go

പടികയറുന്ന അനാസ്ഥ

  പെരിന്തൽമണ്ണയിലെ വില്ലേജ് ഓഫിസിലേക്കുള്ള ചവിട്ടുപടികൾ. ഭിന്നശേഷക്കാർക്ക് ഓഫിസിലേക്ക് എത്തിപ്പെടാൻ താൽക്കാലിക റാംപ് ഒരുക്കിയിട്ടില്ല.
പെരിന്തൽമണ്ണയിലെ വില്ലേജ് ഓഫിസിലേക്കുള്ള ചവിട്ടുപടികൾ. ഭിന്നശേഷക്കാർക്ക് ഓഫിസിലേക്ക് എത്തിപ്പെടാൻ താൽക്കാലിക റാംപ് ഒരുക്കിയിട്ടില്ല.
SHARE

മലപ്പുറം ∙ ഒരു ഭിന്നശേഷിക്കാരന് എളുപ്പം കയറിച്ചെല്ലാവുന്നവയാണോ നമ്മുടെ സർക്കാർ സ്ഥാപനങ്ങൾ? സർട്ടിഫിക്കറ്റിനോ സഹായത്തിനോ വാതിലിൽ മുട്ടാനെത്തുന്നവരെ ഭയപ്പെടുത്തുന്ന പടിക്കെട്ടുകൾ ഇപ്പോഴുമുണ്ടോ? ഭിന്നശേഷി ദിനത്തിൽ ജില്ലയിലെ അവസ്ഥ പരിശോധിക്കാം. 

കത്തയയ്ക്കാൻ 16 പടി 

 ജില്ലാ ആസ്ഥാനത്തെ ഹെഡ് പോസ്റ്റ് ഓഫിസിലേക്കു ഭിന്നശേഷിക്കാർക്കെത്തണമെങ്കിൽ 16 പടി കയറണം. കുന്നുമ്മലിലെ സ്വകാര്യ വാടക കെട്ടിടത്തിലെ ഒന്നാം നിലയിലാണ് ഹെഡ് പോസ്റ്റ് ഓഫിസ്. വിവിധ ആവശ്യങ്ങൾക്കായി എത്തേണ്ടവർക്കു പടികയറുകയല്ലാതെ രക്ഷയില്ല. 

കുതി അടയ്ക്കാൻ 20 പടി 

മലപ്പുറം വില്ലേജ് ഓഫിസും കോട്ടപ്പടി മാർക്കറ്റിലെ നഗരസഭയുടെ വ്യാപാര സമുച്ചയ കെട്ടിടത്തിലെ ഒന്നാം നിലയിലാണ്. 20 പടികയറിയാലേ വില്ലേജ് ഓഫിസിലേക്കെത്താനാകൂ. സർട്ടിഫിക്കറ്റുകൾക്കായി അക്ഷയ കേന്ദ്രങ്ങളെ ആശ്രയിക്കാമെങ്കിലും നികുതി അടയ്ക്കുന്നതിനും മറ്റു അടിയന്തര സർട്ടിഫിക്കറ്റുകൾക്കും വില്ലേജ് ഓഫിസിൽ എത്താതെ കഴിയില്ല. 

 1.കോട്ടപ്പടി വില്ലേജ് ഓഫിസിലേക്കുള്ള പടികൾ.2.ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന അരീക്കോട് പഞ്ചായത്ത് ഓഫിസ്
1.കോട്ടപ്പടി വില്ലേജ് ഓഫിസിലേക്കുള്ള പടികൾ.2.ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന അരീക്കോട് പഞ്ചായത്ത് ഓഫിസ്

കോണി കയറിയാൽ കുടുങ്ങും

കൊണ്ടോട്ടി പതിനേഴിൽ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന കൊണ്ടോട്ടി താലൂക്ക് സപ്ലൈ ഓഫിസിലേക്കു കയറാൻ ചെറിയ കോണിയാണ് ഉള്ളത്. ഓഫിസ് ഭിന്നശേഷിക്കാർക്കു മാത്രമല്ല സാധാരണക്കാർക്കു പോലും സൗഹൃദപരമല്ല. ഭിന്നശേഷിക്കാർ പരസഹായത്തോടെ മുകളിൽ എത്തിയാലാകട്ടെ നിന്നു തിരിയാൻ സൗകര്യവുമില്ല.

പടി കയറി നടുവൊടിയും 

അരീക്കോട്, ഊർങ്ങാട്ടിരി പഞ്ചായത്ത് ഓഫിസുകൾ കെട്ടിടത്തിലെ ഒന്നാം നിലയിലാണു പ്രവർത്തിക്കുന്നത്. ഭിന്നശേഷിക്കാർക്കായുള്ള റാംപ് സൗകര്യങ്ങൾ ഇല്ല. ഭിന്നശേഷി ശുചിമുറികളും അപര്യാപ്തമാണ്. പ്രളയത്തിനുശേഷമാണ് ഊർങ്ങാട്ടിരി പഞ്ചായത്ത് ഓഫിസ് മുകളിലത്തെ നിലയിലേക്കു മാറ്റിയത്. പരപ്പനങ്ങാടി മേഖലയിലെ പഞ്ചായത്ത്, നഗരസഭാ ഓഫിസുകളും പ്രധാന പോസ്റ്റ് ഓഫിസും മുകൾ നിലയിലാണ്. പരപ്പനങ്ങാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസും മുകൾ നിലയിൽ തന്നെ. ഇവിടേക്ക് റാംപ് സൗകര്യം ഒരുക്കിയിട്ടില്ല 

തിരൂരങ്ങാടിയിൽ ഭിന്നശേഷിക്കാർക്ക് മിനി സിവിൽ സ്റ്റേഷനിലെ ഓഫിസുകളിലെത്തണമെങ്കിൽ പടികൾ പലതു കയറണം. ഇരുനില കെട്ടിടത്തിന് മുകളിലേക്ക് ഗോവണി മാത്രമാണ് ആശ്രയം.  താലൂക്ക് ഓഫിസ് മാത്രമാണ് താഴ്ഭാഗത്തുള്ളത്. ലിഫ്റ്റ് ഇതുവരെ സ്ഥാപിച്ചിട്ടില്ല.  നഗരസഭ വാണിജ്യകേന്ദ്രത്തിനു മുകളിൽ സ്ഥിതിചെയ്യുന്ന വളാഞ്ചേരി സബ്ട്രഷറി ഭിന്നശേഷി സൗഹൃദമല്ല. കോണിപ്പടവുകൾ കയറി മുകൾനിലയിലെത്താൻ ഭിന്നശേഷിക്കാരും വയോജനങ്ങളും ഏറെ പാടുപെടുന്നു. ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനോടനുബന്ധിച്ചു ഭിന്നശേഷിക്കാർക്കായി താഴെ ശുചിമുറിയുണ്ടെങ്കിലും അടഞ്ഞു കിടപ്പാണ്. ഒന്നാംനിലയിലെ വളാഞ്ചേരി പോസ്റ്റ് ഓഫിസിലെത്താൻ ഭിന്നശേഷിക്കാർക്ക് ഒരു സംവിധാനവുമില്ല. 

പ്രളയം നാശം വിതച്ച പോത്തുകല്ലിൽ ഭിന്നശേഷിക്കാർക്കും ഏറെ നഷ്ടങ്ങളുണ്ടായി. എന്നാൽ റാംപ് ഇല്ലാത്തതിനാൽ അപേക്ഷയുമായി ഇവർക്ക് വില്ലേജ് ഓഫിസറെ കാണാൻ കഴിയാത്ത് സ്ഥിതിയാണ്. മൂത്തേടം വില്ലേജ് ഓഫിസ് കാരപ്പുറത്ത് സ്വകാര്യ കെട്ടിടത്തിൽ ഒന്നാംനിലയിലാണ് പ്രവർത്തിക്കുന്നത്. ഇവിടെയും റാംപ് സൗകര്യമില്ല.

പൊട്ടിപ്പൊളിഞ്ഞ റാംപ്;  കേടായ ലിഫ്റ്റ്

 പെരിന്തൽമണ്ണ മിനി സിവിൽ സ്റ്റേഷനിലെ പൊട്ടിപ്പൊളിഞ്ഞ റാംപ്.
പെരിന്തൽമണ്ണ മിനി സിവിൽ സ്റ്റേഷനിലെ പൊട്ടിപ്പൊളിഞ്ഞ റാംപ്.

പെരിന്തൽമണ്ണ താലൂക്കിലെ ഇരുപതിലേറെ പ്രധാന സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന മിനി സിവിൽ സ്‌റ്റേഷനിൽ താൽക്കാലിക റാംപ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഇതിലൂടെ സ്വയം വീൽചെയർ കയറ്റുക പ്രയാസം. ഇതിലൂടെ ഏതു വിധേനയും കയറിപ്പറ്റിയാൽ തന്നെ നാലു നിലകളിൽ പ്രവർത്തിക്കുന്ന ഓഫിസ് സമുച്ചയത്തിൽ മുകൾ നിലകളിലേക്കു കയറാൻ രക്ഷയില്ല. ലിഫ്‌റ്റ് സൗകര്യമുണ്ടെങ്കിലും തകരാറിലാണ്. വില്ലേജ് ഓഫിസ് പെരിന്തൽമണ്ണ ജംക്‌ഷനടുത്ത് തന്നെയെങ്കിലും ഭിന്നശേഷിക്കാർക്കു ഗുണമില്ല. ഓഫിസിലേക്ക് കയറാൻ ഭിന്നശേഷിക്കാർക്കായി താൽക്കാലിക റാംപ് പോലും സ്ഥാപിച്ചിട്ടില്ല. പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ഒപിയിലേക്ക് എത്താൻ റാംപ് ഉണ്ടെങ്കിലും വാർഡുകളിലേക്കും പേ വാർഡിലേക്കും കയറാൻ റാംപ് സൗകര്യമില്ല.

ആ സൗകര്യം തിരിച്ചു തരൂ

ഭിന്നശേഷിക്കാർക്ക് ഏറെ സൗകര്യപ്രദമായിരുന്നു കെഎസ്ആർടിസിയുടെ ലോ ഫ്ലോർ ബസുകൾ. ചക്രക്കസേരകളിൽനിന്ന് ഇറങ്ങാതെ തന്നെ റാംപ് വഴി അകത്തെത്താനും ചക്രക്കസേരയിൽ തന്നെ യാത്ര തുടരാനുമുള്ള സൗകര്യം ഉണ്ടായിരുന്നു. ചക്രക്കസേര ഇളകാതെ ബസിൽ കുടുക്കി നിർത്താനുള്ള സൗകര്യമായിരുന്നു ഏറെ ഉപകാരപ്രദം. എന്നാൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ ആ സ്ഥാനത്ത് സീറ്റ് ഘടിപ്പിച്ചതോടെ ഭിന്നശേഷിക്കാർ വെട്ടിലായി. നിവേദനങ്ങളെ തുടർന്ന് ചില ബസുകളിലൊക്കെ പുനഃസ്ഥാപിച്ചെങ്കിലും പൂർണമായിട്ടില്ല. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama