go

കല്ലട ബസ് കാറിലിടിച്ചതിനെ തുടർന്നുണ്ടായ സംഘർഷം: ഒരാൾ അറസ്റ്റിൽ

malappuram-kallada-bus
എരവിമംഗലത്ത് തിങ്കളാഴ്‌ച രാത്രിയിൽ ബസ് കാറിലിടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെത്തുടർന്ന് ബസിന്റെ ചില്ല് കല്ലേറിൽ തകർന്ന നിലയിൽ.
SHARE

പെരിന്തൽമണ്ണ∙ കല്ലട ഗ്രൂപ്പിന്റെ കോൺട്രാക്‌ട് കാര്യേജ് ബസ് കാറിൽ ഇടിച്ചതുമായി ബന്ധപ്പെട്ട് എരവിമംഗലത്ത് ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. എരവിമംഗലം ഒലിങ്കര തോട്ടുംപുറത്ത് രതീഷ് ബാബു(32) വിനെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇയാളെ സംഭവസ്ഥലത്തുനിന്നു തന്നെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന 100 ആളുകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിനും സംഘം ചേർന്ന് ബസ് തടഞ്ഞതിനും വാഹനത്തിന് കേടുപാടുകൾ വരുത്തിയതിനുമാണ് കേസ്. എരവിമംഗലം ബാലവാടിപ്പടിയിൽ തിങ്കൾ രാത്രി ഏഴരയോടെയായിരുന്നു അപകടവും തുടർന്നുള്ള സംഘർഷവും. ബസ് ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതക്കാലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഒലിങ്കര സ്വദേശികളായിരുന്ന കാറിലുണ്ടായിരുന്ന 2 പേർക്ക് പരുക്കേറ്റു. ഇതെ തുടർന്നായിരുന്നു സംഘർഷം. 

ആളുകൾ സംഘടിച്ച് ബസ് തടഞ്ഞിട്ടതോടെ സിഐ വി.ബാബുരാജിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അനുനയ ശ്രമങ്ങൾ നടത്തി. എന്നാൽ സംഘർഷം കനത്തതോടെ കൂടുതൽ പൊലീസ് എത്തി മൂന്നു മണിക്കൂറിനു ശേഷം നാട്ടുകാരെ വിരട്ടിയോടിച്ച് ബസ് പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.  ബസിന്റെ ചില്ല് കല്ലേറിൽ തകർന്നിട്ടുണ്ട്. കോഴിക്കോട്ടു നിന്ന് പുതുച്ചേരി വഴി ചെന്നൈയിലേക്ക് പോവുകയായിരുന്ന ബസ് യാത്ര ഉപേക്ഷിച്ചതോടെ അർധരാത്രിയിൽ യാത്രക്കാർ നഗരത്തിൽ ബുദ്ധിമുട്ടി. ചിലർ യാത്ര ഉപേക്ഷിച്ച് പെരിന്തൽമണ്ണയിൽ തങ്ങി. കുറച്ചുപേർക്ക് മറ്റൊരു വാഹനത്തിൽ യാത്രയ്‌ക്ക് സൗകര്യം ഒരുക്കിയിരുന്നു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama