go

പെരിന്തൽമണ്ണയെ വിറപ്പിച്ച മൂന്നാമത്തെ തീപിടിത്തം

 പെരിന്തൽമണ്ണയിൽ കത്തിനശിച്ച ഷോറൂം.
പെരിന്തൽമണ്ണയിൽ കത്തിനശിച്ച ഷോറൂം.
SHARE

പെരിന്തൽമണ്ണ∙ നഗരം കണ്ട മൂന്നാമത്തെ വലിയ തീപിടിത്തമാണ് ഇന്നലെ ഉണ്ടായത്. 25 വർഷം മുൻപായിരുന്നു പെരിന്തൽമണ്ണ കണ്ട ഏറ്റവും വലിയ തീപിടിത്തം. അന്ന് മാർക്കറ്റ് പൂർണമായി കത്തിനശിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരി 22ന് മൗലാന ആശുപത്രിയിൽ വലിയ തീപിടുത്തമുണ്ടായി. ഇന്നലെ തീപിടിത്തം ഉണ്ടായ ഉടനെ പൊലീസും അഗ്നിശമന സേനയും നാട്ടുകാരും വിവിധ സംഘടനകളും വ്യാപാരികളുമെല്ലാം ഒരേ മനസ്സോടെ രംഗത്തെത്തിയതോടെയാണ് 2 മണിക്കൂറിനകം തീ അണക്കാനായത്. 

  പെരിന്തൽമണ്ണയിൽ തീപിടിത്തസ്ഥലത്ത് തടിച്ചുകൂടിയവർ.
പെരിന്തൽമണ്ണയിൽ തീപിടിത്തസ്ഥലത്ത് തടിച്ചുകൂടിയവർ.

ഡിജിപി ഹേമചന്ദ്രൻ നേരിട്ട് ഫോണിൽ അഗ്നിരക്ഷാസേനാ യൂണിറ്റുകൾക്ക് അടിയന്തരമായി സ്ഥലത്തെത്താൻ നിർദേശം നൽകുകയായിരുന്നു. ഇതോടെയാണ് ‌9 യൂണിറ്റുകൾ പാഞ്ഞെത്തിയത്. 3 മിനിറ്റിനുള്ളിൽ 12,000 ലീറ്റർ വെള്ളം പമ്പ് ചെയ്യാൻ കഴിയുന്ന അധികശേഷിയുള്ള ഫയർ ബ്രൗസർ എത്തിയതോടെയാണ് തീയുടെ ഗതി നിയന്ത്രിക്കാനായത്. നഗരത്തിൽ മൗലാന, കിംസ് അൽശിഫാ ആശുപത്രികൾ വെള്ളം നിറച്ച് ടാങ്കർ ലോറികൾ വിട്ടുനൽകിയതും ഏറെ ആശ്വാസമായി. ഇതുമൂലം അഗ്നിരക്ഷാസേനാ വാഹനങ്ങൾക്ക് യഥാസമയം ആവശ്യത്തിനു വെള്ളം ലഭിച്ചു. 

നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയെങ്കിലും, ജനങ്ങൾ സ്വയം നിയന്ത്രണം ഏറ്റെടുത്തതിനാൽ തീ അണയ്ക്കലിനെ വിപരീതമായി ബാധിച്ചില്ല. ഓരോ തവണ വെള്ളവുമായി ടാങ്കർ ലോറി എത്തുമ്പോഴും സന്നദ്ധ പ്രവർത്തകർ സെക്കൻഡുകൾ‌ക്കുള്ളിൽ വഴിയൊരുക്കി. തീ പിടിത്തം ഉണ്ടായ ഉടനെ പൊലീസ് ദേശീയപാതയിൽ ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടതും ഗുണമായി. ഈ സമയം രോഗിയുമായെത്തിയ ആംബുലൻസ് സമയനഷ്‌ടം കൂടാതെ കടത്തി വിടാനും ആളുകൾ വഴിയൊരുക്കി. നല്ല കാറ്റുണ്ടായിരുന്നതു മാത്രമാണ് രക്ഷാപ്രവർത്തനത്തെ ചെറിയ തോതിലെങ്കിലും പ്രതികൂലമായി ബാധിച്ചത്.

ജില്ലാ പൊലീസ് മേധാവി യു.അബ്‌ദുൽ കരീമിന്റെ നിർദേശ പ്രകാരം ഡിവൈഎസ്‌പി വി.പി.ഷംസ്, സിഐ വി.ബാബുരാജ് എന്നിവരുടെ നേതൃത്വത്തിൽ സബ് ഡിവിഷനിൽ നിന്നുള്ള വലിയ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. തീ അടുത്ത വ്യാപാര സ്ഥാപനങ്ങളിലേക്ക് പടരുകയാണെങ്കിൽ എയർഫോഴ്‌സിന്റെ സേവനം തേടുന്നതിനു വരെ പൊലീസ് ഒരുക്കം നടത്തിയിരുന്നു. പാലക്കാട് ജില്ലയിലെ അഗ്നിരക്ഷാസേനാ യൂണിറ്റുകൾക്കും മുന്നറിയിപ്പു നൽകിയിരുന്നു. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama