go

സോലാപുരിന് 3164 കോടിയുടെ വികസനസ്വപ്നം

mby-modi–solapur
ഇനിയുമൊരു അങ്കത്തിന് ബാല്യം....സോലാപുരിൽ പദ്ധതി പ്രഖ്യാപന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും ഗവർണർ സി. വിദ്യാസാഗർ റാവുവിനും ഒപ്പം ചിത്രം പിടിഐ
SHARE

സോലാപുർ ∙ കോൺഗ്രസ്-എൻസിപി പാർട്ടികളുടെ തട്ടകമായ പശ്ചിമ മഹാരാഷ്ട്രയിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ 3164 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കു തുടക്കം കുറിച്ചു പ്രധാനമന്ത്രി. മേഖലയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അനൗദ്യോഗിക തുടക്കമെന്നോണം സംഘടിപ്പിച്ച പരിപാടി പാർട്ടിശക്തിപ്രകടനത്തിനുള്ള വേദി കൂടിയാക്കി ബിജെപി സംസ്ഥാന ഘടകം.

പ്രധാനമന്ത്രി തുടക്കമിട്ട പദ്ധതികൾ

∙ ഭൂഗർഭ അഴുക്കുചാൽ സംവിധാനം, മൂന്നു മാലിന്യ സംസ്കരണ പ്ലാന്റുകൾ എന്നിവയുടെ ഭൂമിപൂജ - ചെലവ് 1100 കോടി രൂപ.
∙ പശ്ചിമ മഹാരാഷ്ട്രയിൽ നിന്ന് മറാഠ്‌വാഡ മേഖലയിലേക്കുള്ള സോലാപുർ-ഉസ്മാനബാദ് നാലുവരി ദേശീയ പാത ഉദ്ഘാടനം.
∙ കുറഞ്ഞ നിരക്കിലുള്ള 30,000 വീടുകളുടെ ഭവനപദ്ധതി ശിലാസ്ഥാപനം - ചെലവ് 1811 കോടി രൂപ.
∙ സോലാപുർ സ്മാർട്ട് സിറ്റി ജലവിതരണ പദ്ധതിയുടെയും മാലിന്യ പ്ലാന്റിന്റെയും ഭൂമിപൂജ - ചെലവ് 244 കോടി രൂപ

ജനകീയ പ്രശ്നങ്ങളെ കുറിച്ച് മോദി എന്തേ മിണ്ടാത്തത്: കോൺഗ്രസ്

വരൾച്ചയും ശുദ്ധജലക്ഷാമവും കാർഷിക പ്രതിസന്ധിയും ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയിലെത്തിയ പ്രധാനമന്ത്രി ജനങ്ങളെ ബാധിക്കുന്ന ഇൗ വിഷയങ്ങളെക്കുറിച്ചൊന്നും ഒരു വാക്കു പോലും പറയാതെയാണ് മടങ്ങിയതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.   ജനങ്ങൾക്കുവേണ്ടിയാണ് ഭരണമെന്ന് അവകാശപ്പെടുന്ന മോദി ജനകീയ വിഷയങ്ങളെ അവഗണിച്ച്  രാഷ്ട്രീയ നേട്ടത്തിനുതകുംവിധം പ്രതിപക്ഷത്തെ അധിക്ഷേപിക്കാനാണു സമയം ചെലവഴിച്ചതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

ജനങ്ങളുടെ പ്രശ്നങ്ങൾ അവഗണിക്കുന്നതായി ആരോപിച്ച്  പ്രതിഷേധത്തിനു ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അടിച്ചമർത്തിയെന്ന് പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീൽ ആരോപിച്ചു. മോദി സർക്കാർ സോലാപുരിനെ പൂർണമായി അവഗണിക്കുകയായിരുന്നെന്നും ഇവിടെ നിന്ന് ഒരു മീറ്റർ തുണിപോലും കേന്ദ്ര സർക്കാരിനായി വാങ്ങിയിട്ടില്ലെന്നും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുശീൽകുമാർ ഷിൻ‍ഡെ കുറ്റപ്പെടുത്തി.  
മെത്തകൾക്കും കിടക്കവിരികൾക്കും പേരുകേട്ട സ്ഥലമാണ് സോലാപുർ.

‘മിഷേൽ മാമ’നുമായുള്ള  ഇടപാട് കോൺഗ്രസ് വ്യക്തമാക്കണം: മോദി

സോലാപുർ (മഹാരാഷ്ട്ര) ∙ റഫാൽ ഇടപാടിന്റെ പേരിൽ ബഹളം വയ്ക്കുന്ന കോൺഗ്രസ്, തങ്ങളുടെ ഏതു നേതാവിനാണ് ‘മിഷേൽ മാമ’നുമായി ഇടപാടുണ്ടായിരുന്നതെന്ന് പറയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.    അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യൻ മിഷേൽ, റഫാൽ യുദ്ധവിമാനങ്ങളുടെ എതിരാളിയായ യൂറോ ഫൈറ്റ് യുദ്ധവിമാന കമ്പനിക്കുവേണ്ടി  യുപിഎ സർക്കാരിനെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നുവെന്ന അഭ്യൂഹം പരാമർശിച്ചാണ് വെല്ലുവിളി.

മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 % സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ലോക്സഭ പാസാക്കിയത് നുണ പ്രചരിപ്പിച്ചു നടക്കുന്നവർക്കുള്ള ചുട്ട മറുപടിയാണെന്നും പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി  പറഞ്ഞു. ദലിതരും ആദിവാസികളും അടക്കമുള്ളവരുടെ സംവരണത്തെ പുതിയ സംവരണം ബാധിക്കില്ല.

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama