go

വിള ഇൻഷുറൻസ് റഫാലിനേക്കാൾ വലിയ തട്ടിപ്പ്: ഉദ്ധവ് താക്കറെ

mby-udhay-thakkare
SHARE

മുംബൈ∙ കേന്ദ്ര സർക്കാരിന്റെ വിള ഇൻഷുറൻസ് പദ്ധതി റഫാൽ ഇടപാടിനേക്കാൾ വലിയ കുംഭകോണമാണെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ.    വരൾച്ച നേരിടുന്ന മറാഠ്‌വാഡ മേഖലയിലെ ബീഡ് ജില്ലയിൽ പാർട്ടി പ്രവർത്തകരുടെ റാലിയെ അഭിസംബോധന ചെയ്യവെയാണ്   ‘പ്രധാനമന്ത്രി ഫസൽ ഭീമ യോജ്‌ന’ എന്ന പേരിൽ 2015ൽ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പദ്ധതിയെ ഉദ്ധവ് കടന്നാക്രമിച്ചത്.പ്രധാനമന്ത്രിയുടെ വിദേശപര്യടനങ്ങളെ യും ഉദ്ധവ് വിമർശിച്ചു. ഇന്നു റഷ്യ, നാളെ ജപ്പാൻ, മറ്റന്നാൾ ചൈന എന്ന മട്ടിൽ ഓരോ ദിവസവും മോദി വ്യത്യസ്ത രാജ്യങ്ങൾ സന്ദർശിച്ച് നമ്മുടെ രാജ്യം മാറ്റത്തിന്റെ പാതയിലാണെന്ന് അവകാശപ്പെടുമ്പോഴും ജനങ്ങളുടെ അവസ്ഥയ്ക്കും  ദുരിതങ്ങൾക്കും മാത്രം മാറ്റമൊന്നുമില്ല.

മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണത്തെ പരാമർശിച്ച് മൻ കീ ബാത് താൻ ചെയ്യാറില്ല. പക്ഷെ ജൻ കീ ബാത് (ജനങ്ങൾക്ക് പറയാനുള്ളത്) സംസാരിക്കുന്നതാണ് തനിക്കിഷ്ടം-ഉദ്ധവ് പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്രമോദി സോലാപ്പുരിലുള്ള ദിവസം തന്നെ ഉദ്ധവ് നടത്തിയ കടന്നാക്രമണം ദിവസങ്ങൾക്ക് മുൻപ് ബിജെപി അധ്യക്ഷൻ അമിത്ഷാ സഖ്യകക്ഷികൾക്ക് നൽകിയ മുന്നറിയിപ്പിനുള്ള മറുപടിയായി വിലയിരുത്തപ്പെടുന്നു.

സഖ്യകക്ഷികൾ ഒപ്പം നിന്നാൽ വിജയിപ്പിക്കും; അല്ലാത്തപക്ഷം അവരെയും പരാജയപ്പെടുത്തും എന്നായിരുന്നു ഞായറാഴ്ച ലാത്തൂരിൽ  അമിത്ഷാ പറഞ്ഞത്. പാർട്ടി മുഖപത്രമായ സാമ്‌നയിലൂടെ കേന്ദ്ര, സംസ്ഥാന സർക്കാരുകളെയും മോദിയെയും ശിവസേന നിരന്തരം വിമർശിക്കാറുണ്ടെങ്കിലും പാർട്ടി അധ്യക്ഷൻ തന്നെ വിമർശനത്തിന്റെ കുന്തമുനയുമായി എത്തുന്നത് വിരളമാണ്.  തനിച്ചു മത്സരിക്കാൻ സേന തയാറാണെന്നും 48 സീറ്റുകളിൽ 40ലും വിജയമാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അമിത് ഷാ പറഞ്ഞിരുന്നു.

ഇൻഷുറൻസ് കമ്പനിക്ക് തവണകൾ അടച്ച എത്ര പേർക്ക് സർക്കാരിന്റെ വിള ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചു? മിക്കവർക്കും 2 രൂപയുടെയും 5 രൂപയുടെയുമൊക്കെ ചെക്കാണ് ലഭിച്ചത്. 50, 100 രൂപയുടെ ചെക്ക് ലഭിച്ചവരും ഉണ്ട്. വിള ഇൻഷുറൻസ് പദ്ധതിയിൽ ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. ഈ വിഷയത്തിൽ വിദഗ്ധനായ പത്രപ്രവർത്തകൻ സായ്‌നാഥ് റഫാൽ ഇടപാടിനേക്കാൾ വലിയ അഴിമതിയാണ് വിള ഇൻഷുറൻസിൽ ഉണ്ടായതെന്നാണ് പറഞ്ഞിട്ടുള്ളത്-

സഖ്യചർച്ചകളെക്കുറിച്ച് ചിന്തിക്കുന്നതിനു മുൻപ് സർക്കാർ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കട്ടെ. സത്യം പറയുന്നത് കൊണ്ട് ഒരു വോട്ടുപോലും കിട്ടിയില്ലെങ്കിലും പ്രശ്‌നമില്ല. പക്ഷെ തിരഞ്ഞെടുപ്പ് ജയിക്കാൻ കള്ളം പറയാൻ വയ്യ. കർഷകരുടെ കണ്ണീരൊപ്പാനോ അയോധ്യയിൽ രാമക്ഷേത്രനിർമാണത്തിനോ കേന്ദ്രത്തിനു കഴിഞ്ഞിട്ടില്ല. രാമക്ഷേത്ര നിർമാണം കോടതി തീരുമാനിക്കുമെങ്കിൽ എന്തിന് പ്രകടനപത്രികയിൽ ഉൾപ്പെടുത്തി?- ഉദ്ധവ് താക്കറെ

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama