go

കുരുക്കിൽ വീണ് യാത്രക്കാർ

malappuram-ambulance
ഇന്നലെ ഭാഗികമായി അടച്ചിട്ട പാലത്തിലൂടെ കടന്നുപോകുന്ന ആംബുലൻസ്.
SHARE

കുറ്റിപ്പുറം ∙ ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തിന്റെ നവീകരണ ജോലികളിലുണ്ടായ അപാകതയെ തുടർന്ന് പെരുവഴിയിലായത് നൂറുകണക്കിന് യാത്രക്കാർ. പാലത്തിന്റെ പ്രതലത്തിൽ ചെയ്ത കോൺക്രീറ്റ് ഉണങ്ങിയില്ലെന്ന കാരണത്താൽ ഇന്നലെ രാവിലെ 6 മുതൽ വീണ്ടും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ ദേശീയപാതയിൽ നൂറുകണക്കിന് വാഹനങ്ങൾ കുരുങ്ങിക്കിടന്നു.

കുറ്റിപ്പുറം പാലത്തിന് ഇരുവശത്തും വാഹനങ്ങൾ കുടുങ്ങിയതോടെ പാലത്തിലൂടെ മറുവശത്തേക്ക് നടക്കുന്ന വിദ്യാർഥികൾ.

ട്രെയിനുകളിൽ വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ടവരും നെടുമ്പാശേരി, കരിപ്പൂർ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാരും ഉദ്യോഗസ്ഥരും വിദ്യാർഥികളും ഗതാഗത നിയന്ത്രണത്തിൽ കുടുങ്ങി. വാഹനങ്ങൾ അനങ്ങാത്ത അവസ്ഥ വന്നതോടെ യാത്രക്കാർ റോഡിലിറങ്ങി നടന്നു. പാലത്തിലൂടെ കിലോമീറ്ററുകൾ നടന്നാണ് പലരും ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര തുടർന്നത്.

രാവിലെ 6 മുതൽ പാലത്തിലൂടെയുള്ള ഗതാഗതം പുനരാരംഭിക്കുമെന്ന് കരുതിയ എത്തിയവരാണ് വെട്ടിലായത്. രാത്രി 9 മുതൽ രാവിലെ 6വരെ മാത്രം ഗതാഗതം നിരോധിക്കാനാണ് മന്ത്രി കെ.ടി.ജലീലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നത്. ഇതിൽ നിന്ന് വ്യതിചലിച്ചാണ് ഇന്നലെ രാവിലെ പാലത്തിൽ ഭാഗികമായി ഗതാഗതം നിരോധിച്ചത്. അധികൃതരുടെ അനാസ്ഥയിൽ ദേശീയപാത സ്തംഭിച്ചത് ഇങ്ങനെ...

കുറ്റിപ്പുറം പഴയ ദേശീയപാതയുടെ ഭാഗത്ത് വാഹനങ്ങൾ തടഞ്ഞിട്ടപ്പോൾ.

രാവിലെ 5.45

രാത്രികാല ഗതാഗതനിരോധനം കഴിയുന്നതും കാത്ത് പാലത്തിന് ഇരുവശത്തുമായി കിടന്ന വാഹനങ്ങൾക്കു മുൻപിൽ പാലത്തിന്റെ പകുതി ഭാഗം അടിച്ചിട്ട് ഉദ്യോഗസ്ഥർ സ്ഥലംവിടുന്നു. രാത്രിയിൽ ചെയ്ത കോൺക്രീറ്റ് പ്രതലം ഉറയ്ക്കുന്നില്ലെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥരും കരാറുകാരും ഗതാഗത നിയന്ത്രണം വേണ്ടിവരുമെന്ന കാര്യം ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ പോലും അറിയിക്കാതെയാണ് മടങ്ങിയത്.

മിനിപമ്പ വളവിലൂടെ പാലത്തിലേക്ക് കടക്കുന്ന വാഹനങ്ങളുടെ നിര.

6.00

ഡ്യൂട്ടിയിലുണ്ടായിരുന്ന ഏതാനും പൊലീസ് വൊളന്റിയർമാർ പാലത്തിലൂടെയുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കുന്നു. ഒരുസമയം ഒരുഭാഗത്തേക്കു മാത്രം വാഹനങ്ങൾക്ക് പോകാൻ അനുമതി നൽകുന്നു. ഇതോടെ മറുവശത്ത് വാഹനങ്ങളുടെ നീണ്ടനിര. ഓരോ ഭാഗത്തും 15 മിനിറ്റുവരെ വാഹനങ്ങൾ കാത്തുകിടന്നതോടെ സ്ഥിതി നിയന്ത്രണാതീതമായി. ഇതുവഴിവന്ന ആംബുലൻസുകളും ഗതാഗതക്കുരുക്കിൽ കുടുങ്ങി.

കുറ്റിപ്പുറം മിനിപമ്പ ജംക്‌ഷനിൽ വാഹനങ്ങൾ കുരുങ്ങിക്കിടക്കുന്നു.

 9.00

ഓഫിസ് ജീവനക്കാരും വിദ്യാർഥികളും ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ റോഡിലൂടെ ഇറങ്ങി നടക്കുന്നു. ഇരുവശത്തേക്കുമായി നൂറുകണക്കിന് യാത്രക്കാർ. ഗതാഗതം നിയന്ത്രിക്കാൻ ഹൈവേ പൊലീസ് പോലും ഇല്ലാത്ത അവസ്ഥ.

10.30

വളാഞ്ചേരി സിഐ മനോഹരന്റെ നേതൃത്വത്തിൽ ഏതാനും പൊലീസ് എത്തി കുറ്റിപ്പുറം ഭാഗത്ത് പഴയ റോഡിന് അരികിൽ വാഹനങ്ങളെ തടഞ്ഞു. പാലം കടന്നുവരുന്ന വാഹനങ്ങളെ പഴയ ദേശീയപാതയിലൂടെ കോഴിക്കോട് ഭാഗത്തേക്ക് കടത്തിവിട്ടു. മറുവശത്ത് മിനിപമ്പ വളവിലും വാഹനങ്ങൾ തടഞ്ഞിട്ടു. എടപ്പാൾ റോഡിൽ തൃക്കണാപുരംവരെ നീണ്ടു വാഹനങ്ങളുടെ നിര.

12.45

പാലത്തിന് നടുവിൽ ചെയ്ത കോൺക്രീറ്റ് ഉണങ്ങിയെന്നു കരുതി ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കുന്നു. ഇരുഭാഗത്തേക്കും വാഹനങ്ങൾ കടന്നുപോയിത്തുടങ്ങിയതോടെ കോൺക്രീറ്റ് പൊളിയുന്നു.

2.30

നവീകരിച്ച ഭാഗം തകർന്നതോടെ പാലം വീണ്ടും ഭാഗികമായി അടയ്ക്കുന്നു. വാഹനങ്ങൾ കയറി പുറത്തേക്കു തള്ളിയ കോൺക്രീറ്റ് മിശ്രിതം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചാക്കിട്ടു മൂടി അടയ്ക്കുന്നു. 

3.28

ദേശീയപാത ഉദ്യോഗസ്ഥർ യോഗം ചേരുന്നു. നിലവിൽ ചെയ്ത മൈക്രോ കോൺക്രീറ്റിങ് രീതി കുറ്റിപ്പുറം പാലത്തിൽ ഫലം കാണില്ലെന്ന് ഉറപ്പായതോടെ ഇവ പൊളിച്ചെടുക്കാൻ തീരുമാനിക്കുന്നു. കോൺക്രീറ്റിനു പകരം ടാർ മിശ്രിതം ഉപയോഗിച്ച് തകർന്ന ഭാഗങ്ങൾ അടയ്ക്കാനും തീരുമാനം.

4.00

നവീകരണ ജോലികൾ പാളിയിട്ടും പാലത്തിലെ ഗതാഗത നിയന്ത്രണം പിൻവലിക്കാതെ വാഹനങ്ങളെ തടഞ്ഞിടുന്നു. ദേശീയപാതയിൽ വീണ്ടും നീണ്ട ഗതാഗതക്കുരുക്ക്. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ബസുകൾ‍ തൃക്കണാപുരത്തും കുറ്റിപ്പുറത്തുമായി ട്രിപ്പ് അവസാനിപ്പിച്ച് മടങ്ങുന്നു. 

4.30

ഗതാഗതക്കുരുക്കിൽ ദേശീയപാത വീർപ്പുമുട്ടിയതോടെ പ്രതിഷേധം ഉയരുന്നു. മന്ത്രി കെ.ടി.ജലീൽ അടക്കമുള്ള ജനപ്രതിനിധികൾക്കും മറ്റും പരാതികളുടെ പ്രവാഹം. ഇതോടെ പാലത്തിലെ ഗതാഗതം പഴയപടിയിലേക്ക്.

കുറ്റിപ്പുറം പാലം: കോൺക്രീറ്റ് പരീക്ഷണം ‘പൊളിഞ്ഞു’

കുറ്റിപ്പുറം ∙ കോഴിക്കോട്–എറണാകുളം ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തിന്റെ നവീകരണ ജോലികൾ തുടക്കത്തിലേ പാളി. പാലത്തിലൂടെയുള്ള രാത്രികാല ഗതാഗതം ‍നിർത്തിവച്ച് ചെയ്ത കോൺക്രീറ്റ് ജോലികൾ അശാസ്ത്രീയമായതിനെ തുടർന്ന് ഇന്നലെ രാത്രിയോടെ പൊളിച്ചുനീക്കി തുടങ്ങി. പാലത്തിന്റെ പ്രതലം ടാർ മിശ്രിതം ഉപയോഗിച്ച് അടയ്ക്കാനാണ് ഇനിയുള്ള നീക്കം. കോൺക്രീറ്റ് ചെയ്തു 2 മണിക്കൂറിനകം ദൃഢപ്പെടുമെന്ന് കരുതിയ മൈക്രോ കോൺക്രീറ്റിങ് സംവിധാനമാണ് പരാജയപ്പെട്ടത്.

വ്യാഴാഴ്ച രാത്രിയിൽ പാലത്തിന്റെ പ്രതലത്തിൽ ചെയ്ത കോൺക്രീറ്റ് 16 മണിക്കൂർ പിന്നിട്ടിട്ടും ഉറയ്ക്കാത്തതിനെ തുടർന്നാണ് ഇവ പൊളിച്ചുനീക്കാൻ തീരുമാനമായത്. ഇന്നലെ രാവിലെ 6 മുതൽ വൈകിട്ട് 4 വരെ പാലത്തിലൂടെയുള്ള ഗതാഗതം ഭാഗികമായി നിരോധിച്ചത് നൂറുകണക്കിന് യാത്രക്കാരെ വെട്ടിലാക്കി. മുൻകൂട്ടി നിശ്ചയിച്ച ജോലികളിൽ അപാകതയുണ്ടായത്  ഉദ്യോഗസ്ഥതലത്തിലെ വീഴ്ചയാണെന്ന് ആരോപണമുണ്ട്. കഴിഞ്ഞ 2 ദിവസമായി പാലത്തിലെ നവീകരണ ജോലികൾ ഇഴഞ്ഞു നീങ്ങുകയാണെന്ന് പരാതിയുണ്ടായിരുന്നു. ജോലികൾ ആരംഭിച്ച് 2 ദിവസം കഴിഞ്ഞാണ് ദേശീയപാത വിഭാഗത്തിലെ എൻജിനീയർമാർ സ്ഥലത്തെത്തിയത്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama