go

കൈനിറയെ കരുതൽ

malappuram-searching
ചെറുതരിയെങ്കിലും...നിലമ്പൂർ ഭൂദാനം കവളപ്പാറയിൽ ഉരുൾപൊട്ടി മണ്ണിനടിയിൽപെട്ടവർക്കായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തിരച്ചിൽ നടത്തുന്നതിനിടെ മണ്ണ് മാറ്റുമ്പോൾ സസൂക്ഷ്മം നിരീക്ഷിക്കുന്ന പൊലീസുകാർ.
SHARE

കവളപ്പാറ ∙ നിലമ്പൂരിലേക്കുള്ള വഴികളിൽ ഇന്നലെ യാത്രക്കാരായി ഉണ്ടായിരുന്നത് യുവാക്കൾ മാത്രമാണെന്നു തോന്നും. ലോഡുകണക്കിന് കരുതലുമായി, ആശ്വാസം നൽകാനുള്ള ആവേശവുമായി യുവാക്കൾ ഇന്നലെ നിലമ്പൂരിന്റെ കൂടെനിന്നു. കരുവാരകുണ്ടുകാർ മുതൽ കരുനാഗപ്പള്ളിക്കാർ വരെ വാഹനങ്ങളിൽനിന്ന് പരസ്പരം അഭിവാദ്യം ചെയ്യുകയും താഴെ വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കാൻ, രക്ഷാപ്രവർത്തകർക്ക് ഭക്ഷണം നൽകാൻ ഓടിനടക്കുകയും ചെയ്ത ദിവസം.

ഏതു വഴികളിലൂടെ പോയാലും കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നുമുള്ള വാഹനങ്ങൾ; ഒന്നുകിൽ വൃത്തിയാക്കാനുള്ള ഉപകരണങ്ങളുമായി. അല്ലെങ്കിൽ നിറയെ സാധനസാമഗ്രികളുമായി പോകുന്നവ. അതുമല്ലെങ്കിൽ ഇതു രണ്ടും നിറച്ചവ. തെക്കൻ ജില്ലകളിൽനിന്ന് നൂറുകണക്കിനു വാഹനങ്ങളാണ് ഇന്നലെ നിലമ്പൂരിലെ ശേഖരണകേന്ദ്രങ്ങളിലും ക്യാംപുകളിലും എത്തിയത്. 

കെഎൽ71 എന്ന നിലമ്പൂരിലെ വാഹന റജിസ്ട്രേഷൻ നമ്പറിനെ പിന്നിലാക്കി, മറ്റു നാട്ടുകാരുടെ വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടി, നിലമ്പൂരുകാരെ സ്നേഹം കൊണ്ടുതോൽപിച്ചു. വാഹനങ്ങളുടെ എണ്ണം കൂടി ഗതാഗതക്കുരുക്കുണ്ടായപ്പോഴും വൊളന്റിയർമാർ റോഡിലിറങ്ങി ‘ഡിവൈഡറാ’യി.‍ ദൂരദിക്കിൽനിന്ന് വരുന്നവർക്കും ഡ്രൈവർമാർക്കും പൊലീസ്, അഗ്നിരക്ഷാ, എൻഡിആർഎഫ്, സൈന്യം എന്നിവയ്ക്ക് ഭക്ഷണമെത്തിക്കാനും സന്നദ്ധപ്രവർത്തകർ സജീവമായി രംഗത്തുണ്ടായിരുന്നു. മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക വാഹനങ്ങളും ആശ്വാസത്തിന്റെ ലോഡുമായി എത്തി.

രാപകൽ പ്രവർത്തിച്ച് വർക്‌ഷോപ്പുകൾ

‘എടക്കരയിലെ വർക്‌ഷോപ്പുകൾ എത്ര മണി വരെ പ്രവർത്തിക്കും’ എന്ന ചോദ്യത്തിനു മറുപടി ഇങ്ങനെ ‘എത്ര മണി വരെ വേണമെങ്കിലും പ്രവർത്തിക്കും’‌. രക്ഷാപ്രവർത്തനം നടത്തുന്ന വിവിധസേനകളുടെയും സന്നദ്ധപ്രവർത്തകരുടെയും സർക്കാർ വകുപ്പുകളുടെയും വാഹനങ്ങൾ രാപകൽ ഓടിക്കൊണ്ടിരിക്കുന്ന എടക്കര മേഖലയിലാണ് അവരെ പിന്തുണയ്ക്കാൻ ചില വർക‌്‌ഷോപ്പുകൾ രാത്രി വൈകും വരെ പ്രവർത്തിച്ചത്. 

ഉൾപ്രദേശത്തെ ചെറിയ ഹോട്ടലുകളും തുറന്നിരുന്നു. കവളപ്പാറ മേഖലയിൽ ഭക്ഷണം വിതരണം ചെയ്യാൻ വിവിധ സന്നദ്ധസംഘങ്ങളും പ്രവർത്തിച്ചു. ക്യാംപിലുള്ളവർക്കു പുറമേ സന്നദ്ധപ്രവർത്തർക്കും രക്ഷാപ്രവർത്തകർക്കും ഏറ്റവുമടുത്ത കേന്ദ്രത്തിൽതന്നെ ഭക്ഷണം ലഭ്യമായിരുന്നു. ശുചീകരണപ്രവർത്തനങ്ങളിലേർപ്പെട്ടവർക്ക് കയ്യുറയും ഉപകരണങ്ങളും, ക്യാംപിലെ സന്നദ്ധപ്രവർത്തകർക്ക് മാസ്ക് തുടങ്ങി ഏറ്റവും ചെറിയ കാര്യങ്ങൾ വരെ എല്ലായിടത്തും ലഭ്യമാക്കാൻ യുവാക്കൾ രംഗത്തുണ്ടായിരുന്നു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama