go

130 ാം ദിനം മരണപ്പന്തൽ

നിലമ്പൂരിൽ ബിഎസ്എൻഎൽ കരാർ തൊഴിലാളി ആത്മഹത്യ ചെയ്തതിനെ തുടർന്ന് മലപ്പുറം ടെലികോം ജനറൽ മാനേജർ ഓഫിസിനു മുന്നിലെ അനിശ്ചിതകാല സത്യഗ്രഹ സമരപ്പന്തലിൽ തൊഴിലാളികൾ കറുത്ത കൊടി കെട്ടിയപ്പോൾ. ചിത്രം: മനോരമ
SHARE

മലപ്പുറം ∙ പതിവുപോലെ മലപ്പുറം ബിഎസ്എൻഎൽ ജനറൽ മാനേജർ ഓഫിസിനു മുന്നിൽ സമരത്തിനെത്തിയ കരാർ തൊഴിലാളികൾക്കിടയിലേക്ക്് വെള്ളിടിയായാണ് രാമകൃഷ്ണൻ ജീവനൊടുക്കിയ വാർത്തയെത്തിയത്. 130 ദിവസമായി സമരം തുടങ്ങിയിട്ട്. പല വീടുകളിലും പട്ടിണിയും അരപ്പട്ടിണിയും. നിവൃത്തികേട് ആരെക്കൊണ്ടെങ്കിലും കടുംകൈ ചെയ്യിക്കുമോയെന്ന ആശങ്ക തൊഴിലാളികൾക്കിടയിൽ തന്നെയുണ്ടായിരുന്നു.  വിവരമറിഞ്ഞ സമരക്കാർ രാമകൃഷ്ണനെ ഒരുനോക്കു കാണാൻ നിലമ്പൂരിലേക്കു പോയതോടെ, 130 ദിവസമായി രാമകൃഷ്ണൻകൂടി മുദ്രാവാക്യം വിളിച്ച സമരപ്പന്തൽ തനിച്ചായി.

മാസങ്ങളായി മുടങ്ങിക്കിടക്കുന്ന വേതനം നൽകുക, ജീവനക്കാരെ മാനദണ്ഡമില്ലാതെ പിരിച്ചുവിട്ട നടപടി പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ആവശ്യങ്ങൾ അംഗീകരിക്കാനോ ചർച്ച നടത്താനോ ബിഎസ്എൻഎൽ മാനേജ്മെന്റോ കേന്ദ്രസർക്കാരോ തയാറാകാത്തതിനെ തുടർന്നാണ് 80 ദിവസത്തിനുശേഷം കരാർ പണിമുടക്കിലേക്കു കടന്നത്. ശമ്പളം കുടിശികയായതോടെ പലരും വേറെ ജോലി തേടിപ്പോയി. രാമകൃഷ്ണനെപ്പോലെ മറ്റു ജോലി ചെയ്യാൻ സാധിക്കാത്തവരാണ് ഏറെ ബുദ്ധിമുട്ടിയത്. വീട്ടുചെലവും മക്കളുടെ വിദ്യാഭ്യാസവുമെല്ലാമായി പലരും കടക്കെണിയിലായി. 

കരാർ തൊഴിലാളി രാമകൃഷ്ണന്റെ മരണത്തിൽ പ്രതിഷേധിച്ച് നിലമ്പൂർ ബിഎസ്എൻഎൽ എക്സ്ചേഞ്ച് തൊഴിലാളികളും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് ഉപരോധിക്കുന്നു.

മാസം 6000 രൂപ

30 വർഷമായി കരാർ സ്വീപ്പർ തൊഴിലാളിയായ രാമകൃഷ്ണന് മാസം ലഭിച്ചിരുന്നത് 6000 രൂപ. 6 മണിക്കൂറാണ് ജോലി. ഈ മാസം മുതൽ തൊഴിലാളികളെ കുറയ്ക്കുന്നതിന്റെ ഭാഗമായി ഒന്നിടവിട്ട ദിവസങ്ങളിൽ മതി സേവനമെന്ന് ബിഎസ്എൻഎൽ അറിയിച്ചിരുന്നു. ഇത് ഇദ്ദേഹത്തിന് വലിയ മാനസിക വിഷമമമുണ്ടാക്കിയെന്ന് ബന്ധുക്കൾ പറയുന്നു. 

വണ്ടൂർ കാഞ്ഞിരംപാടത്തുള്ള രാമകൃഷ്ണന്റെ പണി തീരാത്ത വീട്.

പിഎഫ് മുടങ്ങി

ഏപ്രിൽ മാസത്തിനുശേഷം രാമകൃഷ്ണന്റെ പിഎഫും ഇഎസ്ഐയും അടയ്ക്കുന്നില്ല. ബിഎസ്എൻഎല്ലിൽനിന്നു പണം ലഭിക്കാത്തതാണ് കാരണമെന്ന് കരാറുകാരനായ എം.ദയാശങ്കർ പറയുന്നു. ‘ജീവനക്കാർക്ക് ജനുവരി വരെയുള്ള ശമ്പളത്തുക കിട്ടിയത് കഴിഞ്ഞയാഴ്ചയാണ്.  മരിച്ച രാമകൃഷ്ണന് ജൂൺവരെയുള്ള തുക സ്വന്തം കയ്യിൽനിന്ന് നൽകിയതാണ്. ഒക്ടോബർ 31 വരെയേ കരാറുണ്ടായിരുന്നുള്ളൂ.  ഇപ്പോൾ രാമകൃഷ്ണന്റെ കരാർ ബിഎസ്എൻഎല്ലുമായാണ്’ ദയാശങ്കർ പറഞ്ഞു. തന്റെ പരിധിയിൽനിന്ന് കുടുംബത്തിനു നൽകാവുന്ന സഹായം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

കരാർ തൊഴിലാളിയുടെ ആത്മഹത്യയെ തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകരും കരാർ തൊഴിലാളികളും നടത്തിയ ഉപരോധം അവസാനിപ്പിച്ചപ്പോൾ രാമകൃഷ്ണന്റെ മൃതദേഹം നിലമ്പൂർ ബിഎസ്എൻഎൽ എക്സ്ചേഞ്ചിൽ നിന്നു ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുന്നു.

ഇന്ന് പ്രതിഷേധം

ശമ്പള കുടിശികയിൽ മനംനൊന്ത് ബിഎസ്എൻഎൽ കരാർ തൊഴിലാളി രാമകൃഷ്ണൻ ജീവനൊടുക്കിയതിൽ പ്രതിഷേധിച്ച് ഇന്ന്  വൈകിട്ട് 3ന് സമരസഹായ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തും.  കെഎസ്ആർടിസി പരിസരത്തുനിന്നാരംഭിച്ച് ബിഎസ്എൻഎൽ ജിഎം ഓഫിസ് വരെയാണ് പ്രകടനമെന്ന് സിസിഎൽയു ജില്ലാ സെക്രട്ടറി പി.കേശവദാസ് പറഞ്ഞു.

ജൂൺവരെയുള്ള ശമ്പളം കൊടുത്തു: ബിഎസ്എൻഎൽ

ആത്മഹത്യ ചെയ്ത രാമകൃഷ്ണന് ജൂൺമാസം വരെയുള്ള വേതനം നൽകിയതായി ബിഎസ്എൻഎൽ അധികൃതർ. 2019 ജനുവരി 31 വരെയുള്ള വേതന കുടിശിക കഴിഞ്ഞ ഒക്ടോബർ 29, നവംബർ 2 തീയതികളിലായി വിതരണം ചെയ്തിരുന്നു. 48 ലക്ഷം രൂപയാണ് ഈയിനത്തിൽ ജില്ലയിലേക്ക് അനുവദിച്ചത്.  രാമകൃഷ്ണന്റെ വീട്ടിലെ അവസ്ഥയറിയുന്നതിനാൽ ജൂൺവരെയുള്ള വേതനം കൊടുത്തതായാണ് കരാറുകാരൻ അറിയിച്ചതെന്നും പറഞ്ഞു.  ജില്ലയിൽ കരാർ ജീവനക്കാർക്ക് വേതനമായി ബിഎസ്എൻഎൽ നൽകാനുള്ളത് 4.96 കോടി രൂപയാണ്. പുനരുദ്ധാരണ പാക്കേജിൽ ചർച്ച തുടങ്ങിയതായും മുടങ്ങിക്കിടക്കുന്ന തുക ഉടനെ അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു.

ബിഎസ്എൻഎൽ: വി.മുരളീധരൻ ഇടപെട്ടു

തിരുവനന്തപുരം∙ ബിഎസ്എൻഎൽ കരാർ ജീവനക്കാർക്കു ശമ്പളം ലഭിക്കാൻ വൈകുന്ന പ്രശ്നത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ ഇടപെട്ടു.  പത്തുമാസമായി ശമ്പളം മുടങ്ങിയതിന്റെ വേദനയിൽ കരാർ ജീവനക്കാരനായിരുന്ന കുന്നത്ത് രാമകൃഷ്ണൻ ജീവനൊടുക്കിയ സംഭവം കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ ശ്രദ്ധയിൽ മന്ത്രി പെടുത്തി. കരാർ ജീവനക്കാരുടെ ശമ്പളപ്രതിസന്ധിയിൽ അടിയന്തരമായി ഇടപെടണമെന്നു മന്ത്രിയോടു മുരളീധരൻ ആവശ്യപ്പെട്ടു.

‘ആ മനസ്സു നിറയെ സങ്കടമായിരുന്നു..’

നിലമ്പൂർ ∙ പതിവുപോലെ പുലർച്ചെ അഞ്ചിനു ജോലിക്കു പോകുന്ന സഹോദരനെ കണ്ടപ്പോൾ ഇനി ചേതനയോടെ കാണില്ലെന്ന് അനുജൻ ശിവശങ്കരൻ അറിഞ്ഞില്ല. മൂത്ത സഹോദരന്റെ ആകസ്മിക വേർപാട് താങ്ങാനാകുന്നില്ല ശിവശങ്കരന്. കാഞ്ഞിരംപാടം മച്ചിങ്ങാ പൊയിലിൽ പരേതരായ ശ്രീധരൻ നായരുടെയും നാരായണിയമ്മയുടെയും 7 മക്കളിൽ മൂത്തയാളാണ് രാമകൃഷ്ണൻ. കുടുംബസ്വത്തായി കിട്ടിയ 5 സെന്റിലെ കൊച്ചുവീടാണ് ആകെയുള്ള സമ്പാദ്യം.  രാമകൃഷ്ണനും സഹോദരങ്ങളായ ശിവശങ്കരൻ, ജയദേവൻ, രതീദേവി എന്നിവരും അടുത്തടുത്താണ് താമസം.  5ന് രാത്രി കണ്ടപ്പോൾ ജോലി നഷ്ടപ്പെടുന്ന അവസ്ഥയെക്കുറിച്ചു പറഞ്ഞു സങ്കടപ്പെട്ടിരുന്നതായി ശിവശങ്കരൻ പറയുന്നു.

രാമകൃഷ്ണൻ നടപ്പ് ശീലമാക്കി  വണ്ടിക്കൂലി ലാഭിക്കാൻ

വണ്ടൂർ ∙ വണ്ടിക്കൂലി ഇല്ലാത്തതിനാൽ നിത്യവും 12 കിലോമീറ്റർ നടന്നാണ്  കാഞ്ഞിരംപാടം കുന്നത്ത് രാമകൃഷ്ണൻ ദിവസവും  നിലമ്പൂരിലെ ബിഎസ്എൻഎൽ എക്സ്ചേഞ്ചിൽ ജോലിക്കെത്തിയിരുന്നത്. 30 പതിറ്റാണ്ടോളം ജോലിയെടുത്തിട്ടും പണി തീർക്കാൻ കഴിയാത്ത വീട്ടിൽ പലപ്പോഴും വിളിക്കാതെ പട്ടിണി വിരുന്നെത്തും. ഭിന്നശേഷിക്കാരനായ രാമകൃഷ്ണന് തുച്ഛമായ വേതനവും കുടിശികയായതോടെ നിൽക്കക്കള്ളിയില്ലാതെയായി.

ഭാര്യ നിർമല വണ്ടൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു കിട്ടുന്ന വേതനം മാത്രമായി പിന്നെ ആശ്രയം. കഷ്ടപ്പാടിനു നടുവിൽ ബിരുദം പൂർത്തിയാക്കിയ മകൻ തുടർപഠനത്തിനു പോകാതെ തിരുവാലിയിലെ സ്വകാര്യ സ്ഥാപനത്തിൽ താൽക്കാലിക ജോലിക്കു ചേർന്നത് അടുത്തിടെയാണ്. മകൾ നിലമ്പൂരിലെ സ്കൂളിൽ എസ്എസ്എൽസി വിദ്യാർഥിയാണ്. തന്റെ വേദനകൾ അധികം ആരോടും പറയാത്ത പ്രകൃതക്കാരനായിരുന്നു രാമകൃഷ്ണൻ. വിഷമങ്ങൾ മനസ്സിലാക്കിയ സുഹൃത്തുക്കളാണ് ഭാര്യയ്ക്കു ജോലി ശരിയാക്കിയത്. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama