നിലമ്പൂർ ∙ ഉല്ലാസയാത്രയ്ക്കു പോകുകയായിരുന്ന സംഘം സഞ്ചരിച്ച കാർ ഇടിച്ച്, സ്കൂട്ടർ യാത്രികയായ കോളജ് വിദ്യാർഥി മരിച്ചു. അകമ്പാടം സദ്ദാം ജംക്ഷനിലെ പാലോട്ടിൽ അബ്ദുറഹ്മാന്റെയും ഷാഹിനയുടെയും മകൾ ഫാത്തിമ റാഷിദ(21)യാണ് മരിച്ചത്. പരുക്കേറ്റ് ചികിത്സയിലുള്ള കാർ ഡ്രൈവർ അരീക്കോട് സൗത്ത് പുത്തലം സ്വദേശി തെക്കെപ്പുറത്ത് അബ്ദുൽ റൗഫി(27)ന് എതിരെ പൊലീസ് നരഹത്യയ്ക്കു കേസെടുത്തു. കാറിലുണ്ടായിരുന്ന അറയ്ക്കലകത്ത് ഫവാസ്(30), കിളിക്കല്ല് തെക്കെത്തൊട്ടി നൗഷാദ്(30) എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്.
നിലമ്പൂർ- നായാടംപൊയിൽ റോഡിൽ മണ്ണുപ്പാടം വളവിൽ ഇന്നലെ ഉച്ചയ്ക്ക് 3.30ന് ആണ് അപകടം. നിലമ്പൂരിലേക്കു പോകുകയായിരുന്ന ഫാത്തിമ സഞ്ചരിച്ച സ്കൂട്ടറിനെ, എതിർദിശയിൽ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു മറിഞ്ഞു. ഫാത്തിമയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കാർ ഡ്രൈവർ റൗഫും കൊടപ്പനക്കൽ റംഷാദ്(27), പറമ്പത്ത് ഇക്ബാൽ(30), മൂഴിൽ ഗഫാർ (24) എന്നിവരും പരുക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ഡ്രൈവറെയടക്കം മദ്യം മണക്കുന്നതായി ജില്ലാ ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ഡോക്ടർ കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കാറിൽ നിന്നു പൊലീസ് മദ്യക്കുപ്പികൾ കണ്ടെടുത്തു. പാലേമാട് ശ്രീ വിവേകാനന്ദ ആർട്സ് ആൻഡ് സയൻസ് കോളജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണു ഫാത്തിമ റാഷിദ. കക്കാടംപൊയിലിലേക്ക് ഉല്ലാസയാത്രയ്ക്കു പോകുകയായിരുന്നെന്ന് കാറിലുണ്ടായിരുന്നവർ പൊലീസിനു മൊഴി നൽകി.