പുതുവർഷം കാത്തിരിക്കുന്നു; ഹൈസ്പീഡ് കാലം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mumbai-gate

മുംബൈ ∙ യാത്രാക്ലേശത്തിൽ വലയുന്ന മുംബൈ ജനതയ്ക്കു പുതുവർഷത്തിൽ പ്രതീക്ഷയർപ്പിക്കാവുന്ന വികസന പദ്ധതികൾ പലതുണ്ട്.
മുംബൈ-നാഗ്പുർ എക്സ്പ്രസ്‌വേ, തീരദേശ റോഡ്, ബാന്ദ്ര-വെർസോവ സീലിങ്ക്, ശിവ്‌രി-നാവസേവ സീലിങ്ക്, നവിമുംബൈ രാജ്യാന്തര വിമാനത്താവളം, മുളുണ്ട്-ഗൊരേഗാവ് ലിങ്ക് റോഡ് തുടങ്ങിയവയാണിവയിൽ പ്രധാനം. സമയബന്ധിതമായി പൂർത്തിയായാൽ പുതിയ ഹൈസ്പീഡ് കാലത്തിലേക്കു കുതിപ്പു നടത്താം മുംബൈ നിവാസികൾക്ക്.

ബാന്ദ്ര– വെർസോവ കടൽപാലത്തിന് പച്ചക്കൊടി

ബാന്ദ്ര-വർളി കടൽപ്പാലം (ഫയൽ ചിത്രം). ബാന്ദ്ര-വർളി കടൽപ്പാലം (ഫയൽ ചിത്രം).

വർളി-ബാന്ദ്ര ദൂരം വെട്ടിക്കുറച്ച സീലിങ്കിനു കൂട്ടായിവരുന്ന ബാന്ദ്ര-വെർസോവ സീലിങ്ക് നിർമാണത്തിനും സർക്കാരിന്റെ പച്ചക്കൊടിയായിക്കഴിഞ്ഞു. മന്ത്രിസഭ അംഗീകരിച്ചിട്ട് എട്ടുവർഷമായിട്ടും എങ്ങുമെത്താതെ കിടന്ന പദ്ധതിയാണിത്.
ഉല്ലാസയാത്രക്കാരുടെ കൗതുകമായി മാറിയ വർളി-ബാന്ദ്ര സീലിങ്ക് വഴി പശ്ചിമ മുംബൈയിലെ യാത്രക്കാർക്കുണ്ടായ നേട്ടത്തിന്റെ ഇരട്ടി നേട്ടമാണ് പുതിയ സീലിങ്കിലൂടെ നേടാൻ പോകുന്നത്. 7500 കോടി രൂപ ചെലവു കണക്കാക്കുന്ന പദ്ധതിയുടെ നിർമാണം വൈകാതെ ആരംഭിക്കാനാണു സാധ്യത. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡവലപ്മെന്റ് കോർപറേഷനാണു പദ്ധതി നടപ്പിലാക്കുന്നത്. ടെൻഡറുകൾ മൂന്നുമാസത്തിനുളളിൽ ക്ഷണിക്കും.

മുംബൈ– കൊങ്കൺ കടൽപാലം: നിർമാണം ജനുവരിയിൽ

മുംബൈയെയും കൊങ്കൺ മേഖലയെയും ബന്ധിപ്പിക്കുന്ന ശിവ്‌രി-നാവസേവ സീ ലിങ്ക് ഇരുകരകളും തമ്മിലുള്ള യാത്ര ഏറെ സുഗമമാക്കും. ഇപ്പോൾ ചുറ്റിക്കറങ്ങി പോകുന്നവർക്കു കടൽകടന്ന് എളുപ്പത്തിൽ കൊങ്കണിലേക്കു കടക്കാം. 14,000 കോടി രൂപ ചെലവിൽ നിർമിക്കുന്ന കടൽപാലത്തിന്റെ നീളം 21.8 കിലോമീറ്ററാണ്. രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപാലമായിരിക്കുമിത്.

മുംബൈയിൽനിന്നു നവിമുംബൈ, കൊങ്കൺ, പുണെ എന്നിവിടങ്ങളിലേക്കുളള യാത്ര സുഗമമാക്കുന്നതിനു പുറമെ, ആ മേഖലയുടെ വികസനത്തിനും പദ്ധതി വഴിതുറക്കും.രണ്ടു പതിറ്റാണ്ടായി മുടങ്ങിക്കിടക്കുന്ന പദ്ധതിയുടെ നിർമാണം ജനുവരിയിൽ ആരംഭിക്കും.നിർമാണവുമായി ബന്ധപ്പെട്ട് രണ്ടു കരാറുകൾ ലാർസൻ ആൻഡ് ട്ര്യൂബ്രോ, ജപ്പാൻ സ്ഥാപനമായ ഐഎച്ച്ഐ ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളുമായി ഈ മാസം 26ന് ഒപ്പിട്ടു.

16,000 കോടി ചെലവിൽ നവിമുംബൈ വിമാനത്താവളം

നിർദിഷ്ട നവിമുംബൈ വിമാനത്താവളത്തിന്റെ രൂപരേഖ നിർദിഷ്ട നവിമുംബൈ വിമാനത്താവളത്തിന്റെ രൂപരേഖ

നവിമുബൈയിലെ നിർദിഷ്ട വിമാനത്താവളം 2019ൽ പ്രവർത്തനസജ്ജമാകുമെന്നാണു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രണ്ടു മാസം മുൻപു പ്രഖ്യാപിച്ചത്. 16,000 കോടി പദ്ധതി ചെലവുളള പദ്ധതിയുടെ നിർമാണം ജനുവരിയിൽ ആരംഭിച്ചേക്കും.
ആദ്യഘട്ടം 2019ൽ തന്നെ പൂർത്തിയാക്കണമെന്ന വാശിയിലാണു സിഡ്കോ. പൻവേലിനടുത്താണു പുതിയ വിമാനത്താവളം വരുന്നത്.ഭൂമിയേറ്റെടുക്കലിലുണ്ടായിരുന്ന തടസ്സങ്ങളും പാരിസ്ഥിതിക തർക്കങ്ങളും ഏറെക്കുറെ പരിഹരിച്ചുകഴിഞ്ഞു.

അതിവേഗം പുരോഗമിക്കുന്നു മുംബൈ-നാഗ്പുർ എക്സ്പ്രസ്‌വേ

mumbai-road

മുംബൈ-നാഗ്പുർ എക്സ്പ്രസ് വേയ്ക്ക് ആവശ്യമായ 9330 ഹെക്ടർ സ്ഥലം ഏറ്റെടുത്തുകഴിഞ്ഞതായി പൊതുമരാമത്തു മന്ത്രി ഏക്നാഥ് ഷിൻഡെ നിയമസഭയിൽ അറിയിച്ചിരുന്നു. അതിവേഗത്തിലാണു നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 46,000 കോടി രൂപയാണു ചെലവ്. 11,000 കോടി രൂപ സംസ്ഥാന റോഡ് വികസന വകുപ്പായ എംഎസ്ആർഡിസി നൽകും. ബാക്കി വായ്പയിനത്തിൽ സ്വരൂപിക്കും. ദക്ഷിണ കൊറിയയുമായി സഹകരിച്ചാണു പദ്ധതി നടപ്പിലാക്കുന്നത്.

സംസ്ഥാനത്തിന്റെ ഒരറ്റത്തുനിന്ന് അടുത്ത അറ്റം വരെ നീളുന്ന പാത, മുംബൈ-നാഗ്പുർ റൂട്ടിലെ എല്ലാ ജില്ലകളിലേക്കുമുളള യാത്ര സുഗമമാക്കും. സമൃദ്ധി മാർഗ് എന്ന എക്സ്പ്രസ് വേയുടെ നിർമാണത്തോടൊപ്പം പാത കടന്നുപോകുന്ന മേഖലകൾ വികസിപ്പിക്കുകയും ചെയ്യുമെന്നാണു മുഖ്യമന്ത്രിയുടെ ഉറപ്പ്.


വടക്കൻ മേഖലയ്ക്ക് തീരദേശ റോഡ്

നിർദിഷ്ട തീരദേശപാതയുടെ രൂപരേഖ നിർദിഷ്ട തീരദേശപാതയുടെ രൂപരേഖ

പുതുവർഷത്തിൽ നിർമാണം ആരംഭിക്കുന്ന മറ്റൊരു പദ്ധതിയാണു ദക്ഷിണ മുംബൈയിലെ മറൈൻ ലൈൻസിൽ തുടങ്ങി ഉത്തര പശ്ചിമ മുംബൈയിലെ കാന്തിവ്‌ലിയിൽ അവസാനിക്കുന്ന തീരദേശ റോഡ്. ഇതു മുംബൈയുടെ വടക്കു മേഖലയിൽ താമസിക്കുന്നവർക്കു നഗരത്തിലേക്കുളള യാത്രാക്ലേശം കുറയ്ക്കും. 29.2 കിലോമീറ്റർ നീളമുളള പാതയുടെ ചെലവു 14,000 കോടി രൂപയാണ്.

മുളുണ്ട് -ഗോരെഗാവ് ലിങ്ക് റോഡ്

കിഴക്കൻ മുംബൈയെ പടിഞ്ഞാറൻ മുംബൈയുമായി അടുപ്പിക്കുന്ന ലിങ്ക് റോഡാണിത്. മുളുണ്ടിനും ഗോരെഗാവിനും ഇടയിൽ മലയും കാടുമായതിനാൽ നഗരാതിർത്തിയിലുളള മുളുണ്ട്, താനെ തുടങ്ങിയ മേഖലയിലെ ജനങ്ങൾ പശ്ചിമ മുംബൈയിലെത്താൻ ചുറ്റിക്കറങ്ങി വരണം. മലയിലൂടെയും കാട്ടിലൂടെയും നീങ്ങുന്ന ഈ റോഡ് പദ്ധതിയുടെ നിർമാണ ചെലവ് 3800 കോടിയാണ്. സഞ്ജയ് ഗാന്ധി നാഷനൽ പാർക്കിനു നാശമുണ്ടാകാതിരിക്കാൻ 4.7 കിലോമീറ്റർ പാത തുരങ്കത്തിലൂടെ ആയിരിക്കും.

റോഡ് പദ്ധതികൾ വൈകരുത്; മാറണം ഗതാഗതക്കുരുക്ക്

mumbai-renjini-liza-varghese

ലോക്കൽ ട്രെയിനും മെട്രോയും കൂടാതെ റോഡിനെ ആശ്രയിക്കുന്നവരും നഗരത്തിൽ ലക്ഷക്കണക്കിനാണ്. പുതിയ പദ്ധതികൾ ഇവരുടെ ദുരിതങ്ങൾ കുറയ്ക്കും. എന്നാൽ, നിർമാണസമയത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി ഒഴിവാക്കണം. ഇപ്പോൾ നടക്കുന്ന മെട്രോ പദ്ധതി നിർമാണം യാത്രക്കാർക്കും വാഹനങ്ങൾക്കും ഏറെ പ്രശ്നമുണ്ടാക്കുന്നുണ്ട്. നഗരത്തിൽ വാഹനങ്ങളും ജനസംഖ്യയും ദിനംപ്രതി പെരുകുന്നു. അതിനാൽ, പദ്ധതികൾ കാലതാമസമില്ലാതെ നടപ്പാക്കണം.

രഞ്ജിനി ലിസ വർഗീസ്, മാധ്യമപ്രവർത്തക, കാമോഠെ

mumbai-James-philp

മുംബൈയിൽ ഇപ്പോൾ റോഡ് വഴിയുള്ള യാത്ര ദുരിതം നിറഞ്ഞതാണ്; വാഹനത്തിലായാലും നടന്നായാലും. അടിസ്ഥാന സൗകര്യങ്ങൾ വർധിക്കുന്നതോടെ വാഹനങ്ങൾ സുഗമമായി നീങ്ങും. ചുറ്റിക്കറക്കം കുറയും. ഇപ്പോഴുള്ള പദ്ധതികൾ പൂർത്തിയായാൽ പല സ്ഥലത്തും സ്ഥിരമായി അനുഭവപ്പെടുന്ന ഗതാഗത തടസ്സം നീങ്ങുമെന്ന കാര്യത്തിൽ സംശയമില്ല. ഉദാഹരണത്തിന്, ശിവ്‌രി - നാവസേവ പാലം വന്നാൽ സയൺ - പൻവേൽ ദേശീയപാതയിലെ ഗതാഗതക്കുരുക്കു മാറും.

ജയിംസ് ഫിലിപ്പ്, എൻജിനീയറിങ് ഓഫിസർ (സിവിലിയൻ), ‌നാവികസേന, കൊളാബ

mumbai-Jayan-Varghese

അടിസ്ഥാന സൗകര്യ പദ്ധതികൾ കൃത്യമായി നടപ്പാക്കിയാൽ തീർച്ചയായും നഗരത്തിന്റെ മുഖച്ഛായ മാറും. ലോവർ പരേൽ ചില വർഷങ്ങൾക്കു മുൻപു മാത്രം വികസിപ്പിച്ച ബിസിനസ് ഹബ്ബാണ്. എന്നാൽ, ഇവിടേക്കു വാഹനം എത്തിക്കുക കഠിനം. റോഡിനു വീതി കുറവ്; കൂട്ടാനും സൗകര്യമില്ല. അത്രയ്ക്കടുത്താണു കെട്ടിടങ്ങൾ. പ്ലാനിങ് ഇല്ലാത്തിന്റെ കുറവാണിത്. കൃത്യമായ ആസൂത്രണത്തോടെയാണു പദ്ധതികൾ നടപ്പാക്കേണ്ടത്.

ജയൻ വർഗീസ്, മാർക്കറ്റിങ് എക്സിക്യൂട്ടിവ്, മുംബൈ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.