കുമരനല്ലൂർ ∙ അമേറ്റിക്കരയിലേക്ക് ഇന്നലെയും കവിയുടെ ആരാധകരുടേയും വിവിധ മേഖലിയിലെ പ്രശസ്തരുടേയും ഒഴുക്കായിരുന്നു. ആർട്ടിസ്റ്റ് നമ്പൂതിരി, സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ, സെക്രട്ടറി കെ.പി. മോഹനൻ, ആർഎസ്എസ് പ്രജ്ഞ പ്രവാഹ് അഖിലേന്ത്യ സെക്രട്ടറി ജെ. നന്ദകുമാർ, എൻ.കെ. മധു, ബിജെപി സംസ്ഥാ സെക്രട്ടറി എം. ഗണേഷ്, ജില്ല അധ്യക്ഷൻ പി. നന്ദകുമാർ, ദിവാകരൻ, മുസ്ലീം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ സി.പി. ബാവഹാജി എന്നിവർ വീട്ടിലെത്തി ആദരിച്ചു.
കോട്ടക്കൽ ആര്യ വൈദ്യ ശാല സൂപ്രണ്ട് ഡോ. പി. ബാലചന്ദ്രൻ, ഒ.എം.ടി. രാമകൃഷ്ണൻ കുമരനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. അബ്ദുല്ല, സെക്രട്ടറി എം.എ. ശ്രീനിവാസൻ, പി. രാജീവ്, വി. അബ്ദുല്ലക്കുട്ടി, ജയകൃഷ്ണൻ, കെ.വി. ചന്ദ്രൻ എന്നിവർ കവിക്ക് പൊന്നാട ചാർത്തി. സി.പി. മുഹമ്മദ്, പട്ടാമ്പി മുൻസിപൽ ചെയർമാൻ എസ്.ബി.എസ്. തങ്ങൾ എന്നിവരും ദേവായനത്തിൽ എത്തി കവിയെ ആദരിച്ചു.കേന്ദ്രമന്ത്രി മുരളീധരനും വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും അക്കിത്തത്തെ ഫോണിൽ വിളിച്ച് അഭിന്ദനവും ആദരവും അറിയിച്ചു.
അക്കിത്തത്തിന് കൊച്ചുമകളുടെ ആശംസാ കവിത
ചെന്നൈ ∙ജ്ഞാനപീഠ പുരസ്കാരം നേടിയ മഹാകവി അക്കിത്തത്തെതേടി ചെന്നൈയിൽ നിന്നു കാവ്യഭംഗിയിൽ പൊതിഞ്ഞ ആശംസ.അഭിമാനവും ആദരവും ഒപ്പം ചെറിയൊരു സങ്കടവും പങ്കുവയ്ക്കുന്നതാണു കവിത. വേളാച്ചേരിയിൽ താമസിക്കുന്ന കവിയുടെ കൊച്ചുമകൾ ഗൗരി ബിജുവാണു കവിത എഴുതി പാടി വാട്സാപ്പിൽ അയച്ചത്. കവിത കേട്ടപ്പോൾ മുത്തച്ഛൻ വാത്സല്യത്തോടെ പറഞ്ഞു– നന്നായിട്ടുണ്ട്.
മഹാ കവിയുടെ കൊച്ചുമക്കളായ ഗൗരിയുടെയും രേവതിയുടെയും കുടുംബങ്ങൾ നിറഞ്ഞ സന്തോഷത്തോടെയാണു മുത്തച്ഛന്റെ പുരസ്കാര വാർത്ത വരവേറ്റത്. വാർത്തയറിഞ്ഞ് ഏറ്റവും സന്തോഷിക്കേണ്ട ആൾ ഇപ്പോഴില്ലെന്നതാണ് ഇരുവരുടെയും ദുഃഖം. ഇവരുടെ മുത്തശ്ശിയും അക്കിത്തത്തിന്റെ പത്നിയുമായ ശ്രീദേവി അന്തർജനം മാസങ്ങൾക്ക് മുൻപാണു മരിച്ചത്.
ചെറുപ്പം മുതൽ കവിതയുടെ പരിമളം ഇവർക്കൊപ്പമുണ്ട്. മുത്തച്ഛന്റെ കവിതകളെല്ലാം വായിച്ചിട്ടുണ്ട്. അമ്മ പാർവതി താരാട്ടുപാടിയുറക്കുമ്പോൾവരെ മുത്തച്ഛന്റെ കവിതകൾ പാടുമായിരുന്നെന്ന് ഗൗരി ഓർക്കുന്നു. കവിയുടെ മൂത്തമകളാണു പാർവതി. മറ്റൊരു മകൾ ഇന്ദിരയുടെ മകളായ രേവതി കിഷോർ മദ്രാസ് സർവകലാശാലയിൽ നിന്ന് അടുത്തിടെ സംസ്കൃതത്തിൽ പിഎച്ച്ഡി നേടി.