പൊന്നാനി ∙ ‘മരണം കൊതിച്ചാണ് കിടന്നിരുന്നത്. ശരീരത്തിന്റെ ഓരോ ഭാഗങ്ങളും തളർന്നു കൊണ്ടിരിക്കുമ്പോൾ, മനസ്സിനെയും ശരീരത്തെയും വേദന കാർന്നു തിന്നുമ്പോൾ മരണത്തിനു മാത്രമേ എന്തെങ്കിലും ചെയ്യാനാകൂവെന്ന് ഞാൻ കരുതി. ഓരോ രാത്രികളിലും മരണം പ്രതീക്ഷിച്ചു കിടന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ കിടപ്പിലായതാണ്. എത്ര വർഷങ്ങൾ കഴിഞ്ഞു. കൂടുതൽ തളർന്നതല്ലാതെ ഒരുമാറ്റവുമുണ്ടായില്ല. കൂടെ പഠിച്ചിരുന്നവരെല്ലാം വലിയ ക്ലാസുകളിലെത്തി. ഞാൻ മാത്രം താഴോട്ട് പോവുകയാണ്’ – മുണ്ടേക്കാട്ടിൽ നവാസ് ഇവിടെ തീരുകയായിരുന്നില്ല, തുടങ്ങുകയായിരുന്നു. മരണം കൊതിച്ചു കൊതിച്ച്...ഒടുവിൽ ജീവിതത്തിലേക്കുള്ള മടങ്ങിവരവിനായി പൊരുതിയ എടപ്പാൾ വെങ്ങിനിക്കര സ്വദേശി നവാസ് ഇന്ന് പൊന്നാനി ജിഎസ്ടി ഓഫിസറാണ്. പേരിനൊപ്പം ചാർട്ടേഡ് അക്കൗണ്ടന്റ് എന്ന് ചേർത്ത് വിളിക്കണം.
സിനിമാക്കഥയല്ല, ജീവിതമാണ്
കൂടെ പഠിച്ചവരെല്ലാം പത്താം ക്ലാസ് കഴിഞ്ഞുവെന്നറിഞ്ഞപ്പോൾ നവാസും ഒന്നു കൊതിച്ചു. എങ്ങനെയെങ്കിലും എസ്എസ്എൽസി എഴുതണം. പക്ഷേ, ആറാം ക്ലാസിൽ പഠനം നിർത്തിയയാൾ എങ്ങനെ എസ്എസ്എൽസി എഴുതും. പതിനെട്ടു വയസ്സുകഴിഞ്ഞാൽ ഓപ്പൺ എസ്എസ്എൽസി എഴുതാമെന്നറിഞ്ഞു. അങ്ങനെ പതിനെട്ടു തികയാൻ കാത്തിരുന്നു. സമയമായപ്പോൾ പരീക്ഷയ്ക്ക് അപേക്ഷിച്ചു. അയൽക്കാരനും അധ്യാപകനുമായ പി.കെ.ഗഫൂർ എന്ന പ്രിയപ്പെട്ട ഗഫൂർക്ക വീട്ടിലെത്തി ട്യൂഷൻ നൽകി. കിടക്കയിൽ കിടന്നും കഴിയാവുന്ന രീതിയിൽ ഇരുന്നുമാണ് പഠിച്ചത്. കൈകൾക്ക് വരെ വൈകല്യം ബാധിച്ചതിനാൽ പേന പിടിക്കാൻ കഴിഞ്ഞിരുന്നില്ല. നിശ്ചലമായ വിരലുകൾക്കിടയിൽ പേനതിരുകി വച്ച് എഴുതാൻ ശീലിച്ചു.
അങ്ങനെ പരീക്ഷയെഴുതാൻ ഹാൾടിക്കറ്റ് വന്നു. അവിടെ വീണ്ടും വിധി തിരിച്ചടിച്ചു. ശാരീരിക അസ്വസ്ഥതകൾ കൂടുതലായി. ആശുപത്രിയിലായി. അസ്വസ്ഥതകൾ മാറിയപ്പോഴേക്കും പരീക്ഷ കഴിഞ്ഞു. അങ്ങനെ ആ വർഷവും പരീക്ഷയെഴുതാൻ കഴിഞ്ഞില്ല. തൊട്ടടുത്ത വർഷം പരീക്ഷയെഴുതി. വാഹനത്തിലാണ് പരീക്ഷാ ഹാളിലെത്തിച്ചത്. എല്ലാവരും ബെഞ്ചിൽ വച്ച് എഴുതിയപ്പോൾ നവാസ് ഉത്തരക്കടലാസ് മടിയിൽ വച്ചാണ് എഴുതിയത്. ഒടുവിൽ പരീക്ഷാ ഫലം വന്നു. നവാസിന് സെക്കൻഡ് ക്ലാസ്.
വേദന ആസ്വദിക്കാൻ പഠിച്ചു
ശരീരം കീറി മുറിക്കുന്ന വേദനയായിരുന്നു നവാസിന്. വേദനയിൽ കരഞ്ഞിരുന്നാൽ മുന്നോട്ടുപോകാനാകില്ലെന്ന് അറിയാമായിരുന്നു. എടപ്പാൾ ദാറുൽ ഹിദായയിൽ പ്ലസ്ടുവിന് സീറ്റ് കിട്ടി. പക്ഷേ, വല്ലപ്പോഴും മാത്രമേ ക്ലാസിൽ പോകാൻ കഴിഞ്ഞുള്ളൂ. ക്ലാസിൽ പോയാൽ തന്നെ അധികനേരം ഇരിക്കാൻ കഴിഞ്ഞതുമില്ല. പ്ലസ്വൺ പരീക്ഷയുടെ തലേദിവസവും ഒരേ കിടപ്പായിരുന്നു. ഇതിനിടയിലാണ് അയൽക്കാരൻ ടി.സുലൈമാനിക്ക വീട്ടിലെത്തി നാളെ പരീക്ഷയാണെന്ന് ഓർമിപ്പിക്കുന്നത്. അങ്ങനെ ഇരുന്ന് പഠിക്കാൻ തുടങ്ങി. പ്ലസ്ടു പരീക്ഷയിലും നവാസ് താരമായി. ഫസ്റ്റ് ക്ലാസ് മാർക്ക്.!
വേദന സഹിച്ചും വീട്ടിലിരുന്ന് പഠിച്ച നവാസിനെയോർത്ത് വീട്ടുകാരുടെ കണ്ണുനിറഞ്ഞു. എടപ്പാൾ ദാറുൽഹിദായ കോളജിൽ അഡ്മിഷൻ കിട്ടി. അങ്ങനെ ആറാം ക്ലാസിനു ശേഷം സ്ഥിരമായി ക്ലാസിൽ പോകുന്നതും ക്ലാസിലെ ബഹളങ്ങൾ കേൾക്കുന്നതും കോളജിൽ വച്ചാണ്. അതൊരു പുതിയ അനുഭവമായി. ഒപ്പം ഒരു ആവേശവും. കോളജിലെ സുഹൃത്തുക്കളെല്ലാം സഹായത്തിന് കൂടെ നിന്നു. ഡിഗ്രിയും നേടിയതോടെ കൂടുതൽ ആത്മവിശ്വാസമായി. സിഎ എഴുതിയെടുക്കണമെന്ന മോഹം വന്നു. അതിനുള്ള പരിശ്രമങ്ങൾ തുടങ്ങി. പുതിയൊരു ജീവിതം സ്വപ്നം കണ്ട് തുടങ്ങിയപ്പോൾ വീണ്ടും രോഗം തളർത്തി. പഴയതിനെക്കാൾ മോശമായ അവസ്ഥയിലേക്ക് എത്തി. സർജറി കഴിഞ്ഞു. ദൈവം കൈവിട്ടില്ല, എല്ലാം ശരിയാകുകയായിരുന്നു. ശരീരം കുറേയൊക്കെ വഴങ്ങാൻ തുടങ്ങി. ഒറ്റയ്ക്ക് നടക്കാനും ഇരിക്കാനും സാധിച്ചു. ഇതിനിടയ്ക്ക് കൊമേഴ്സ്യൽ ടാക്സ് ഓഫിസറുടെ പിഎസ്സി പരീക്ഷ വന്നു. കിട്ടില്ലെന്ന് ഉറപ്പിച്ചു കൊണ്ട് തന്നെ പോയി എഴുതി.
ദൈവത്തിന്റെ ദിനങ്ങൾ
2018 ജൂലൈ 7ന് നവാസിന്റെ വിവാഹം ഉറപ്പിച്ചു. വിവാഹത്തലേന്ന് ജിഎസ്ടി ഓഫിസറായി നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് വീട്ടിലെത്തി. 16ന് ജോലിയിൽ പ്രവേശിച്ചു. സ്വപ്നമായി അവശേഷിച്ചിരുന്ന സിഎയുടെ ഫലം 20ന് പുറത്തുവന്നു. നവാസ് ചാർട്ടേഡ് അക്കൗണ്ടന്റായി. അത്രയും കാലം അനുഭവിച്ചു തീർത്ത സകല വേദനകളുടെയും ഫലം 2018 ജൂലൈ 7 മുതൽ 20 വരെയുള്ള തീയതികളിൽ നവാസ് അനുഭവിച്ചു. നവാസിനെക്കാൾ മകൻ എഴുന്നേറ്റ് നടക്കുന്നത് കാണാൻ ആഗ്രഹിച്ച ഉമ്മ ആമിന പടച്ചോനോട് ഹൃദയം തുറന്ന് നന്ദി പറയുകയാണിപ്പോൾ.