go

രണ്ടു ഡാമുകൾക്കിടയിൽപെട്ട നഗരം;ഇരച്ചെത്തിയ ഇരട്ടി വെള്ളം

malappuram-between-two-dams
(1) കെഎസ്ഇബിയിൽനിന്നു ലഭ്യമായ വിവരമനുസരിച്ച് (2) 2006 ലെ നിലമ്പൂർ നഗരത്തിന്റെ ഗൂഗിൾ എർത്ത് ചിത്രമാണ് ആദ്യത്തേത്. 2019 ലെ ചിത്രമാണ് രണ്ടാമത്തേത്. 2006 ൽ ഉണ്ടായിരുന്ന പച്ചപ്പും തണ്ണീർത്തടങ്ങളും 2019 ൽ എത്തുമ്പോൾ ഇല്ലാതായതായി കാണാം. (3) നിലമ്പൂർ ജനതപ്പടി പ്രളയകാലത്ത് (4) നിലമ്പൂർ ജനതപ്പടി ഇപ്പോൾ
SHARE

മലപ്പുറം∙ ഡാമുകളില്ലാത്ത പുഴയാണ് ചാലിയാർ. പക്ഷേ, പ്രളയം സംഭവിച്ച ഓഗസ്റ്റ് 8ന് ചാലിയാറിലെ രണ്ടു ഡാമുകൾക്കിടയിൽപെട്ട നഗരമായിരുന്നു നിലമ്പൂർ!. ഒഴുകിയെത്തിയ മുളങ്കൂട്ടങ്ങളും മരത്തടികളും അടിഞ്ഞതോടെ ഡാമായി മാറിയ കൈപ്പിനിപ്പാലമായിരുന്നു നിലമ്പൂരിനു മുകളിൽ. അതേ അവസ്ഥയിലുള്ള ഓടായിക്കൽ റഗുലേറ്ററായിരുന്നു നിലമ്പൂരിനു താഴെ. കൈപ്പിനിപ്പാലം പൊട്ടുന്നു. ഇരച്ചെത്തിയ ഇരട്ടി വെള്ളത്തെ മാമ്പാട്ടുള്ള ഓടായിക്കൽ റഗുലേറ്റർ തടഞ്ഞതോടെ ചാലിയാർ തിരിച്ചേന്തുന്ന അവസ്ഥയുണ്ടായി. ഇതു നിലമ്പൂർ നഗരത്തിലെ വെള്ളപ്പൊക്കത്തെ രൂക്ഷമാക്കി.

വലിയതോട്  പേരിൽ മാത്രം!

ചാലിയാറിലേക്കു പ്രവേശിക്കുന്ന പല തോടുകൾക്കും പേര് വലിയ തോടെന്നാണ്. വലുപ്പം കണ്ട് കാരണവന്മാർ ഇട്ടതാണ്. എടവണ്ണയിലുണ്ട്, നിലമ്പൂർ നഗരത്തിലുമുണ്ട് ഓരോ വലിയതോട്. എന്നാൽ ഇന്നു നേരിൽക്കണ്ടാൽ ഇവയെ ചെറിയതോടെന്നു പോലും വിളിക്കാനാകില്ല. കയ്യേറ്റം അത്ര വ്യാപകമാണ്. എടവണ്ണയിലെ വലിയതോടിന് 18 മീറ്ററോളം വീതിയുണ്ടെന്നാണ് രേഖകളിൽ, രേഖകളിൽ മാത്രം!. 

mlp-nilabur-town
1-നിലമ്പൂർ നഗരത്തിനു സമീപം ‘റ’ ആകൃതിയിൽ‌ വളഞ്ഞൊഴുകുന്ന ചാലിയാറിന്റെ ഗൂഗിൾ എർത്ത് ദൃശ്യം. 2-വെള്ള പൊക്കം.... പ്രളയജലത്തിൽ ഒഴുകിവന്ന കസേര ജനതപ്പടി ഹൈസ്കൂൾ റോഡിലെ വൈദ്യുതി ലൈനിൽ തങ്ങിനിൽക്കുന്നു.

തോട് കയ്യേറി മൈതാനം പോലുമുണ്ടായിട്ടും ഇതുവരെ നടപടികളൊന്നും ഈ വഴി വന്നിട്ടില്ല. നിലമ്പൂരിലെ വലിയ തോട്ടിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ നടപടി തുടങ്ങിയെങ്കിലും പാതിവഴിയിൽ നിന്നു. നിലമ്പൂർ നഗരത്തിലുള്ള മറ്റു തോടുകളിലും സ്ഥിതി വ്യത്യസ്തമല്ല. മുതീരിത്തോട്, ജനതപ്പടി– പൊട്ടിപ്പാറത്തോട്, വെളിയം തോട് എന്നിങ്ങനെയുള്ളവയെല്ലാം കയ്യേറ്റം കൊണ്ടു തീരെ മെലിഞ്ഞിരിക്കുന്നു. വരുംനാളുകളിൽ വെള്ളപ്പൊക്കം ഒഴിവാക്കണമെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ ആദ്യം ചെയ്യേണ്ടത് കയ്യേറ്റം ഒഴിപ്പിച്ച് തോടുകളെ തിരിച്ചെടുക്കുക എന്നതാണ്. സർവേ നടത്തി തോടിനെ തോടായിത്തന്നെ അടയാളപ്പെടുത്തണം.

കെട്ടിടാവശിഷ്ടം   തട്ടാനുള്ള സ്ഥലം

പേരിൽത്തന്നെ തോടുള്ള പ്രദേശമാണ് നിലമ്പൂരിലെ വെളിയംതോട്. ഇത് ശരിക്കും ഒരു തണ്ണീർത്തട മേഖലയാണ്. പക്ഷേ, ഇന്ന് ഏറ്റവും കൂടുതൽ നികത്തൽ നടക്കുന്ന സ്ഥലവും ഇതു തന്നെ. അടുത്ത കാലത്ത് നാട്ടിലെ ഒരു പ്രമുഖ നിർമാണക്കമ്പനി കെട്ടിടാവശിഷ്ടം കൊണ്ടു വയലിൽ തട്ടിയ അവസ്ഥ വരെയുണ്ടായി. 

നിലമ്പൂരിന്റെ സ്ഥാനവും പ്രശ്നം

നിലമ്പൂർ ടൗണിനോട് ചേർന്ന് ‘റ’ രൂപത്തിലാണ് ചാലിയാർ ഒഴുകുന്നത്. ഉൾക്കൊള്ളാനാവുന്നതിലധികം വെള്ളം അതിവേഗത്തിലെത്തുമ്പോൾ വളവു തിരിയാൻ നിൽക്കാതെ നദി കരകയറും. അതിവേഗത്തിൽ വളവിലെത്തുന്ന വാഹനം നിയന്ത്രണം വിടുന്ന പോലെ തന്നെ. നിലവിൽ വളവിനോടു ചേർന്നുള്ള ഈ കരഭാഗം വളരെ ഉയരമുള്ള പ്രദേശമാണ്.

അതുകൊണ്ടാണ് വളഞ്ഞു പോകാൻ പുഴ നിർബന്ധിതയാകുന്നത്. കുന്നിടിക്കലും നിലം നികത്തലും ഈ പ്രദേശത്തു തുടർന്നാൽ വളഞ്ഞു പോകാൻ നിൽക്കാതെ പുഴ എളുപ്പ വഴി തിരഞ്ഞെടുക്കും. അത് വലിയ വിപത്തിലേക്കായിരിക്കും നമ്മെ കൊണ്ടുചെന്നെത്തിക്കുക.– ഡോ. കെ.എസ്. അനൂപ്ദാസ് (അസി. പ്രഫസർ, സെന്റർ ഫോർ കൺസർവേഷൻ ഇക്കോളജി, മമ്പാട് എംഇഎസ് കോളജ് )

കോൺക്രീറ്റ് കാടിൽ വെള്ളമെവിടെപ്പോകും

നിലമ്പൂർ ടൗണിനെ വെള്ളത്തിലാക്കിയതിന് ഉത്തരവാദി ചാലിയാർ മാത്രമല്ല. അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങൾ കൂടിയാണ്. മുകളിൽ കാണിച്ചിരിക്കുന്ന ചിത്രങ്ങൾ തന്നെയാണ് അതിനു തെളിവ്. റോഡുകളും കെട്ടിടങ്ങളും പൂട്ടുകട്ട വിരിച്ച അവയുടെ മുറ്റങ്ങളും കരയെ വിഴുങ്ങിയപ്പോൾ മഴവെള്ളത്തിന് ആഴ്ന്നിറങ്ങാൻ മണ്ണില്ലാതായി. കഴിഞ്ഞ 13 വർഷത്തിനുള്ളിൽ നിലമ്പൂരിലെ 50 ശതമാനത്തിലേറെ തണ്ണീർത്തടങ്ങൾ‌ നികത്തപ്പെട്ടു കഴിഞ്ഞു.

സ്വകാര്യ വ്യക്തികൾ മാത്രമല്ല, നഗരസഭ തന്നെയും തണ്ണീർത്തടങ്ങൾ നികത്തുന്നതിൽ വല്ലാത്തൊരു ഊർജസ്വലതയാണു കാണിച്ചത്. ഏറ്റവും ചെറിയൊരു ഉദാഹരണം പറഞ്ഞാൽ, നിലവിൽ നിലമ്പൂരിലെ പുതിയ ബസ് സ്റ്റാൻഡ് നിൽക്കുന്ന സ്ഥലം ഒന്നാന്തരമൊരു വയലായിരുന്നു നേരത്തേ. സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങി നികത്തിയതാണെന്നും അതുകൊണ്ടു പ്രശ്നമില്ലെന്നും അധികൃതർ പറയുന്നു.

പക്ഷേ, പ്രധാനപ്പെട്ടൊരു കാര്യം ഇവർ മറന്നു. വെള്ളപ്പൊക്കത്തെ സർക്കാർ ഉത്തരവു കാട്ടി തടഞ്ഞുനിർത്താൻ ശേഷിയുള്ള തഹസിൽദാർമാരൊന്നും ഇന്നേ വരെ സർവീസിൽ പ്രവേശിച്ചിട്ടില്ല എന്ന കാര്യം. എന്തായാലും ഓഗസ്റ്റിലെ പ്രളയത്തിൽ പുതിയ ബസ് സ്റ്റാൻഡിൽ അരയ്ക്കൊപ്പം വെള്ളമുണ്ടായിരുന്നു.

 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama