go

മധ്യസ്ഥനായി മോദി; ബിജെപി– ശിവസേന മഞ്ഞുരുകുമോ?

Modi-Uddhav-Thackeray
SHARE

മുംബൈ ∙ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷവിമർശനം തുടരുന്ന ശിവസേനയെ അനുനയിപ്പിച്ച് വരുതിയിലാക്കാൻ ബിജെപി സംസ്ഥാന നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രംഗത്തിറക്കിയേക്കും. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സ്വപ്ന പദ്ധതിയായ മുംബൈ-നാഗ്പുർ എക്സ്പ്രസ് വേയുടെ ഭൂമിപൂജ പ്രധാനമന്ത്രിയെ എത്തിച്ചു നടത്താനാണ് സംസ്ഥാന സർക്കാർ നിശ്ചയിച്ചിട്ടുള്ളത്.

ആ ചടങ്ങിൽ വിശിഷ്ടാതിഥിയായി ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയെ എത്തിച്ച് ‘ബിജെപി–സേന ഐക്യം’ പുനഃസ്ഥാപിക്കാനാണ് ആലോചന.700 കിലോമീറ്റർ ദൂരം  50,000 കോടിയിലേറെ രൂപ മുടക്കി നിർമിക്കുന്ന എക്സ്പ്രസ് വേയുടെ ഭൂമിപൂജാ തീയതി  ഉടൻ പ്രഖ്യാപിക്കും.  ചടങ്ങിൽ ബിജെപിയുടെ ക്ഷണം ഉദ്ധവ് സ്വീകരിച്ച് വേദിയിൽ എത്തിയാൽ ഐക്യത്തിലേക്കുള്ള പാലമാകുമത് എന്നാണ് കണക്കുകൂട്ടൽ.

അകന്നു നിൽക്കുന്ന ഉദ്ധവുമായുള്ള ചർച്ചകൾ ബിജെപിക്ക് അവിടെ നിന്നു തുടങ്ങാനായേക്കും. പരോക്ഷ ഇടനിലക്കാരനായി മോദിയെ തന്നെ രംഗത്തിറക്കാനാകുന്നത് പ്രശ്നപരിഹാരത്തിന് ഏറ്റവും മികച്ച പോംവഴിയാണ്.  ഉദ്ധവ് ചടങ്ങിനെത്തിയാൽ അദ്ദേഹത്തെ കയ്യിലെടുക്കുന്ന വിധമുള്ള പ്രസംഗവും പ്രകടനവും പ്രധാനമന്ത്രിയിൽ നിന്നുണ്ടായേക്കാം.

അതോടെ, മഞ്ഞുരുകുമെന്നാണു മുഖ്യമന്ത്രിയുടെ കണക്കുകൂട്ടൽ.ഉദ്ധവ് താക്കറെയുടെ വിശ്വസ്തനായ സംസ്ഥാന പൊതുമരാമത്തു വകുപ്പു മന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെയുടെ കീഴിൽ വരുന്ന മഹാരാഷ്ട്ര റോഡ് ഡവലപ്മെന്റ് കോർപറേഷനുമായി ബന്ധപ്പെട്ടതാണ് എക്സ്പ്രസ് വേ പദ്ധതി. അതിനാൽ ഏക്നാഥ് ഷിൻഡെയും ഉദ്ധവിനെ ഭൂമിപൂജാ ചടങ്ങിലെത്തിക്കാൻ ശ്രമിക്കുമെന്നതും സംസ്ഥാന ബിജെപിക്ക് സഹായകരമാകും.

സഖ്യം വെടിഞ്ഞ് ശിവസേന ശക്തി തെളിയിക്കട്ടെ:എൻസിപി

അമിത് ഷായുടെ അവഹേളനത്തിന്റെ വെല്ലുവിളിയുടെയും പശ്ചാത്തലത്തിൽ ബിജെപിയുമായുള്ള സഖ്യം വെടിഞ്ഞ് തങ്ങളുടെ ശക്തിയെന്തെന്നു തെളിയിക്കാൻ ശിവസേന തയാറാകണമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ ആവശ്യപ്പെട്ടു.ഒരു വശത്ത് വിമർശനം തുടരുകയും അതോടൊപ്പം സഖ്യം വിടാതിരിക്കുകയും ചെയ്യുന്നത് വിചിത്രമാണ്. കഴിഞ്ഞ ദിവസം മുംബൈയിലെ ഹോട്ടലിലെത്തി ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് അറിയുന്നത്. എന്താണ് ഇൗ രാഷ്ട്രീയ നാടകങ്ങളുടെ അർഥമെന്നും ജയന്ത് പാട്ടീൽ ചോദിച്ചു.

മോദി ഹിറ്റ്‍ലറെ പോലെ: ഷിൻഡെ

പ്രധാന മന്ത്രി ഹിറ്റ്ലറെപ്പോലെയാണു പെരുമാറുന്നതെന്നും പ്രതിപക്ഷത്തിന്റെ കഴുത്തു ഞെരിക്കുന്ന രീതിയാണ് അദ്ദേഹത്തിന്റേതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് സുശീൽകുമാർ ഷിൻഡെ ആരോപിച്ചു. കഴിഞ്ഞ ദിവസം ഷിൻഡെയുടെ നാടായ സോലാപുരിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഭൂമിപൂജയ്ക്ക് പ്രധാനമന്ത്രി എത്തിയ വേളയിൽ യൂത്ത് കോൺഗ്രസ് വിദ്യാർഥി നേതാക്കളെ പൊലീസ് ലാത്തിച്ചാർജ് ചെയ്തതിനു പിന്നാലെയാണ് വിമർശനം.

മുന്നാക്ക സംവരണം കേന്ദ്രഭരണ പരാജയം കാരണമെന്ന് ശിവസേന

മുംബൈ ∙ കേന്ദ്ര സർക്കാരിന്റെ ഭരണപരാജയമാണ് മുന്നാക്ക സംവരണം പോലുള്ള നടപടികൾക്കു പ്രേരിപ്പിച്ചിരിക്കുന്നതെന്ന് ശിവസേന. തൊഴിലും തൊഴിലവസരങ്ങളുമില്ലാതെ സംവരണം കൊണ്ടുവന്നിട്ട് എന്താണു പ്രയോജനമെന്നു ശിവസേന മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിൽ ചോദിച്ചു.

രാമക്ഷേത്ര വിഷയം ജനശ്രദ്ധ തിരിക്കാൻ: പൃഥ്വിരാജ് ചവാൻ

വികസനം കൊണ്ടുവരുന്നതിൽ പരാജയപ്പെട്ടതിനാലാണ് ബിജെപി രാമക്ഷേത്ര വിഷയം ഉയർത്തിക്കൊണ്ടുവരുന്നതെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോണ്ഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാൻ. തിരഞ്ഞെടുപ്പിന് 6 മാസം മാത്രം ബാക്കി നിൽക്കെയാണ് രാമക്ഷേത്ര വിഷയം ചർച്ചചെയ്യുന്നത്. റഫാൽ ഇടപാടിലെ അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിക്കാൻകൂടിയാണ് രാമക്ഷേത്ര വിഷയവും മുന്നോക്ക സംവരണവുമെല്ലാം കൊണ്ടുവരുന്നത്-ചവാൻ പറഞ്ഞു.

മുന്നോക്ക സാമ്പത്തിക സംവരണം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. പ്രത്യേകിച്ച് സംസ്ഥാനത്ത് മറാഠ സംവരണം ചർച്ചചെയ്യപ്പെടുന്നതിനാൽ ഇതേക്കുറിച്ച് വ്യക്തതയില്ല. സംസ്ഥാന സർക്കാരാണ് ആദ്യം പ്രതികരിക്കേണ്ടത്- ചവാൻ പറഞ്ഞു.

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama