go

മീനുണ്ടല്ലോ.. ഫ്രെഷ് അയലയുണ്ടല്ലോ.. വാ വാ മീനേ വാ.. പിടയ്ക്കുന്ന മത്തിയേ വാ..

മലപ്പുറം കോട്ടപ്പടി മത്സ്യ മാർക്കറ്റിൽ വിൽപനയ്ക്കെത്തിച്ച അയല.
SHARE

മലപ്പുറം ∙ വില കൂടിയ പച്ചക്കറി നമുക്കെന്തിനാ.., മീനുണ്ടല്ലോ.. ഫ്രെഷ് അയലയുണ്ടല്ലോ.. വാ വാ മീനേ വാ.. പിടയ്ക്കുന്ന മത്തിയേ വാ.. ഈണത്തിൽ ഇങ്ങനെയൊരു പാട്ടു കാച്ചാൻ പറ്റിയ അവസരമാണ് മീൻ കൊതിയൻമാർക്കിത്. കാറും കോളുമടങ്ങി മാനവും കടലും ശാന്തമായതോടെ പല തരം മീനുകളുടെ ഒഴുക്കാണ് മാർക്കറ്റിൽ. നിൽക്കാത്ത മഴയത്ത് റോക്കറ്റുപോലെ ഉയർന്ന വിലയൊക്കെ ഇപ്പോൾ ഒതുങ്ങി. മീൻ വരവ് കൂടിയെന്നു മാത്രമല്ല, നല്ല മീൻ കിട്ടാനുമുണ്ട്.

രാവിലെ ബേപ്പൂരിൽ നിന്നെത്തിയ നല്ല ഓമനത്തമുള്ള അയലയ്ക്ക് മലപ്പുറം മാർക്കറ്റിൽ 200 രൂപയാണ് വില. അയലയുടെ മൊഞ്ച് കണ്ടാൽ എപ്പോൾ കൊടുത്തു 200 എന്നു ചോദിച്ചാൽ മതിയല്ലോ. കടലിൽ പോകാൻ നിയന്ത്രണമുണ്ടായിരുന്ന ദിവസങ്ങളിൽ 200 രൂപവരെ ഉയർന്ന മത്തി വില പത്തി താഴ്ത്തി 120 ൽ എത്തി. വരത്തൻ മീനുകളെ ആശ്രയിക്കേണ്ട അവസ്ഥ ഇപ്പോൾ മലപ്പുറത്തില്ല. ബേപ്പൂരിൽനിന്നും ചാലിയത്തുനിന്നുമെല്ലാം മീനെത്തുന്നുണ്ട്. മത്തിക്കും അയലയ്ക്കും തന്നെയാണ് ഡിമാൻഡ് കൂടുതൽ.

120 രൂപയ്ക്ക് സാമാന്യം നല്ല ചെമ്മീൻ കിട്ടാനുണ്ട്. നെയ്മീൻ മുഴുവനായി വാങ്ങുമ്പോൾ 160. കഷണങ്ങളായി വാങ്ങുമ്പോൾ 200 രൂപ. മാന്തളിനു വില 120 ആണ്. പൊന്നാനി ഹാർബറിൽ മൊത്തക്കച്ചവടക്കാർ മത്തി 60 രൂപയ്ക്കും മാന്തൾ 70 രൂപയ്ക്കും അയല 80 രൂപയ്ക്കും ചെറിയ ചെമ്മീൻ 120 രൂപയ്ക്കുമാണ് വിൽക്കുന്നത്.വിലയിടിഞ്ഞെന്നു പറയാനില്ലെങ്കിലും പച്ചക്കറി വില ഉയർന്ന കാലത്ത് മലപ്പുറത്തെ ചട്ടികൾ മീനുകൾക്കായി തന്നെ കാത്തിരിക്കും. കോഴിക്കറി വയ്ക്കാമെന്നു വച്ചാൽ അവിടെയും വില മുകളിലേക്കാണ്. 160 രൂപയാണ് ഇപ്പോഴത്തെ വില. അടുത്ത ദിവസങ്ങളിലാണ് വില കൂടിയത്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama