തിരൂർ∙ തിരുനാവായ മുതൽ പൊന്നാനി വരെയുള്ള ഭാഗങ്ങളിൽ ഭാരതപ്പുഴയിൽനിന്ന് മണൽക്കടത്തിനായി ഉപയോഗിക്കുന്നത് മുന്നൂറോളം തോണികൾ.പുറത്തൂരിലെ കേന്ദ്രങ്ങളിൽനിന്ന് ദിവസ വാടക 1,000 മുതൽ 3,000 രൂപ വരെ നൽകിയാണ് തോണികൾ വാങ്ങുന്നത്. മണൽ കടത്തുന്നതിനിടെ അധികൃതർ തോണി പിടികൂടി തിരിച്ചു കിട്ടിയില്ലെങ്കിൽ 30,000 രൂപ സംഘത്തിന് നൽകണം.
കഴിഞ്ഞ ഒരു വർഷത്തിനിടെ 80 തോണികൾ മണൽ കടത്തുന്നതിനിടെ പിടികൂടി അധികൃതർ തകർത്തിരുന്നു. ഭാരതപ്പുഴയിൽ നിന്നുള്ള അമിത മണലെടുപ്പുമൂലം ഇരു കരഭാഗങ്ങളും മണ്ണ് നീങ്ങി അടിത്തട്ട് കണ്ടു തുടങ്ങിയതിനാൽ ചെളിയാണ് ലഭിക്കുന്നത്. അതിനാൽ പുഴയിൽ വെള്ളമുള്ള സ്ഥലത്തു കൂടി തോണിയിൽ യാത്രചെയ്ത് മധ്യഭാഗത്തുനിന്നാണ് മണൽ കരയ്ക്കെത്തിക്കുന്നത്. തോണിയിൽ കരയിലെത്തിക്കുന്ന മണൽ വിവിധ കേന്ദ്രങ്ങളിൽ സൂക്ഷിച്ചാണ് രാത്രിയിൽ വാഹനങ്ങളിൽ കടത്തുന്നത്.