go

നിലയ്ക്കാതെ മണൽക്കടത്ത്

Malappuram News
ഭാരതപ്പുഴയിൽ ചമ്രവട്ടം ഭാഗത്ത് ജലനിരപ്പ് താഴ്ന്നതോടെ രൂപപ്പെട്ട മൺതിട്ടകൾ.
SHARE

തിരൂർ∙ സർക്കാരിനും തദ്ദേശ സ്ഥാപനങ്ങൾക്കും കോടികൾ നഷ്ടം വരുത്തിയ 7 വർഷത്തെ മണൽ നിരോധനം ഫലം കണ്ടില്ല. നിരോധന കാലത്ത് ഭാരതപ്പുഴയിൽനിന്ന് കടത്തിയത് മുൻപുള്ളതിനെക്കാൾ 3 ഇരട്ടി മണൽ. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും സ്വാധീനം ചെലുത്തി പൊലീസ് പരിശോധന സംവിധാനങ്ങൾ ഇല്ലാതാക്കിയും മണൽക്കടത്തു സംഘങ്ങൾ വൻ നേട്ടമുണ്ടാക്കി. തദ്ദേശ സ്ഥാപനങ്ങൾ വഴി പാസ് മുഖേന മണൽ എടുക്കുന്നതിന് അനുമതി നൽകിയിരുന്നതിനാൽ മുൻപ് അനധികൃത കടത്ത് തടയാനായിരുന്നു.

അംഗീകൃത കടവുകളിൽനിന്ന് പാസ് അനുവദിച്ചുള്ള മണലെടുപ്പിൽ ലോഡിന് പഞ്ചായത്ത്, റവന്യു, ജിയോളജി വകുപ്പുകൾക്ക് വരുമാനം ലഭിച്ചിരുന്നു. പുഴയോര പഞ്ചായത്തുകളുടെ വികസന പദ്ധതികളിൽ ഭൂരിഭാഗവും നടപ്പാക്കിയിരുന്നത് ഈ വരുമാനത്തിൽ നിന്നായിരുന്നു. എന്നാൽ, 2012ൽ ആണ് ഭാരതപ്പുഴയിൽനിന്ന് മണലെടുക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവായത്. പുഴ സംരക്ഷണത്തിന്റെ ഭാഗമായായിട്ടായിരുന്നു നിരോധനം.

നിരോധനം നടപ്പാക്കിയതോടെ ചില വൻ സംഘങ്ങൾ ഭാരതപ്പുഴയെ ലാഭ കൊയ്ത്തിനുള്ള കേന്ദ്രമാക്കി. ഇതോടെ ഭാരതപ്പുഴ രണ്ടു ഭാഗങ്ങളായി മാറി. പള്ളിപ്പുറം മുതൽ പുറത്തൂർ വരെ ഒരു കര ഭാഗത്തുനിന്നും കുമ്പിടി മുതൽ പൊന്നാനി വരെ മറുകരയിൽനിന്നും മണലെടുക്കുന്നതിനാൽ ഭാരതപ്പുഴയുടെ നടുഭാഗം ഉയർന്നു നിൽക്കുകയാണ്.

പുഴയോരത്ത് കൂട്ടിയിട്ട മണൽ ശേഖരം വല്ലപ്പോഴും പേരിന് അധികൃതർ പിടികൂടുന്നുണ്ടെങ്കിലും ദിവസേന     കടത്തിക്കൊണ്ട് പോകുന്നതിന്റെ ഒരുഭാഗം പോലും ആകുന്നില്ല. ഭാരതപ്പുഴയിലെ മണൽക്കടത്ത് നിരോധനം 3000 പേരുടെ തൊഴിൽ നഷ്ടപ്പെടാനും ഇടയാക്കിയിരുന്നു. പഞ്ചായത്തുകളിലെ കടവുകൾക്കു പുറമേ നൂറിലധികം അനധികൃത കടവുകൾ നിർമിച്ചും വ്യക്തികളുടെ പറമ്പുകളിലൂടെ റോഡു വെട്ടിയുമാണ് മണൽ കടത്തുന്നത്.

ഭാരതപ്പുഴയിലെ മണൽക്കടത്തു തടയുന്നതിനായി തിരൂർ, പൊന്നാനി ഭാഗങ്ങളിലായി 10 സ്ഥലങ്ങളിൽ പൊലീസ് ചെക്ക് പോസ്റ്റുകൾ ഒരുക്കിയിരുന്നു. എന്നാൽ, ഏറെത്താമസിക്കാതെ ചെക്ക് പോസ്റ്റുകൾ ഇല്ലാതായതിനു പിന്നിലും മണൽക്കടത്തു സംഘങ്ങളുടെ സ്വാധീനമാണെന്നാണ് ആക്ഷേപം. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama