go

തർക്കുത്തര റെയിൽവേ

Railway terminal
SHARE

മലപ്പുറം ∙ ഗതാഗതത്തിരക്കിന്റെ പേരു പറഞ്ഞ് നിലമ്പൂർ–ഷൊർണൂർ പാതയില്‍ പുതിയ ട്രെയിനുകൾ അനുവദിക്കാത്ത റെയിൽവേ, തിരക്കിനു പരിഹാരം കാണാൻ പുതിയ ക്രോസിങ് സ്റ്റേഷൻ വേണമെന്ന ആവശ്യത്തിനു നേരെയും കൈമലർത്തുന്നു. ഷൊർണൂരിനും അങ്ങാടിപ്പുറത്തിനും ഇടയിൽ കുലുക്കല്ലൂരിൽ ക്രോസിങ് സ്റ്റേഷൻ അനുവദിക്കണമെന്ന ആവശ്യമാണു ദക്ഷിണ റെയിൽവേ വീണ്ടും തള്ളിയത്.

പാതയിൽ പുതിയ ക്രോസിങ് സ്റ്റേഷൻ പരിഗണനയിലില്ലെന്നും നിലവിലെ 2 ക്രോസിങ് സ്റ്റേഷനുകൾ ഗതാഗതത്തിനു പര്യാപ്തമാണെന്നുമാണ് റെയിൽവേ അധികൃതർ സോണൽ റെയിൽവേ യൂസേഴ്സ് കൺസൽറ്റൻസി യോഗത്തിൽ അറിയിച്ചത്.അങ്ങാടിപ്പുറത്തിന് 14 കിലോമീറ്റർ അകലെയുള്ള കുലുക്കല്ലൂരിൽ ക്രോസിങ് സ്റ്റേഷൻ എന്ന ആവശ്യത്തിന് 11 വർഷത്തിലേറെ പഴക്കമുണ്ട്. ഓരോ വർഷവും ഈ ആവശ്യമുന്നയിച്ച് പാലക്കാട് ഡിവിഷൻ ശുപാർശ നൽകുന്നുണ്ടെങ്കിലും ദക്ഷിണ റെയിൽവേയിൽനിന്ന് അനുകൂല നടപടിയുണ്ടാകാറില്ല.

65 കിലോമീറ്റർ ദൈർ‌ഘ്യമുള്ള നിലമ്പൂർ–ഷൊർണൂർ പാതയുടെ ശേഷിയുടെ 56 ശതമാനം മാത്രമാണു നിലവിൽ ഗതാഗതത്തിന് ഉപയോഗിക്കുന്നതെന്നും ഈ സാഹചര്യത്തിൽ കൂടുതൽ ക്രോസിങ് സ്റ്റേഷൻ ആവശ്യമില്ലെന്നുമാണു റെയിൽവേ പറയുന്നത്. എന്നാൽ പാതയിലെ ഗതാഗത തിരക്കിന്റെ പേരിലാണ് പുതിയ ട്രെയിൻ എന്ന ആവശ്യത്തെ റെയിൽവേ വർഷങ്ങളായി എതിർക്കുന്നത്. 2011ൽ അനുവദിച്ച രാജ്യറാണി എക്സ്പ്രസാണ് ഇവിടേക്കെത്തിയ അവസാന ട്രെയിൻ.

കണക്കിലെ കള്ളക്കളി

ഗതാഗതവുമായി ബന്ധപ്പെട്ട് വ്യാജ കണക്കുകൾ ഉയർത്തിക്കാട്ടിയാണു നിലമ്പൂർ–ഷൊർണൂർ പാതയുടെ വികസന സ്വപ്നങ്ങൾ അട്ടിമറിക്കുന്നത്. ദിവസവും രാവിലെ 6 മുതൽ രാത്രി 10വരെ ഇവിടെ 14 സർവീസുകളുണ്ട്. ഈ സമയത്ത് പാതയുടെ ശേഷിയുടെ 120% ഗതാഗതത്തിന് ഉപയോഗിക്കുന്നുവെന്നാണു കണക്ക്. ഇക്കാര്യം പരിഗണിക്കാതെ 24 മണിക്കൂറിനുള്ളിൽ 56 % ഗതാഗതം എന്ന കണക്ക് ഉയർത്തിയാണു ക്രോസിങ് സ്റ്റേഷൻ ആവശ്യത്തെ എതിർക്കുന്നത്. രാത്രി 10 മുതൽ രാവിലെ 6 വരെ നിലമ്പൂർ–ഷൊർണൂർ പാത ഗതാഗതമില്ലാതെ അടഞ്ഞുകിടക്കുകയാണ്.

രാത്രികാല യാത്ര: പഠനം നടക്കുന്നു

ഷൊർണൂർ– നിലമ്പൂർ പാത രാത്രികാല ഗതാഗതത്തിനു തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്തി വരികയാണെന്നു ദക്ഷിണ റെയിൽവേ. രാത്രികാല ഗതാഗതത്തിനു അനുമതി ആയാൽ ഇവിടേക്ക് പുതിയ ട്രെയിൻ അനുവദിക്കുന്നതു പരിഗണിക്കുമെന്നു യൂസേഴ്സ് കൺസൽറ്റൻസി കമ്മിറ്റി അംഗം ഷിജു വി.ഏബ്രഹാമിന്റെ ചോദ്യത്തിനു മറുപടിയായി റെയിൽവേ അറിയിച്ചു. കേരളത്തിലെ പാലക്കാട്, തിരുവനന്തപുരം റെയിൽ ഡിവിഷനുകളിൽ രാത്രി യാത്രയില്ലാത്ത ഏക സെക്‌ഷ‌നാണ് നിലമ്പൂർ–ഷൊർണൂർ പാത. രാത്രി പത്തിനും രാവിലെ ആറിനുമിടയിൽ ഈ പാതയിൽ സർവീസില്ല. തൃശൂർ–ഗുരുവായൂർ പാതയിൽ 4 ട്രെയിനുകളും കൊല്ലം–പുനലൂർ, പാലക്കാട്–പൊള്ളാച്ചി പാതകളിൽ ഓരോ ട്രെയിൻ വീതവും ഇതേസമയം സർവീസ് നടത്തുന്നുണ്ട്. നിലമ്പൂർ–ഷൊർണൂർ പാത വൈദ്യുതീകരണത്തിനു റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചെന്നുംഅധികൃതർ പറഞ്ഞു.

വിസ്റ്റാഡം കോച്ച് സ്വപ്നം മാത്രമാകുമോ

യാത്രക്കാർക്കു പ്രകൃതിഭംഗി ആസ്വദിക്കാൻ നിലമ്പൂർ– ഷൊർണൂർ പാതയിൽ വിസ്റ്റാഡം കോച്ച് അനുവദിക്കുമെന്ന വാഗ്ദാനവും പാഴ്‍വാക്കാകുമോ? കോച്ചുകൾ എത്തുന്ന മുറയ്ക്കു നിലമ്പൂരിന് അനുവദിക്കുമെന്നാണു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ കഴിഞ്ഞവർഷം പ്രഖ്യാപിച്ചത്. എന്നാൽ നിലമ്പൂരിലേക്കു വിസ്റ്റാഡം കോച്ചുകൾ അനുവദിക്കുന്നതു നിലവിൽ റെയിൽവേയുടെ പരിഗണനയിൽ ഇല്ലെന്നാണു പുതിയ വിവരം. പുറത്തെ കാഴ്ചകൾ കാണാൻ സാധിക്കുന്ന വിധത്തിലുള്ള ഗ്ലാസ് വിൻഡോകൾ, ഗ്ലാസ് സീലിങ്എന്നിവയാണ് വിസ്റ്റാഡം കോച്ചിന്റെ പ്രത്യേകത.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama