.
∙ 25 ലക്ഷം രൂപയുടെ കൃഷി നാശം.
∙ ചീക്കോട് പഞ്ചായത്തിൽ 5 വീടുകൾ പൂർണമായി തകർന്നു.

2– അരീക്കോട് മേഖല

malappuram-chaliyar-river-side-danger
കീഴുപറമ്പ് പഞ്ചായത്തിലെ വെസ്റ്റ് പത്തനാപുരം അയ്യപ്പൻകണ്ടി പ്രദേശത്തെ ചാലിയാർ പുഴയുടെ തീരം ഇടിഞ്ഞു വീടുകൾക്കു ഭീഷണിയായ നിലയിൽ.

ഊർങ്ങാട്ടിരി പഞ്ചായത്ത് 

∙ 30 കിലോമീറ്റർ റോഡ് പൂർണമായും തകർന്നു.
∙ പാവണ്ണ തൂക്കുപാലം തകർന്നു. ഓടക്കയം ആനക്കയം നടപ്പാലം, കക്കാടംപൊയിൽ കരിമ്പ് കോളനിയുമായി ബന്ധിപ്പിക്കുന്ന താൽക്കാലിക മരപ്പാലം എന്നിവ ഒലിച്ചുപോയി.
∙ 1230 കുടുംബങ്ങൾ മാറിത്താമസിച്ചു. 4000 പ്രളയ ബാധിതർ. 15 വീടുകൾ പൂർണമായും നശിച്ചു. 100 വീടുകൾക്ക് ഭാഗികമായ നാശം.
∙ 1.25 കോടിയുടെ കൃഷി നാശം കണക്കാക്കുന്നു. 40,000 വാഴ, 500 റബർ, 5ലക്ഷം രൂപയുടെ തെങ്ങ്, 2ലക്ഷം രൂപയുടെ കമുക്.
∙ 25,000 കോഴികൾ ചത്തുപോയി. കന്നുകാലികളുടെ കണക്ക് ലഭ്യമല്ല.

അരീക്കോട് പഞ്ചായത്ത് 

∙ 22 റോഡുകൾ ഭാഗികമായി തകർന്നു.
∙ അരീക്കോട്-മുക്കം റോഡിൽ പത്തനാപുരം പാലത്തിനുസമീപം മണ്ണിടിഞ്ഞ് തകരാറുണ്ട്. വിദഗ്ധ സംഘം പരിശോധിക്കും.
∙ 758 കുടുംബങ്ങൾ മാറിത്താമസിച്ചു. 22 വീടുകൾ ഭാഗികമായി നശിച്ചു.
∙ വാഴ-15,000, തെങ്ങ്-135, കമുക്-70, കുരുമുളക്-100, കപ്പ-2 ഹെക്ടർ, പച്ചക്കറി - 3 ഹെക്ടർ, നെല്ല് - 1 ഹെക്ടർ എന്നിവയ്ക്കു നാശം.
∙ അങ്കണ‍വാടി - 4, പഞ്ചായത്ത് സ്റ്റേഡിയം-1 എന്നിവയ്ക്ക് ഭാഗികമായി കേടുപറ്റി.

കീഴുപറമ്പ് പഞ്ചായത്ത് 

∙ പത്തനാപുരം പാലം-വെസ്റ്റ് പത്തനാപുരം-വിളയംകണ്ടം റോഡ്, കുനിയിൽ-ഗവ ഹൈസ്‌കൂൾ റോഡ്, ഇരുപ്പാംകുളം-വാദിനൂർ റോഡ്, എടക്കണ്ടിപൊറ്റ-കവിലട റോഡ് എന്നിവ ഭാഗികമായി തകർന്നു.
∙ 850 കുടുംബങ്ങൾ മാറിത്താമസിച്ചു. 3 വീടുകൾ പൂർണമായും 8 വീടുകൾ ഭാഗികമായും നശിച്ചു.
∙വാഴ-8000, തെങ്ങ്-25, കപ്പ-2 ഹെക്ടർ, പച്ചക്കറി-2 ഹെക്ടർ എന്നിവ നശിച്ചു.

3– എടവണ്ണ മേഖല

malappuram-trees-under-bridge
എടവണ്ണ സീതിഹാജി പാലത്തിനിടയിൽ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുവന്ന് അടിഞ്ഞുകൂടിയ കൂറ്റൻ മരങ്ങളും മാലിന്യങ്ങളും. ഇത് പാലത്തിന് ഏറെ ഭീഷണിയാണ്.

മമ്പാട് പഞ്ചായത്ത്

∙ പഞ്ചായത്തിലെ 19ൽ 18 വാർഡിലും വ്യാപക നാശം.
∙ മമ്പാട് ഓടായിക്കൽ റഗുലേറ്റർ കം ബ്രിജിന്റെ അപ്രോച്ച് റോഡ് കനത്ത മലവെള്ളപ്പാച്ചിലിൽ തകർന്നു.
∙ നൂറിലധികം വീടുകൾക്കു നാശമെന്ന് പ്രാഥമിക നിഗമനം.
∙ പഞ്ചായത്ത് ഓഫിസിലേക്കു വെള്ളം കയറി ഫയലുകളും ഫർണിച്ചറും കംപ്യൂട്ടറുകളും നശിച്ചു.

എടവണ്ണ പഞ്ചായത്ത്

∙ ഒതായി, കുന്നുമ്മൽ, എടവണ്ണ ടൗൺ, കുണ്ടുതോട്, കല്ലിടുമ്പ്, ചളിപ്പാടം, ആര്യൻ തൊടിക, തുവ്വക്കാട്, പന്നിപ്പാറ, കൊളപ്പാട്, മുണ്ടേങ്ങര എന്നിവിടങ്ങളിൽ വ്യാപക നാശം.
∙ 25 വീടുകൾ പൂർണമായും നാനൂറോളം വീടുകൾ ഭാഗികമായും തകർന്നു.
∙ മലവെള്ളപ്പാച്ചിലിൽ ഒലിച്ചെത്തിയ കൂറ്റൻ മരങ്ങളും മാലിന്യവും എടവണ്ണ സീതി ഹാജി പാലത്തിനു ഭീഷണി.

4– നിലമ്പൂർ മേഖല

malappuram-mambad-road-damaged
മമ്പാട് ഓടായിക്കൽ കം ബ്രിജിന്റെ അപ്രോച്ച് റോഡ് കനത്ത മലവെള്ളപ്പാച്ചിലിൽ തകർന്ന നിലയിൽ

∙ നിലമ്പൂർ ബ്ലോക്കിൽ 1100 ഹെക്ടർ കൃഷി നശിച്ചു. 15 കോടിയുടെ നഷ്ടം കണക്കാക്കുന്നു.
∙ താലൂക്കിൽ 56 വീടുകൾ പൂർണമായും 48 വീടുകൾ ഭാഗികമായും തകർന്നെന്ന് പ്രാഥമിക വിലയിരുത്തൽ.
∙ നിലമ്പൂർ ടൗണിലെ 7 ബാങ്കുകളിൽ വെള്ളം കയറി. എടിഎം മെഷീനും തകരാറിൽ.
∙ വാഹനഷോറൂമുകളും ഹോം അപ്ലയൻസസ് കടകളും അടക്കം 200 വ്യാപാര സ്ഥാപനങ്ങൾ പൂർണമായി നശിച്ചു. 75 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.
∙ നിലമ്പൂർ – എരുമമുണ്ട റോഡിലെ നമ്പൂരിപ്പൊട്ടി റോഡ് ഒലിച്ചു പോയി. ഗതാഗതം ഭാഗികം.

5– എടക്കര മേഖല

malappuram-rayin-kutty-house
ഭൂദാനം കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് ബാക്കിയായ കാക്കീരി രായീൻകുട്ടിയുടെ വീട്. വീടിന്റെ താഴത്തെ നില മണ്ണിനടിയിലാണ്. വീട്ടിലുള്ളവർ നേരത്തെ സമീപത്തെ തറവാട്ടു വീട്ടിലേക്ക് മാറിയിരുന്നു.

∙ കോടികൾ മുടക്കി പണിത ചുങ്കത്തറ– കൈപ്പിനി പാലവും ശാന്തിഗ്രാം പാലവും ഒലിച്ചുപോയി.
∙ പാലുണ്ട– മുണ്ടേരി റോഡ് തമ്പുരാട്ടിക്കല്ല്, മുക്കം ഭാഗത്ത് തകർന്നു.
∙ മുണ്ടേരി വിത്തു കൃഷി തോട്ടത്തിലെ ഇരുട്ടുകുത്തി മുതൽ തലപ്പാടി വരെയുള്ള മൂന്നര കിലോമീറ്റർ റോഡ് ഒലിച്ചുപോയി.

∙ തമ്പുരാട്ടിക്കല്ല് മുക്കം മുതൽ പോത്തുകല്ല് പൊട്ടി വരെ 300 വീടുകൾ ഭാഗികമായി തകർന്നു.
∙ ചാലിയാർ ഉദ്ഭവിക്കുന്ന പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകളിലെ ഹെക്ടർ കണക്കിനു സ്ഥലങ്ങളിൽ വെള്ളം കയറി കൃഷി നശിച്ചു.
∙ പൂക്കോട്ടുമണ്ണ, കൈപ്പിനി, കുന്നത്തുപൊട്ടി, മുണ്ടപ്പാടം, പൂച്ചക്കുത്ത്, കൈപ്പിനിക്കടവ്, അമ്പലപ്പൊയിൽ, തക്കുത്തി എന്നിവിടങ്ങളിൽ ഇരുനൂറോളം വീടുകൾ വെള്ളത്തിലായി. ഇവിടങ്ങളിലെ ഹെക്ടർ കണക്കിനു കൃഷി നശിച്ചു. കൃഷി ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിനു രൂപയുടെ വളവും പ്രളയത്തിൽ നശിച്ചു.

400 വീടുകൾ വെള്ളക്കെട്ടിൽ

കോൾ മേഖലയിൽ ജലനിരപ്പ് താഴാത്തതുമൂലം വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിൽ 400 വീടുകൾ വെള്ളക്കെട്ടിൽ. പൊന്നാനി കോളിലെ താഴ്ന്ന പാടശേഖരങ്ങളിലേക്ക് ജില്ലയുടെ തെക്കൻ മേഖലയിൽനിന്നും തൃശൂർ ജില്ലയിൽനിന്നും കൂടുതൽ വെള്ളം തുറന്നുവിട്ടതോടെയാണ് 2 പഞ്ചായത്തുകളിലെ കുടുംബങ്ങൾ വെള്ളക്കെട്ടിലായത്. ബിയ്യം റഗുലേറ്റർ ഷട്ടർ വഴി ഒഴുക്കി വിടുന്നതിനെക്കാൾ ഇരട്ടിയിലേറെ വെള്ളമാണ് തെക്കൻ മേഖലയിൽനിന്ന് ഒഴുകിയെത്തുന്നത്.

malappuram-eramangalam
ദിവസങ്ങളായി വെള്ളം കെട്ടി നിൽക്കുന്ന എരമംഗലം പാലയ്ക്കത്താഴത്തെ വീടുകൾ.

പത്തിരം ദ്വീപ്, പാലയ്ക്കൽ താഴം, ചെറവല്ലൂർ, ചേരിക്കല്ല്, നരണിപ്പുഴ, കുഴപ്പുള്ളിത്താഴം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം. 2 പഞ്ചായത്തുകളുടെ തീരമേഖലയിലും കനോലി കനാലിന്റെ ഇരുവശത്തും വെള്ളക്കെട്ട് തുടരുകയാണ്. പാലപ്പെട്ടി, താവളക്കുളം, പുതിയിരുത്തി, കുണ്ടുച്ചിറ, അയിരൂർ, വെളിയങ്കോട് ഗ്രാമം, വെളിയങ്കോട് മേഖലകളും വെള്ളക്കെട്ടിലാണ്. 86 കുടുംബങ്ങൾ വിവിധ ക്യാംപുകളിലും ബാക്കിയുള്ളവർ ബന്ധുവീടുകളിലുമാണ് താമസം.

വരുത്തിവച്ചതോ

ഭാരതപ്പുഴയുടെ നടുവിൽ പട്ടാമ്പി മുതൽ പൊന്നാനി വരെ രൂപപ്പെട്ട മണൽക്കൂനകളും കാടും നീക്കം ചെയ്യാതിരുന്നത് പ്രളയത്തിന്റെ ശക്തി കൂട്ടിയെന്ന് പ്രദേശവാസികൾ. മലമ്പുഴ ഡാം തുറക്കാതെ തന്നെ ഭാരതപ്പുഴ ഇത്തവണ കരകവിഞ്ഞ് ഒഴുകി ഒട്ടേറെ നാശനഷ്ടം വരുത്തിയത് വെള്ളത്തിന്റെ ഒഴുക്ക് പലയിടങ്ങളിലും തടസ്സപ്പെട്ടതിനാലാണ്. സാധാരണ രീതിയിൽ മഴ വെള്ളം പുഴയിലൂടെ കടലിൽ എത്താറാണു പതിവ്. എന്നാൽ, കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതാണ് ഇത്തവണ ദുരിതമായത്. 

50 കിലോമീറ്ററോളം ദൂരത്തിൽ ഭാരതപ്പുഴയ്ക്കു മധ്യത്തിലുള്ള മണൽത്തിട്ടകളും വൻ മരങ്ങൾ ഉൾപ്പെടെ കാടുകളും രൂപപ്പെട്ടതാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പുഴയുടെ നടുവിൽ ഏറെ വീതിയിൽ മണൽ ഉയർന്നുനിന്ന് മരങ്ങൾ വളർന്നതിനാൽ ഇരു ഭാഗങ്ങളിലെ ചാലുകളിലൂടെയാണ് പുഴ ഒഴുകിയിരുന്നത്. 

ഭാരതപ്പുഴയുടെ മധ്യഭാഗം കരയെക്കാൾ  ഉയരത്തിലായതാണ് ചില പ്രദേശങ്ങളിലെ തുടർച്ചയായ വെള്ളപ്പൊക്കത്തിന് കാരണമെന്ന് പരിസ്ഥിതി സംഘടനകളും അഭിപ്രായപ്പെട്ടു. പുഴയിലെ കരയോടു ചേർന്നുള്ള 2 ഭാഗങ്ങളിൽനിന്നും വൻ തോതിൽ മണൽകടത്തിയതിനാലാണ് ആഴത്തിലുള്ള ചാലുകൾ രൂപപ്പെട്ടത്. ഭാരതപ്പുഴയിലൂടെ കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നത് ഒഴിവാക്കാൻ നടപടിയില്ലെങ്കിൽ ദുരിതം ആവർത്തിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. 

പുഴയിൽ ഒഴുക്കി ‘പുഴ മുതൽ പുഴ വരെ’

ഭാരതപ്പുഴ നവീകരണത്തിനായുള്ള ‘പുഴ മുതൽ പുഴ വരെ’ പദ്ധതി ഉപേക്ഷിച്ചത് തിരിച്ചടിയായി. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് 100 കോടി രൂപ ചെലവിട്ട് പുഴ നവീകരിക്കാൻ തീരുമാനിച്ചത്. കുറ്റിപ്പുറം മുതൽ  ഭാരതപ്പുഴയ്ക്കു നടുവിൽ ഉയർന്നു നിൽക്കുന്ന മണൽക്കൂനയും കാടും ഒഴിവാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാനായിരുന്നു പദ്ധതി. കൂടാതെ പുഴയോരത്ത് സുരക്ഷാ ഭിത്തി നിർമിക്കാനും തിരുനാവായ മുതൽ കുറ്റിപ്പുറം വരെ വിവിധ ജല വിനോദ പദ്ധതികൾ ആരംഭിക്കാനും തീരുമാനിച്ചിരുന്നു. 

ഭാരതപ്പുഴയിലേക്ക് മാലിന്യം തള്ളുന്നതു തടഞ്ഞ് ശുദ്ധജല ലഭ്യത ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചത്. എന്നാൽ, തുടർ പ്രവർത്തനങ്ങൾ സ്തംഭിക്കുകയും പിന്നീട് പദ്ധതി തന്നെ ഉപേക്ഷിക്കുകയും ചെയ്തു. പദ്ധതി നടപ്പാക്കണമെന്ന ആവശ്യം വീണ്ടും ശക്തമായിട്ടുണ്ട്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama