go

പൊലീസായിട്ടും മത്സ്യത്തൊഴിലാളിയുടെ വേഷം, നെഞ്ചുവിരിച്ചുനിന്നു പറയുന്നു അഭിമാനമാണിത്

  പൊന്ത് വള്ളത്തിൽ കടലിൽ മീൻപിടിക്കുന്ന എസ്ഐ  ആൽബർട്ട്.
പൊന്ത് വള്ളത്തിൽ കടലിൽ മീൻപിടിക്കുന്ന എസ്ഐ ആൽബർട്ട്.
SHARE

പൊന്നാനി∙ കള്ളമാരെ മാത്രമല്ല നല്ല പിടയ്ക്കുന്ന മീനിനെയും എസ്ഐ ആൽബർട്ട് ‘വലവീശി’ പിടിക്കും. തെർമോക്കോൾ കൊണ്ടുണ്ടാക്കിയ പൊന്ത് വള്ളത്തിൽ കടലിലിറങ്ങി മീൻപിടിക്കുന്ന എസ്ഐ ആൽബർട്ട് ഫൈബർ വള്ളത്തിലും ബോട്ടിലും മീൻപിടിക്കുന്ന മത്സ്യത്തൊഴിലാളികളെ അമ്പരപ്പിക്കുകയാണ്. പൊന്നാനി തീരദേശ പൊലീസ് സ്റ്റേഷനിലെ എസ്ഐയാണ് ആൽബർട്ട്. ആകെ വിരലിലെണ്ണാവുന്ന പൊന്ത് വള്ളമാണ് പൊന്നാനിയിലുള്ളത്. അതിലൊന്നിലാണ് തുഴക്കോലും വലയുമായി എസ്ഐ കടലിലിറങ്ങുന്നത്. കാണുന്നവരെല്ലാം സൂക്ഷിക്കണേയെന്ന് വിളിച്ചുപറയുമ്പോൾ ആൽബർട്ട് അവരെ നോക്കിയൊന്ന് പുഞ്ചിരിക്കും. ആലപ്പുഴ പൊള്ളത്തൈ സ്വദേശി പി.ജെ.ആൽബർട്ടിന് കടൽ പേടിയല്ല, ജീവനാണ്. ജീവിതവും. 

ആൽബർട്ടിന്റെ ജീവിതത്തിൽ കടൽ എന്നും ആവേശമാണ്. ആലപ്പുഴയിലെ കടൽതീരത്താണ് ജനിച്ചത്. പൊലീസിലെത്തുന്നതിനു മുൻപുവരെയുള്ള ജീവിതം ചിരിച്ചും കരഞ്ഞും ആഘോഷിച്ചും തീർത്തത് കടലിനെ നോക്കിയാണ്. എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ കടലിൽ മീൻപിടിക്കാനിറങ്ങിത്തുടങ്ങി. പുസ്തകവും യൂണിഫോമും വാങ്ങിക്കാൻ മറ്റാരെയും ബുദ്ധിമുട്ടിക്കാതെ തന്നെ കടലിലിറങ്ങി മീൻപിടിച്ച് കാശ് ഒപ്പിച്ചു. പൊലീസിലെത്തിയപ്പോൾ കടൽ ബന്ധം കുറഞ്ഞു. 1997ൽ മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വകുപ്പിൽ ഡപ്യൂട്ടേഷനിൽ കൊച്ചിയിൽ വന്നു. അങ്ങനെ ജോലിക്കൊപ്പം ഒഴിവു സമയങ്ങളിൽ വീണ്ടും കടലിലിറങ്ങി തുടങ്ങി. 

പൊലീസായിട്ടും മത്സ്യത്തൊഴിലാളിയുടെ വേഷമണിയുന്നതിൽ സുഹൃത്തുക്കൾ പലരും കളിയാക്കിയെങ്കിലും അതൊരു അഭിമാനമാണെന്ന് നെഞ്ചിവിരിച്ചുനിന്ന് പറഞ്ഞു. 14 വർഷം മുൻപ് പൊന്നാനി പൊലീസ് സ്റ്റേഷനിൽ കോൺസ്റ്റബിളായി ജോലിക്കെത്തിയ കാലത്ത് വാഹനത്തിന്റെ ടയർ ട്യൂബിൽ കായലിലും പഴയിലും മീൻപിടിച്ചു തുടങ്ങി. പിന്നീട് ആലപ്പുഴയിൽനിന്ന് പൊന്ത് വള്ളം കൊണ്ടുവന്ന് കടലിലും ഇറങ്ങിത്തുടങ്ങി. മകൻ പാലക്കാട് ഗവ.പോളിടെക്നിക് വിദ്യാർഥിയായ അതുലും കൂടെ ഇറങ്ങും. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama