go

പായസ വിപണിക്ക് ഇരട്ടിമധുരം

Malappuram News
SHARE

മലപ്പുറം ∙ ഓണക്കാലമായതോടെ പായസത്തിന്റെ മണമാണ് നാടിനും നഗരത്തിനും. പായസത്തിലെ ‘പ’ വച്ചു തുടങ്ങുന്നതുകൊണ്ടു മാത്രമല്ല, പപ്പടത്തിലെ ‘പ’ വച്ചൊരു പിടിപിടിക്കാൻ ബെസ്റ്റ് ആയതുകൊണ്ടു കൂടി, പാലടയും പരിപ്പുപായസവുമാണ് താരങ്ങൾ. പഴപ്പായസമാണ് ആരാധകരുടെ കാര്യത്തിൽ മൂന്നാംസ്ഥാനത്ത്. കഠിനപായസം മുതൽ സ്ട്രോബറി പായസം വരെ നീളുന്ന മധുരമൂറുന്ന നിര തന്നെ പായസത്തിലുണ്ട്. പക്ഷേ, കുറുകിയ പാലിൽ അടയും മധുരവും കൂടി വെന്ത്, ചെമ്പകപ്പൂവിന്റെ നിറത്തിൽ പാലടയങ്ങോട്ടു പൂത്തുനിന്നാലുണ്ടല്ലോ, പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല പായസപ്രേമികൾക്ക്. 

പാലട തന്നെ  പ്രഥമൻ

പാചകത്തിൽ മിടുക്കരായ വീട്ടുകാരും കുടുംബശ്രീ യൂണിറ്റുകൾ ഉൾപ്പെടെയുള്ള കൂട്ടായ്മകളും തുടങ്ങി, പഞ്ചനക്ഷത്ര ഹോട്ടലുകൾ വരെ ഓർഡർ അനുസരിച്ച് പായസം തയാറാക്കിക്കൊടുക്കുന്നുണ്ട്. ഓണാഘോഷത്തിനു മാത്രമല്ല, പൊതുവായ സദ്യകൾക്കും പാലടയ്ക്കാണു പ്രിയം. സ്ഥാപനങ്ങളിലെയും സംഘടനകളുടെയും ഓണാഘോഷത്തിന് പാലട കാത്തിരിക്കുന്നവർ ഏറെയാണ്. പരിപ്പുപായസവും എല്ലാകാലത്തെയും വിഭവമാണ്. പഴപ്പായസം പക്ഷേ, ഉത്രാടം, തിരുവോണനാളുകളിലെ സ്പെഷൽ ആണ്. ലീറ്റർ കണക്കിനും ആൾക്കണക്കിനും പായസം നൽകുന്നവരുണ്ട്.

150 മില്ലി ഒരാൾക്ക്, 6 ലീറ്റർ 40 പേർക്ക്, 15 ലീറ്റർ 100 പേർക്ക് എന്നിങ്ങനെയാണ് പായസം വയ്പുകാരുടെ കണക്ക്. പ്രധാനപായസങ്ങൾക്ക് ശരാശരി വില ഇങ്ങനെ; പാലട 170 രൂപ, പരിപ്പ് 160, പഴം 200, പഞ്ചസാരപ്പായസം 160, ഇളനീർ 200, സേമിയ 120 രൂപ. പഴം, ഇളനീർ പായസങ്ങൾക്ക് ചെലവും അധ്വാനവും കൂടുതലായതിനാൽ വിലയും കൂടും. ഉയർന്ന അളവിൽ സേമിയ വയ്ക്കുന്നതും അധ്വാനമുള്ള പണിയാണെങ്കിലും പ്രധാനചേരുവയ്ക്ക് വില കുറവായതിനാൽ പായസത്തിനും വില അൽപം കുറവാണ്. അതുകൊണ്ട് വലിയ ഓർഡറുകൾ മാത്രമേ പലരും എടുക്കാറുള്ളൂ. 

15 മിനിറ്റ്, പായസം റെഡി

‘ചതുശ്ശതം’ തത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് പായസം വയ്പിലെ ചേരുവകളുടെ അനുപാതം മലയാളികൾ കൈമാറിപ്പോരുന്നതെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന മലപ്പുറം സ്വദേശി പ്രമീള സായി പറയുന്നു. ഏഴു മണിക്കൂർ തിളപ്പിച്ച്, അഞ്ചാറുമണിക്കൂർ വീണ്ടും കുറുക്കിയുണ്ടാക്കുന്ന പാലടയും മൂന്നുദിവസമെടുത്ത് ഉണ്ടാക്കുന്ന പഴപ്പായസവുമൊക്കെ വലിയ ഓർഡറുകളുടെ കാര്യമാണെങ്കിൽ, ചെറിയ കുടുംബങ്ങൾക്ക് ഇപ്പോൾ പായസം മിക്സുകൾ ലഭ്യമാണ്. പാൽ ചേർത്തോ, ചേർക്കാതെയോ തിളപ്പിച്ചെടുക്കാൻ 15 മിനിറ്റേ വേണ്ടൂ.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama