go

മാറാക്കര പഞ്ചായത്തിൽ നൂറോളം ചെങ്കൽ ക്വാറികൾ അനുമതിയുള്ളത് ഒന്നിനു മാത്രം

മാറാക്കര വട്ടപ്പറമ്പ് പെരുങ്കുളത്ത് ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ നിലയിൽ.
മാറാക്കര വട്ടപ്പറമ്പ് പെരുങ്കുളത്ത് ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ നിലയിൽ.
SHARE

കോട്ടയ്ക്കൽ∙ മാറാക്കര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറോളം ചെങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അനുമതിയുള്ളത് ഒന്നിനു മാത്രമെന്ന് അധികൃതർ. യാതൊരു നിയന്ത്രണവുമില്ലാതെയാണ് ക്വാറികളുടെ പ്രവർത്തനം.  വട്ടപ്പറമ്പ് പെരുങ്കുളത്ത് അനധികൃതമായി പ്രവർത്തിച്ച ചെങ്കൽ ക്വാറിയിൽ പാറയും മണ്ണും ഇടിഞ്ഞുവീണ് ഇന്നലെ 2 അസം തൊഴിലാളികൾ മരിച്ചു. ഒരു വർഷമായി പ്രവർത്തനം നിർത്തിവച്ച ക്വാറിയാണ് രണ്ടാഴ്ചയായി വീണ്ടും പ്രവർത്തിച്ചു തുടങ്ങിയത്. 

ക്വാറിയിലെ സാധനങ്ങൾ നീക്കാനെത്തിയ തൊഴിലാളികളാണ് ഇന്നലെ അപകടത്തിൽപെട്ടത്. നിയന്ത്രിത അളവിനെക്കാൾ കൂടുതൽ ആഴത്തിലാണ് ഇവിടെ ചെങ്കൽ ഖനനം നടത്തിയത്. ഒരിടത്ത് ക്വാറി തുടങ്ങിയാൽ അതു മണ്ണിട്ടുമൂടി സമീപത്തുതന്നെ മറ്റൊരു ക്വാറി പ്രവർത്തനം തുടങ്ങുന്ന രീതിയാണുള്ളതെന്ന് നാട്ടുകാർ പറയുന്നു. ക്വാറികളുടെ അകലം ചെറിയൊരു പാറയുടെ പാളി മാത്രമാണ്. സമീപത്തെ വീടുകൾക്കും ഇതു ഭീഷണിയായതായി പരാതിയുണ്ട്. ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലാണ് അപകടം നടന്ന ക്വാറി ഉൾപ്പെടുന്ന ഭൂമി. എന്നാൽ, നടത്തിപ്പ് മറ്റൊരാളുടെ പേരിലാണ്. 

അന്വേഷണ ഉദ്യോഗസ്ഥരെത്തി

കോട്ടയ്ക്കൽ∙ 2 അസം തൊഴിലാളികൾ മണ്ണിടിഞ്ഞു മരിച്ച വട്ടപ്പറമ്പ് പെരുങ്കുളത്തെ ചെങ്കൽ ക്വാറിയിൽ ജിയോളജി, റവന്യു ഉദ്യോഗസ്ഥർ   അന്വേഷണത്തിനെത്തി. അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറിയിലാണ് അപകടം നടന്നത്. പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. 

അപകട മരണം വീണ്ടും

മാറാക്കര പഞ്ചായത്തിൽ ചെങ്കൽ ക്വാറിയിൽ അപകട മരണം ഇതു രണ്ടാം തവണ. 5 വർഷം മുൻപ് മറ്റൊരു ക്വാറിയിൽ മണ്ണിടിഞ്ഞ് 3 തൊഴിലാളികൾ മരിച്ചിരുന്നു. അപകടം സംഭവിക്കുമ്പോൾ മാത്രം അധികൃതർ നടപടിയെടുക്കുകയും പിന്നീട് പഴയ രീതി തുടരുകയും ചെയ്യുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. പലപ്പോഴും ചെറിയ അപകടങ്ങൾ വേറെയും ഉണ്ടാകാറുണ്ട്. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama