go

ഒരു പ്രദേശം മുഴുവൻ ഇല്ലാതാക്കി; പാലങ്ങൾ പപ്പടം പോലെ പൊട്ടി, കൊലയാറായതിങ്ങനെ....

Malappuram News
പ്രളയകാലത്തെ ചാലിയാർപ്പുഴ. എടവണ്ണയിൽ നിന്നുള്ള ദൃശ്യം.
SHARE

ഐഎൻഎസ് നീലഗിരി എന്നു പേരിട്ട യുദ്ധക്കപ്പൽ ഇന്ത്യൻ നാവിക സേനയ്ക്കു സ്വന്തമായത് സെപ്റ്റംബർ 28ന് ആണ്. അതിന് ഒന്നരമാസം മുൻപ് യഥാർഥ നീലഗിരിക്കു താഴെ നിലമ്പൂരിലെ സാഹചര്യവും ഏതാണ്ട് യുദ്ധസമാനമായിരുന്നു. വേണമെങ്കിൽ ഒരു യുദ്ധക്കപ്പൽ ഓടിക്കാനുള്ള വെള്ളം നഗരത്തിലെ റോഡുകളിൽ തന്നെയുണ്ടായിരുന്നു!

ജില്ലയുടെ മലയോര മേഖലയെ വിറപ്പിച്ച് ചാലിയാർ കൊലയാറായി ഒഴുകിയത് അന്നാണ്. കൃത്യം തീയതി പറഞ്ഞാൽ ഓഗസ്റ്റ് 8. തടയണകളെല്ലാം കാഴ്ചക്കാരായി. പാലങ്ങൾ ഒലിച്ചുപോയി. പതിനായിരങ്ങൾ വീടും സമ്പാദ്യവുമില്ലാത്തവരായി. ഒരൊറ്റ ഫ്ലാഷിൽ ഒരു വലിയ പ്രദേശത്തെ മുഴുവൻ ചാലിയാർ ഇല്ലാതാക്കിയത് എങ്ങനെയെന്നറിയാൻ ആ ഫ്ലാഷ് ബാക്ക് കണ്ടേ പറ്റൂ. 

Malappuram News
2018 ഓഗസ്റ്റ് 16ന് കൂമ്പാരമേഘങ്ങളില്ലാത്ത ആകാശവും 2019 ഓഗസ്റ്റ് 8ന് കൂമ്പാരമേഘങ്ങളുടെ സാന്നിധ്യവും (വൃത്തത്തിൽ)കാണിക്കുന്ന ഉപഗ്രഹചിത്രം. കടപ്പാട്: ഡോ.എസ്. അഭിലാഷ് (അസോഷ്യേറ്റ് ഡയറക്ടർ‌, റഡാർ സെന്റർ, കുസാറ്റ് )

ആകാശത്തെ അണപൊട്ടി 

മൺസൂൺ സീസണിൽ മേഘ സ്ഫോടനങ്ങൾ ഉണ്ടാകാറില്ല. 2018 ലെ വലിയ പ്രളയകാലത്തും ഉണ്ടായിരുന്നില്ല. പക്ഷേ, ഇത്തവണ ഉണ്ടായി. അതും നീലഗിരിയും വയനാടും കോഴിക്കോടും നിലമ്പൂരും ഉൾപ്പെടുന്ന പശ്ചിമഘട്ട മേഖലയിൽ. അതായത് ചാലിയാറിന്റെ വൃഷ്ടി പ്രദേശത്ത്.കൂമ്പാരമേഘങ്ങൾ (ക്യുമിലോ നിംബസ്) എന്നറിയപ്പെടുന്ന മേഘസഞ്ചയമാണ് മേഘസ്ഫോടനങ്ങൾക്കു കാരണമാകുന്നത്.

കിലോമീറ്ററുകൾ മുകളിൽ കൂനപോലെ രൂപപ്പെടുന്ന കൂമ്പാരമേഘങ്ങൾ   അണപൊട്ടിയതുപോലെ മഴ പെയ്യിക്കുന്നവയാണ്. 2018 ൽനിന്നു വ്യത്യസ്തമായി വ്യാപകമായ ഉരുൾപൊട്ടലുകൾ ഇത്തവണയുണ്ടായതിനു കാരണവും ഇതാണ്. നീലഗിരി മേഖലയിൽ മാത്രം 140 ൽ അധികം ഉരുൾപൊട്ടലുകൾ ഈ കാലഘട്ടത്തിൽ ഉണ്ടായി. നിലമ്പൂരിലെ ഉരുൾപൊട്ടലുകൾക്കു പിന്നിലും ഇതേ കാരണം തന്നെ.

തീവ്ര മഴ; ചാലിയാർ രൂപം മാറുന്നു

70 മില്ലി മീറ്ററിൽ കൂടുതൽ പെയ്താൽ അതിനെ തീവ്ര മഴയായാണു കണക്കാക്കുക.ഓഗസ്റ്റ് 8ന് നിലമ്പൂരിൽ രേഖപ്പെടുത്തിയത് 106 മില്ലീമീറ്റർ. ചാലിയാർ ഉദ്ഭവിക്കുന്ന ഗൂഡല്ലൂരിൽ ഇത് 241. വയനാട്ടിൽ 251 മില്ലി മീറ്റർ. ചാലിയാറിനെ ലക്ഷ്യമിട്ടു  പെയ്തതുപോലെ തോന്നും മഴയുടെ രീതികണ്ടാൽ. 

ഓഗസ്റ്റ് 6 മുതൽ 10 വരെയുള്ള 5 ദിവസം കൊണ്ട് 559 മില്ലിമീറ്റർ മഴ നിലമ്പൂരിൽ പെയ്തു.ഓഗസ്റ്റ് മാസത്തിൽ ആകെ പെയ്ത മഴ (2,370 മില്ലീമീറ്റർ)യുടെ നാലിലൊന്ന് ഈ 5 ദിവസം കൊണ്ടു പെയ്താൽ ചാലിയാർ കരകവിയാതെ പിന്നെന്തു ചെയ്യും?രസകരമായ മറ്റൊരു കാര്യം ഇതാണ്: എട്ടാം തീയതിയല്ല, ഒൻപതിനും പത്തിനുമാണ് നിലമ്പൂരിൽ ഏറ്റവും കൂടുതൽ മഴ പെയ്തത്. പക്ഷേ, അപകടം കൂടുതൽ ഉണ്ടായത് എട്ടിനും. 

അതെന്തുകൊണ്ടെന്ന ചോദ്യത്തിന് വിദഗ്ധർ പറഞ്ഞ ഉത്തരം ഇതാണ്. ആദ്യ ദിനം തന്നെ തടസ്സങ്ങളെയെല്ലാം മുറിച്ചുമാറ്റി, കയ്യേറ്റങ്ങളെയെല്ലാം തിരിച്ചുപിടിച്ച്, ഒഴുകാനുള്ള വഴി പുഴ സ്വയം സൃഷ്ടിച്ചു കഴിഞ്ഞിരുന്നു.

ചാലിയാർ പുഴ 

കേരളത്തിലെ നദികളിൽ നീളത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള നദിയാണ് ചാലിയാർ. 169 കിലോ മീറ്റർ. കടലിനോട് അടുക്കുന്ന സമയത്ത് ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു.  നീലഗിരി ജില്ലയിലുള്ള ഇളമ്പാരി  മലകളിൽനിന്ന് ഉദ്ഭവിക്കുന്ന പുഴ കൂടുതലായും മലപ്പുറം ജില്ലയിലൂടെയാണ് ഒഴുകുന്നത്. 

പുന്നപ്പുഴ, പാണ്ടിയാറ്, കരിമ്പുഴ, ഇരവഞ്ഞിപ്പുഴ, ചെറുപുഴ, കുറുവമ്പുഴ, എന്നിവയാണ് പ്രധാന പോഷകനദികൾ. നിലമ്പൂർ, എടവണ്ണ, അരീക്കോട്, കീഴുപറമ്പ്, വാഴക്കാട്, മാവൂർ, ഫറോക്ക് എന്നിവയാണ് പുഴയോരത്തുള്ള പ്രധാന പട്ടണങ്ങൾ.

പെയ്തത് ഇടുക്കി അണക്കെട്ടിന്റെ മൂന്നിലൊന്നു വെള്ളം

ഇന്ത്യൻ കാലാവസ്ഥാ കേന്ദ്ര (ഐഎംഡി)ത്തിന്റെ കണക്കു പ്രകാരം ഓഗസ്റ്റ് 6 മുതൽ 10 വരെയുള്ള അഞ്ചു ദിവസം നിലമ്പൂർ മേഖലയിൽ പെയ്തത് 56 (559 മില്ലി മീറ്റർ) സെന്റീമീറ്റർ മഴ. 1343 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള നിലമ്പൂർ താലൂക്കിൽ മൊത്തമായി ഈ മഴ പെയ്തു എന്നു കരുതിയാൽ 75, 073 കോടി ലീറ്റർ (26.51 ടിഎംസി) വെള്ളമാണ് താഴേക്കെത്തുക. ഇടുക്കി അണക്കെട്ടിന്റെ ആകെ സംഭരണ ശേഷി 70 ടിംഎംസി ആണ്. 

Malappuram News
തയാറാക്കിയത്: സജേഷ് കരണാട്ടുകര, ജിതിൻ ജോസ് ചിത്രങ്ങൾ: സമീർ എ.ഹമീദ്, പി.എൻ.ശ്രീവത്സൻ

അതായത് ഇടുക്കി അണക്കെട്ടിന്റെ മൂന്നിലൊന്നിലധികം ഭാഗം  നിറയ്ക്കാനുള്ള വെള്ളം ഈ 5 ദിവസം കൊണ്ട് നമ്മുടെ കൺമുൻപിലൂടെ ഒഴുകിപ്പോയി. നിലമ്പൂർ ഉൾപ്പെടെ ജില്ലയിൽ ആകെ 7 ഒബ്സർവേറ്ററികളാണ് ഐഎംഡിക്ക് ഉള്ളത്.ഐഎംഡി കണക്കാക്കുന്നത്‌ വലിയൊരു പ്രദേശത്തിന്റെ മഴക്കണക്കാണെന്നർഥം. അതിൽ നിലമ്പൂർ താലൂക്കെന്നത് വളരെ ചെറിയൊരു പ്രദേശമാണ്. 

ഇവിടത്തന്നെ ഇത്രയും മഴ പെയ്തെങ്കിൽ ബാക്കി സ്ഥലം കൂടി ഉൾപ്പെടുത്തിയാൽ അഞ്ചാറ് ഇടുക്കി അണക്കെട്ടെങ്കിലും വേണ്ടി വന്നേനെ. പെയ്യുന്ന മഴയെല്ലാം ഒഴുക്കായെങ്കിൽ എല്ലാ വർഷകാലത്തും കേരളത്തിൽ പ്രളയമുണ്ടായേനേ. മണ്ണിന്റെ ആഗിരണശേഷിയാണ് ഇവിടെ നമ്മെ രക്ഷിക്കുന്നത്. 

24 മണിക്കൂർ; ഇരട്ടി ആഴം 

Malappuram News
പ്രളയകാലത്തെ ചാലിയാർപ്പുഴ. എടവണ്ണയിൽ നിന്നുള്ള ദൃശ്യം.

വെറും 24 മണിക്കൂർ കൊണ്ടാണ് ചാലിയാറിലെ ജലനിരപ്പ് ഇരട്ടിയിലധികമായത്. ഓഗസ്റ്റ് 7ന് 5.7 മീറ്റർ ആയിരുന്നു ജലനിരപ്പ്. 8ന് ഇത് 10.25 മീറ്ററിലെത്തി. ശരിക്കു പറഞ്ഞാൽ മിന്നൽ പ്രളയം. ഒൻപതാം തീയതിയായിരുന്നു ചാലിയാറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജലനിരപ്പ് രേഖപ്പെടുത്തിയത് – 12.04 മീറ്റർ. ഒരു മൂന്നുനില ഷോപ്പിങ് കോംപ്ലക്സിനെ പുഴയിലേക്ക് ഇറക്കി വച്ചാൽ അങ്ങനൊന്നുണ്ടെന്നു തന്നെ മനസ്സിലാകാത്തത്ര വെള്ളം.

പക്ഷേ, ചാലിയാറിലെ ജലനിരപ്പിനെക്കാൾ പ്രശ്നം സൃഷ്ടിച്ചത് ഉരുൾപൊട്ടലുകളായിരുന്നു. ആന പിടിച്ചാൽ അനങ്ങാത്ത കൂറ്റൻ മരങ്ങളെയും കൊണ്ടാണ് ചാലിയാർ മലയിറങ്ങി വന്നത്. പാലങ്ങൾ പപ്പടം പോലെ പൊട്ടി. മുളങ്കൂട്ടങ്ങളും മരത്തടികളും വന്നടിഞ്ഞ് തടയണകൾ ഡാമുകളായി മാറി. ഇതുവരെ വെള്ളം കയറാത്ത സ്ഥലങ്ങൾ പോലും വെള്ളത്തിനടിയിലാവുകയായിരുന്നു ഫലം. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama