go

രാത്രിയാത്ര തടഞ്ഞ് കുറ്റിപ്പുറം പാലം നവീകരണം തുടങ്ങി

നവീകരണത്തിനായി ഇന്നലെ രാത്രി അടച്ചിട്ട കുറ്റിപ്പുറം പാലത്തിന്റെ ഉപരിതലത്തിലെ കോൺക്രീറ്റ് പാളികൾ ഡ്രില്ലർ ഉപയോഗിച്ച് പൊളിക്കുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിക്കുന്നത് സാധ്യമല്ലാതായതോടെയാണ് ഡ്രില്ലർ ഉപയോഗിച്ചത്.
SHARE

കുറ്റിപ്പുറം∙ കോഴിക്കോട്– എറണാകുളം ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തിന്റെ നവീകരണ ജോലികൾക്കു തുടക്കമായി. പാലത്തിലൂടെയുള്ള രാത്രികാല ഗതാഗതം പൂർണമായി നിർത്തിവച്ചാണ് നവീകരണം. പകൽ സമയത്ത് വാഹനങ്ങൾ കടത്തിവിടും. ഇന്നലെ രാത്രി 8.55 മുതൽ ഇതുവഴിയുള്ള വാഹനങ്ങൾ വഴിതിരിച്ചുവിട്ട് തുടങ്ങി. ഇനിയുള്ള ഏതാനും ദിവസം രാത്രി 9 മുതൽ 6 വരെ കുറ്റിപ്പുറം പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെടും. അതേസമയം ആംബുലൻസ് സർവീസിനായി പാലത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.ദേശീയപാത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ജോലികൾ പുരോഗമിക്കുന്നത്. മിനിപമ്പ ക്ഷേത്രത്തിന് സമീപത്തെ റോഡ് ഇന്റർലോക്ക് ചെയ്താണ് നവീകരിക്കുന്നത്. ഈ ഭാഗത്തെ ടാർ ഇന്നലെ രാത്രി മുതൽ പൊളിച്ചുതുടങ്ങി.

ടാറിങ് ജനുവരിയിൽ

പാലത്തിന്റെ തകർന്ന കോൺക്രീറ്റ് പ്രതലം പൊളിച്ചുമാറ്റി കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ മാത്രമാണ് ഇപ്പോൾ പൂർത്തിയാക്കുക. കോൺക്രീറ്റിന് മുകളിലെ ടാറിങ് മഴ പൂർണമായി മാറിയശേഷം ജനുവരിയോടെ മാത്രമേ നടത്തൂ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തകർന്ന ഭാഗങ്ങളിലെ കോൺക്രീറ്റ് ജോലികൾ പരമാവധി 5 ദിവസത്തിനകം പൂർത്തിയാകുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ഇതു പൂർത്തിയായാൽ പാലത്തിലൂടെയുള്ള രാത്രികാല ഗതാഗത നിരോധനം പിൻവലിക്കും.

ചെലവ് 71 ലക്ഷം

പാലത്തിന്റെ പ്രതലം ടാർ ചെയ്തു നവീകരിക്കാൻ 34.8 ലക്ഷം രൂപയാണ് ചെലവ്. പാലത്തിന്റെ അപ്രോച്ച് റോഡ് 36.2 ലക്ഷം രൂപ ചെലവിട്ടാണ് ഇന്റർലോക്ക് ചെയ്യുന്നത്. ദേശീയപാതയിലെ മിനിപമ്പ വളവിൽ സ്ഥിരമായി തകരുന്ന ഭാഗമാണ് ഇന്റർലോക്ക് ചെയ്തു നവീകരിക്കുന്നത്.

നടന്നു പോകാം

കാൽനട യാത്രക്കാരെ പാലത്തിലൂടെ കടത്തിവിടും. രാത്രി 9ന് ശേഷം വാഹനങ്ങൾ ചമ്രവട്ടം, വെള്ളിയാങ്കൽ, പട്ടാമ്പി പാലങ്ങളിലൂടെ വേണം പോകാൻ. വളാഞ്ചേരിയിലും എടപ്പാളിലും പുത്തനത്താണിയിലും പൊലീസ്  വാഹനങ്ങൾ വഴി തിരിച്ചുവിടുന്നുണ്ട്. കുറ്റിപ്പുറം ഹൈവേ ജംക്‌ഷനിലും മിനിപമ്പ ജംക്‌ഷനിലും പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama