go

സ്ത്രീകളുടെ മാത്രം പൊന്നോണം

Malappuram News
ഓണപ്പൂക്കളത്തിനു മുൻപിൽ ഈശ്വരമംഗലം കുണ്ടിൽവളപ്പിൽ തങ്ക.
SHARE

പൊന്നാനി ∙ ‘ സ്ത്രീകളുടെ പൊന്നോണം’ അങ്ങനെയൊന്നുണ്ടായിരുന്നു പൊന്നാനിയിൽ. അത്തം പത്തിനു തുടങ്ങുന്ന ഒരു ഒന്നൊന്നര ഓണമായിരുന്നു അത്. തിരുവോണം മുതൽ പൂരുരുട്ടാതി വരെ 4 ദിവസങ്ങളിലായി സ്ത്രീകൾ ആർത്തുല്ലസിക്കുന്ന പൊന്നോണം. തുമ്പിതുള്ളലും ഓണപ്പാട്ടും ചുട്ടിക്കളിയുമൊക്കെയായി  ഓണക്കോടി വിയർത്തുകുളിച്ച് മനസ്സു നിറയും വരെ ആർത്തു ചിരിച്ച് ഈശ്വരമംഗലത്തെ സ്ത്രീകൾ ആഘോഷിച്ചിരുന്ന ഓണക്കാലമായിരുന്നു ഇത്.  ഭാരതപ്പുഴയോരത്ത് കുണ്ടിൽ വളപ്പിൽ തങ്കത്തിന്റെ വീട്ടിലായിരുന്നു ഓണാഘോഷത്തിനായി സ്ത്രീകൾ ഒത്തുകൂടിയിരുന്നത്. എഴുപത്തിയെട്ടു പിന്നിട്ടെങ്കിലും മതിമറന്ന ആ ഓണക്കാലം ഇന്നും നിറമുള്ള ഓർമയായി മനസ്സിലുണ്ട്.  സ്ത്രീകളുടെ ഓണക്കളിക്ക് നേതൃത്വം നൽകിയിരുന്ന തങ്കം ഓണപ്പാട്ടോടെ പറഞ്ഞുതുടങ്ങുകയാണ്...

‘മാവേലി നിന്റെ വരവു മൂലം
പാവങ്ങൾ ഞങ്ങൾ കഷ്ടത്തിലായി.
ഉപ്പേരി, പപ്പടം തിന്നുതീർന്നിട്ടുള്ളൊരു
രുചിയും പറപറന്നു.
നേന്ത്രപ്പഴത്തോട് മല്ലടിച്ചു, കോന്ത്രമ്പല്ലൊക്കെ തകർന്നു പോയി. 

ആണുങ്ങളെല്ലാം കാഴ്ചക്കാരാണ്. ഭാരതപ്പുഴയോരത്തെ പെണ്ണുങ്ങളെല്ലാം കളിക്കളത്തിലും. തുമ്പിതുള്ളൽ, ഓണപ്പാട്ട്, കുടം ഊത്ത്, ചൊണങ്ങ് കളി, ചുട്ടിക്കളി അങ്ങനെ പറഞ്ഞാൽ തീരാത്തത്ര രസകരമായ കളികൾ.  തിരുവോണം ഉച്ചതിരിയുമ്പോഴേക്കും കളിക്കളമൊരുങ്ങും. വീട്ടുമുറ്റത്ത് കളിക്കാരെയും കാഴ്ചക്കാരെയും കൊണ്ട് നിറഞ്ഞിട്ടുണ്ടാകും. ആർപ്പുവിളികളും പൊട്ടിച്ചിരികളും പുഴയുടെ അങ്ങേക്കരയിലുള്ളവർക്കു വരെ കേൾക്കാം. വിളക്കു കൊളുത്തും വരെ കളി തുടരും. ഓരോ ദിവസവും കാഴ്ചക്കാരും കളിക്കാരും കൂടി വരും. കേട്ടറിയുന്നവരെല്ലാം പിറ്റേദിവസം മുതൽ ഉച്ചയൂണ് കഴിഞ്ഞാൽ നേരെ വീട്ടുമുറ്റത്തേക്ക് ഓടിയെത്തും. പൂരുരുട്ടാതി നാൾ വരെ അങ്ങനെ ഓണം ആഘോഷിച്ചു തീർക്കും. 

മാമണിച്ചെക്കന് പെണ്ണുണ്ടോ..

 വധുവിന്റെയും വരന്റെയും ബന്ധുക്കാരായി ചമഞ്ഞ് പെണ്ണുങ്ങൾ 2 ടീമുകളായി മാമണിച്ചെക്കന് പെണ്ണുചോദിച്ചിറങ്ങുന്ന കളിയുണ്ട്. ഒരുപാട്ട് രൂപത്തിലാണ് മത്സരം. ആദ്യമൊക്കെ മാന്യമായി പെണ്ണുചോദിക്കുകയും അവസാനം ബലപരീക്ഷണത്തിലൂടെ പെണ്ണിനെ തട്ടിയെടുത്തു പോവുകയും ചെയ്യുന്നതാണ് കളി. 

തുമ്പിതുള്ളൽ

തുളസിപ്പൂവ് കയ്യിൽ പിടിച്ച് തലയിൽ മുണ്ടിട്ട് ഒരു പെണ്ണിനെ നടുക്ക് ഇരുത്തി ചുറ്റും മറ്റുള്ളവർ നിർത്താതെ പാടും: 

‘ഒന്നാമൻ പാക്കഴുങ്ങേ..
ഇണപിരിഞ്ഞാട്ണ പാക്കഴുങ്ങേ..
പാക്കഴുങ്ങിൻ തല പൂത്തേൽ
പിന്നെ മറ്റൊരു പൂവും ചൂടിയവളല്ല’

പാട്ടിന്റെ വേഗം കൂടുന്നതോടെ നടുക്ക് ഇരിക്കുന്നവൾ തുള്ളാൻ തുടങ്ങും..തുള്ളിത്തുള്ളി..മുടിയിട്ടാട്ടി തുള്ളും..പിന്നെ തുള്ളൽ നിർത്താനുള്ള പാട്ടുതുടങ്ങും. ഇത് ഓണക്കാലത്തെ രസകരമായ പരിപാടിയായിരുന്നു. 

കുടം ഊത്ത് 

മൺകുടം മുഖത്തോട് ചേർത്തുപിടിച്ച് പ്രത്യേക ചുവടുവച്ചുകൊണ്ട് ഊതി നടക്കുന്ന മത്സരമായിരുന്നു കുടം ഊത്ത്. കാലിന്റെ ചെറുവിരൽ കുനിഞ്ഞിരുന്ന് പിടിച്ച് ചാടി വര ചവിട്ടുന്ന മത്സരമായിരുന്നു ചൊണങ്ങ് കളി. 2 മക്കളുടെ  അപ്രതീക്ഷിത മരണത്തോടെ വർഷങ്ങൾക്കു മുൻപേ ഓണക്കളികളെല്ലാം തങ്കയുടെ വീട്ടിൽ ഇല്ലാതായി. പിന്നെയും ചില വീടുകളിൽ തുടർന്നിരുന്നെങ്കിലും ഇപ്പോൾ പൂർണമായി നിലച്ചിരിക്കുകയാണ്. പെണ്ണോണം ഒന്നുകൂടി വന്നിരുന്നെങ്കിലെന്ന് പുതിയ തലമുറ കൊതിച്ചു തുടങ്ങിയിരിക്കുന്നു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama