go

പ്രതിസന്ധികൾ കളയല്ല, വളമാണ് ലിജുവിന്

 ലിജു ഏബ്രഹാം കൃഷിയിടത്തിൽ.
ലിജു ഏബ്രഹാം കൃഷിയിടത്തിൽ.
SHARE

നിലമ്പൂർ∙ ജീവിതത്തിലെ പ്രതിസന്ധികൾ വളർച്ചയ്ക്കുള്ള വളമാണെന്നാണ് ചുങ്കത്തറ കൃഷി ഓഫിസർ ലിജു ഏബ്രഹാം നൽകുന്ന പാഠം. സംസ്ഥാനത്തെ മികച്ച ഭിന്നശേഷി ഉദ്യോഗസ്ഥനുള്ള സർക്കാരിന്റെ പുരസ്കാരം തേടിയെത്തിയ സന്തോഷത്തിലാണ് ലിജു. നിലമ്പൂർ വീട്ടിക്കുത്ത് റിട്ട.എസ്ഐ വടക്കേച്ചിറയ്ക്കൽ വി.ജി.ഏബ്രഹാമിന്റയും സൂസന്നാമ്മയുടെയും മകനാണ് ലിജു. സെറിബ്രൽ പാൾസി രോഗം കുഞ്ഞുന്നാളിലെ ഇരുകാലുകളെയും തളർത്തിയതോടെ നടക്കാൻ ഊന്നുവടികൾ വേണ്ടിവന്നു. നിലമ്പൂർ ലിറ്റിൽ ഫ്ലവർ ഇഎച്ച്എസ്എസിൽ ഹൈസ്കൂൾ, ഗവ. മാനവേദൻ ജിഎച്ച്എസ്എസിൽ പ്ലസ്ടു എന്നിവ ഉയർന്ന മാർക്കോടെ പൂർത്തിയാക്കി. 

പ്ലസ്‌വണ്ണിനു പഠിക്കുന്നതിനിടെ 10 തവണ ശസ്ത്രക്രിയയ്ക്ക് വിധേയനായി ഒരു വർഷം മുഴുവൻ ആശുപത്രിക്കിടക്കയിൽ കഴിയേണ്ടി വന്നു. മാതാപിതാക്കൾ, അധ്യാപകർ, സഹപാഠികൾ എന്നിവരുടെ പ്രോത്സാഹനത്തോടെ കഷ്ടപ്പാടുകളെയെല്ലാം അതിജീവിച്ചു. തുടർന്ന് അഖിലേന്ത്യാ പ്രവേശന പരീക്ഷയെഴുതി തൃശൂർ കാർഷിക സർവകലാശാലയിൽ ബിരുദ പഠനത്തിനു പ്രവേശനം നേടി. അവിടെനിന്നു ബിരുദാനന്തര ബിരുദവും സ്വന്തമാക്കി.

25–ാം വയസ്സിൽ കൃഷി ഓഫിസറായി അമരമ്പലത്ത് നിയമനം കിട്ടി. ശാരീരിക പരിമിതിയുടെ പേരിൽ ഓഫിസിൽ ഒതുങ്ങിക്കൂടാൻ ലിജു തയാറായില്ല. കർഷകരെത്തേടി കൃഷിയിടങ്ങളിലേക്കിറങ്ങി. കുറഞ്ഞകാലംകൊണ്ട് ജനകീയ കൃഷി ഓഫിസറെന്ന പേരു നേടിയെടുത്തു. പച്ചക്കറിക്കൃഷി വികസനത്തിനും മികച്ച രീതിയിൽ സർക്കാർ പദ്ധതികൾ നടപ്പാക്കിയതിനും 2014ലും 2015ലും കൃഷി വകുപ്പിന്റെ ജില്ലാതല പുരസ്കാരം ലഭിച്ചു. 

ഭാര്യ പ്രെയ്സി എയ്ഞ്ചൽ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നഴ്സാണ്. രണ്ടു മക്കളുണ്ട്; ഡിവോണയും ഡാനയും. തിരുവനന്തപുരത്ത് 12ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങും.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama