go

അടിതെറ്റിയ ആനക്കുട്ടി കുത്തൊഴുക്കിൽ വീണു; കരപറ്റി നാടിന്റെ ഓമനയായി

Malappuram News
കാഞ്ഞിരപ്പുഴയിലെ കുത്തൊഴുക്കിൽ വീണ് പിന്നീട് കരപറ്റിയ ആനക്കുട്ടി വനപാലകരുടെയും നാട്ടുകാരുടെയും സംരക്ഷണയിൽ.
SHARE

നിലമ്പൂർ ∙ ആഢ്യൻപാറയിൽ കാഞ്ഞിരപ്പുഴയിലെ കുത്തൊഴുക്കിൽവീണ് ഒഴുകിപ്പോയ ആനക്കുട്ടി കരപറ്റി. 2 മാസമായ കുട്ടിക്കൊമ്പൻ വനപാലകരുടെ ലാളന ഏറ്റുവാങ്ങി കഴിയുകയാണിപ്പോൾ. പന്തീരായിരം ഏക്കർ വനത്തിൽനിന്ന് ആനക്കൂട്ടത്തോടൊപ്പം പുഴ കടക്കുമ്പോൾ ഒഴുക്കിൽപെട്ടതാണെന്നാണു  കരുതുന്നത്. ഇന്നലെ രാവിലെ 9ന് ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതി പ്രദേശത്ത് റോഡിൽ തോട്ടം തൊഴിലാളി സി.ടി.ഷബീറലിയാണ് ആനക്കുട്ടിയെ ആദ്യം കണ്ടത്.

ശബ്ദം ഉണ്ടാക്കി വിളിച്ചപ്പോൾ ഇണക്കം കാണിച്ച് അടുത്തേക്കു വന്നു. കാഴ്ചക്കാർ കൂടിയതോടെ ഭയന്ന് വൈദ്യുത പദ്ധതിയുടെ തടയണ ഭാഗത്തേക്ക് റോഡിലൂടെ ഓട്ടം തുടങ്ങി. പവർ ഹൗസിലേക്കു വെള്ളം എത്തിക്കുന്ന തുരങ്ക കവാടത്തിനു സമീപം ചെളിയിൽ വീണു. തുടർന്നു തുരങ്കത്തിലേക്ക് കടന്നു. നാട്ടുകാർ ഒപ്പം എത്തി പുറത്തെത്തിച്ച് വൈദ്യുതത്തൂണിൽ കെട്ടിയിട്ടു. 

വിവരം അറിഞ്ഞ് സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ വി. ജോസ്മോന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പുഴ സ്റ്റേഷൻ ജീവനക്കാരെത്തി. വാഹനത്തിൽ കയറ്റി സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. വെറ്ററിനറി സർജൻ എത്തി പരിശോധിച്ചു. പരുക്കുകളൊന്നുമില്ല. ബേബി ഫുഡും ഗ്ലൂക്കോസും ചേർത്ത പാനീയം കൊടുത്തത് വേണ്ടത്ര കുടിക്കുന്നുണ്ട്. സാഹചര്യം അനുകൂലമായാൽ രാത്രി ആനക്കൂട്ടത്തെ കണ്ടെത്തി ഒപ്പം വിടാനാണ് ശ്രമമെന്ന് അധികൃതർ പറഞ്ഞു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama