go

കുറ്റിപ്പുറം പാലം നവീകരണം തുടങ്ങി; കനത്ത മഴയിൽ പണിക്ക് മന്ദഗതി

malappuram-kuttippuram-bridge
കുറ്റിപ്പുറം പാലം നവീകരണത്തിന്റെ ആദ്യ ദിവസം കോൺക്രീറ്റ് ചെയ്ത ഭാഗം. ഇടതുഭാഗത്ത് കാണുന്ന 2 കുഴികൾ മാത്രമാണ് ആദ്യദിനത്തിൽ മൈക്രോ കോൺക്രീറ്റ് ഉപയോഗിച്ച് അടച്ചത്.
SHARE

കുറ്റിപ്പുറം ∙കുറ്റിപ്പുറം പാലത്തിന്റെ നവീകരണം മഴ കാരണം ഇഴഞ്ഞുനീങ്ങുന്നു.  പാലത്തിലൂടെയുള്ള രാത്രികാല ഗതാഗതം പൂർണമായും നിർത്തിവച്ച് ആദ്യദിവസം നടത്തിയ നവീകരണത്തിൽ നികത്തിയത് 2 കുഴികൾ മാത്രം.  ജോലി ആരംഭിച്ച് രണ്ടര മണിക്കൂർ പിന്നിട്ടപ്പോഴേക്കും മഴ എത്തി. പാലത്തിന്റെ തകർന്ന 2 ഭാഗങ്ങൾ പൊളിച്ചെടുത്ത് പുതിയ കോൺക്രീറ്റ് മിശ്രിതം ഉറപ്പിച്ചപ്പോഴേക്കും മഴ കനത്തു. ഇതോടെ സമീപത്തെ കുഴികളിലെ കോൺക്രീറ്റ് ജോലികൾ നിർത്തിവച്ചു.

പൊളിച്ചിട്ട ഭാഗങ്ങൾ സിമന്റ് മിശ്രിതം ഉപയോഗിച്ച് താൽക്കാലികമായി അടച്ചാണ് ആദ്യദിനത്തിലെ നവീകരണം അവസാനിപ്പിച്ചത.് ‌‌9 മണിക്കൂർ സമയം ഗതാഗതം നിരോധിച്ചിട്ടും പാലത്തിന്റെ നവീകരണം കാര്യമായി മുന്നോട്ട് പോകുന്നില്ലെന്ന  പരാതിയാണ് ഉയരുന്നത്. തകർന്നു കിടക്കുന്ന പ്രതലം പൊളിക്കാൻ ആദ്യദിനത്തിൽ മണ്ണുമാന്തി എത്തിച്ചെങ്കിലും ഫലംകണ്ടില്ല. യന്ത്രത്തിന്റെ സഹായത്തോടെ കോൺക്രീറ്റ് പൊളിക്കാൻ ആരംഭിച്ചെങ്കിലും പാലത്തിന് വിറയൽ അനുഭവപ്പെട്ടതോടെ നിർത്തിവയ്ക്കുകയായിരുന്നു.

പിന്നീട് തൊഴിലാളികൾ ഡ്രില്ലർ ഉപയോഗിച്ചാണ് ജോലികൾ തുടർന്നത്. നിലവിലെ സാഹചര്യത്തിൽ 1180 അടി നീളമുള്ള പാലത്തിന്റെ മുകൾഭാഗത്തെ തകർന്ന കോൺക്രീറ്റ് ഭാഗങ്ങൾ അടർത്തിയെടുത്ത് പുതിയ കോൺക്രീറ്റ് ചെയ്യാൻ ദിവസങ്ങളെടുക്കുമെന്നാണ് കരുതുന്നത്.  പാലത്തിന്റെ അപ്രോച്ച് റോഡിൽ മിനിപമ്പ ഭാഗത്ത് പൂട്ടുകട്ട പാകുന്ന ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ട്. ഒരുഭാഗത്തെ ടാർ പൊളിച്ചെടുത്ത് റോ‍ഡ് കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചുകഴിഞ്ഞു.

ഉയർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടമില്ല

∙ ദേശീയപാതയിലെ രാത്രികാല ഗതാഗതം പൂർണമായും നിർത്തിവച്ചു ചെയ്യുന്ന നവീകരണ ജോലികൾക്ക് നേതൃത്വം നൽകാൻ ഉയർന്ന ഉദ്യോഗസ്ഥർ എത്തിയില്ലെന്നു പരാതി. ആദ്യദിനത്തിൽ ദേശീയപാതാ വിഭാഗത്തിലെ ഓവർസീയറുടെ നേതൃത്വത്തിലുള്ള ഏതാനും ഉദ്യോഗസ്ഥർ മാത്രമാണ് മേൽനോട്ടം വഹിച്ചത്. എക്സിക്യൂട്ടീവ് എൻജിനീയർ അടക്കമുള്ളവർ തിരുവനന്തപുരത്താണെന്നു ബന്ധപ്പെട്ടവർ പറയുന്നു.

നൂറുകണക്കിന് വാഹനങ്ങൾ വഴിതിരിച്ചു വിട്ടുള്ള നവീകരണ ജോലികൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നും അഭിപ്രായമുണ്ട്. കൂടുതൽ തൊഴിലാളികളെ ഉപയോഗിച്ച് ജോലികൾ പൂർത്തീകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മിനിപമ്പയിൽ റോഡ് പൊളിച്ചതോടെ ദേശീയപാതയിൽ ഇന്നലെ പകൽസമയത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama