go

വീണ്ടും കുഴലിൽ ഇട്ടു; നിവർന്നില്ല !

alappuzha-street-dog-skech
SHARE

മലപ്പുറം ∙ തെരുവുനായ്ക്കളെ വന്ധ്യംകരിക്കാൻ ജില്ലാ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ പുനരാരംഭിച്ച എബിസി (ആനിമൽ ബർത്ത് കൺട്രോൾ) പദ്ധതി ഒറ്റ ദിവസംകൊണ്ട് പൂട്ടിക്കെട്ടി. ആകെ വന്ധ്യംകരിച്ചത് 7 നായ്ക്കളെ! പിടിച്ച നായ്ക്കളെ ചുങ്കത്തറയിലെ മൃഗാശുപത്രിയിൽ ശസ്ത്രക്രിയ നടത്താനായിരുന്നു ഉദ്ദേശ്യം. എന്നാൽ പ്രദേശവാസികൾ പ്രതിഷേധവുമായി സംഘടിച്ചതോടെ നായ്ക്കളുമായി മടങ്ങേണ്ടി വന്നു. നായ്ക്കളുടെ അവശിഷ്ടം തള്ളിയ മുൻ അനുഭവമുണ്ടെന്നും ശസ്ത്രക്രിയ അവിടെ നടത്തുന്നത് ശല്യമാകുമെന്നും ആരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പിന്നീട് തൃശൂർ ജില്ലയിലെ ചാവക്കാട്ട് എത്തിച്ചാണ് നായ്ക്കളെ വന്ധ്യംകരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് 3 ദിവസം പാർപ്പിച്ച ശേഷം പിടിച്ചയിടത്തു തന്നെ കൊണ്ടു വിട്ടു. ഇതോടെ കൊട്ടിഘോഷിച്ച് പുനരാരംഭിച്ച പദ്ധതി വീണ്ടും കട്ടപ്പുറത്തായി.

ഇനിയെന്ത്?

ശസ്ത്രക്രിയ നടത്താൻ ജില്ലയിൽത്തന്നെ സൗകര്യമൊരുക്കിയാൽ പദ്ധതിയുമായി മുന്നോട്ടു പോകാൻ കുടുംബശ്രീ തയാറാണ്. തെരുവുനായ്ക്കളെ പിടിക്കാൻ 16 പേരുടെ സംഘത്തിന് കുടുംബശ്രീ പരിശീലനം നൽകിയിരുന്നു. 8 പേരുടെ മറ്റൊരു സംഘം കൊണ്ടോട്ടിയിലും തയാറായിരുന്നു. ഇവർക്കു പ്രായോഗിക പരിശീലനം നൽകാൻ ഇടുക്കിയിലെ സംഘത്തെയും മലപ്പുറത്ത് എത്തിച്ചിരുന്നു. എല്ലാം വെറുതെയായി. 2100 രൂപയാണ് ഒരു നായയ്ക്ക് കുടുംബശ്രീക്ക് ലഭിക്കേണ്ടിയിരുന്നത്. പദ്ധതിയുടെ ഭാവി തീരുമാനിക്കാൻ ജില്ലാ പഞ്ചായത്തിന്റെയും കലക്ടറുടെയും ഇടപെടൽ അത്യാവശ്യമാണ്.

കോഴിക്കോട് കോർപറേഷൻ മാതൃക

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ തെരുവുനായ് വന്ധ്യംകരണ പദ്ധതി പരാജയമാണെങ്കിലും കോർപറേഷന് സ്വന്തമായി എബിസി ആശുപത്രിയുണ്ട്. എബിസിക്കു വേണ്ടി പൂളക്കടവ് എന്ന സ്ഥലത്തു തുടങ്ങിയ സ്ഥിരം സംവിധാനത്തിൽ 8 മാസത്തിനകം രണ്ടായിരത്തിലധികം നായ്ക്കളെ വന്ധ്യംകരിച്ചു കഴിഞ്ഞു. തുടർച്ചയായുള്ള പ്രക്രിയയായതിനാൽ അധികം വൈകാതെ നഗര പരിധിയിൽ ഫലം കണ്ടു തുടങ്ങും. പൂളക്കടവിൽ ആദ്യമുണ്ടായിരുന്ന പ്രതിഷേധങ്ങളെ സത്യാവസ്ഥ പറഞ്ഞ് രാഷ്ട്രീയ നേതൃത്വം അനുനയിപ്പിച്ച ശേഷമാണ് ആശുപത്രി നിർമിച്ചത്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama