go

ബെസ്റ്റ് ബസ് സമരം: നഗരയാത്രകൾ ദുസ്സഹം

mby-best-bus-strick
സർവീസ് നിർത്തിവച്ച ബസുകൾ ഡിപ്പോയിൽ ചിത്രം പിടിഐ
SHARE

മുംബൈ ∙ ബെസ്റ്റ് ബസ് ജീവനക്കാരുടെ സമരം മൂന്നാം ദിവസത്തേക്കു കടന്ന ഇന്നലെ ഒറ്റ ബസും നിരത്തിലിറങ്ങിയില്ല. അവസരം മുതലെടുത്ത് ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവർമാർ അമിത നിരക്ക് ഈടാക്കുകയാണെന്ന് യാത്രക്കാരുടെ വ്യാപക പരാതി. സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. ശമ്പളവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ബിഎംസിയുടെ ഉടമസ്ഥതയിലുള്ള ബെസ്റ്റ് ബസിന്റെ 35,000 ജീവനക്കാർ ചൊവ്വാഴ്ച ആരംഭിച്ച സമരമാണ് നീളുന്നത്.

സമരം ആരംഭിച്ച ഉടൻ സംസ്ഥാന സർക്കാർ സമരക്കാർക്കെതിരെ മെസ്മ പ്രയോഗിച്ചിരുന്നു. സമരത്തിന്‌ എതിരെയുള്ള നടപടികളുടെ ഭാഗമായി രണ്ടായിരത്തോളം ജീവനക്കാരോട് താമസിക്കുന്ന ക്വാർട്ടേഴ്‌സുകൾ ഒഴിയാൻ ബെസ്റ്റ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. യൂണിയനുകളും മാനേജ്‌മെന്റും തമ്മിൽ ചർച്ചകൾ തുടരുന്നുണ്ടെങ്കിലും ഒത്തുതീർപ്പു വൈകുകയാണ്. ബിഎംസി ഭരിക്കുന്ന ശിവസേനയുടെ യൂണിയൻ പണിമുടക്കിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് ബുധനാഴ്ച 11 ബസുകൾ ഓടിയിരുന്നു. എന്നാൽ മറ്റു യൂണിയനുകളുടെ എതിർപ്പു കാരണം ഇന്നലെ ഈ ഡ്രൈവർമാരും ജോലിക്കെത്തിയില്ലെന്ന് ബെസ്റ്റ് അധികൃതർ പറഞ്ഞു.

ഓട്ടോ, ടാക്‌സി ഡ്രൈവർമാർ മീറ്റർ നിരക്കിലും മൂന്നിരിട്ടി വരെയാണ് ആവശ്യപ്പെടുന്നതെന്ന് അന്ധേരിയിൽ നിന്ന് വെർസോവയിലേക്കു യാത്ര ചെയ്ത വിനോദ് പറഞ്ഞു. ഇതു നൽകാൻ വിസമ്മതിച്ചാൽ യാത്ര നിഷേധിക്കും. യാത്രക്കാരുടെ പ്രതിഷേധം സമൂഹമാധ്യമങ്ങളിലേക്കും പടർന്നു. പ്രശ്‌നപരിഹാരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ എന്നിവർ ഇടപെടണമെന്ന് ചിലർ ട്വിറ്ററിൽ കുറിച്ചു.

സർക്കാരിനും ബിഎംസിക്കും ഹൈക്കോടതി നോട്ടിസ്

ബെസ്റ്റ് ബസ് ജീവനക്കാരുടെ സമരത്തിനെതിരെയുള്ള പൊതുതാൽപര്യഹർജിയിൽ ബോംബെ ഹൈക്കോടതി സംസ്ഥാന സർക്കാരിനും ബിഎംസിക്കും ബെസ്റ്റ് വർക്കേഴ്‌സ് യൂണിയനും നോട്ടിസ് അയച്ചു. ചീഫ് ജസ്റ്റിസ് നരേഷ് പാട്ടീൽ, ജസ്റ്റിസ് എൻ.എം. ജാംദാർ എന്നിവർ അടങ്ങുന്ന ബെഞ്ച് ഇന്ന് വാദം കേൾക്കും.

സമരം ഉടനടി പിൻവലിക്കാൻ കോടതി ഇടക്കാല ഉത്തരവ് നൽകണമെന്നാണ് അഭിഭാഷകനായ ദത്താ മാനെ നൽകിയ ഹർജിയിലെ പ്രധാന ആവശ്യം. ബെസ്റ്റ് ജീവനക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാനായി സമിതിയെ നിയോഗിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകാനും ഹർജിയിൽ ആവശ്യപ്പെടുന്നു.

മോങ്ങാനിരുന്ന ജനങ്ങൾക്കുമുന്നിൽ മോണോറെയിലിന്റെ സമരഭീഷണി

മോണോറെയിൽ ജീവനക്കാരും സമരത്തിലേക്ക്. കൃത്യമായ ശമ്പളവിതരണം, ശമ്പള വർധന, മെഡിക്കൽ ഇൻഷുറൻസ്, തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പണിമുടക്കിലേക്കു നീങ്ങുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും മെട്രോപ്പൊലിറ്റൻ കമ്മിഷണർക്കും ജീവനക്കാർ അയച്ച കത്തിൽ മുന്നറിയിപ്പു നൽകുന്നു.

കഴിഞ്ഞ മാസമാണ് സ്വകാര്യകമ്പനിയുമായുള്ള കരാർ റദ്ദാക്കി മോണോറെയിൽ നടത്തിപ്പ് മുംബൈ മെട്രോപ്പൊലിറ്റൻ റീജൻ ഡെവലപ്‌മെന്റ് അതോറിറ്റി (എംഎംആർഡിഎ) ഏറ്റെടുത്തത്. നിലവിൽ ചെമ്പൂർ മുതൽ വഡാല വരെയാണ് മോണോറെയിൽ സർവീസുള്ളത്. വഡാല മുതൽ ജേക്കബ്‌സ് സർക്കിൾ വരെയുള്ള രണ്ടാംഘട്ടം പ്രവർത്തനമാരംഭിക്കാനുള്ള നീക്കങ്ങൾ നടക്കവെയാണ് ജീവനക്കാരുടെ സമരഭീഷണി.

ബിഎംസി –ബെസ്റ്റ് ബജറ്റ് ലയനം സാധ്യമാക്കണം

ബെസ്റ്റ് ജീവനക്കാരുടെ സമരം തീർക്കാൻ ബിഎംസി ആത്മാർഥത കാണിക്കുന്നില്ലെന്ന് ആക്ഷേപം. നഷ്ടത്തിലോടുന്ന ബെസ്റ്റിന്റെ ബജറ്റും രാജ്യത്തെ ഏറ്റവും സമ്പന്നമായ മുനിസിപ്പൽ കോർപറേഷനായ ബിഎംസിയുടെ ബജറ്റും തമ്മിൽ ലയിപ്പിക്കണമെന്നാണു ജീവനക്കാരുടെ മുഖ്യ ആവശ്യം. എന്നാൽ ലോക്കൽ ട്രെയിൻ കഴിഞ്ഞാൽ നഗരവാസികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പൊതുഗതാത സംവിധാനമായിട്ടും ബെസ്റ്റ് ജീവനക്കാരുടെ ആവശ്യങ്ങൾ ബിഎംസി മുഖവിലയ്‌ക്കെടുന്നില്ല.

ലക്ഷക്കണക്കിനു യാത്രക്കാരെ കരുതിയെങ്കിലും ബജറ്റ് ലയനമെന്ന ആവശ്യം അംഗീകരിക്കണമെന്നു യാത്രാവകാശ പ്രവർത്തകനായ വിദ്യാധർ ദത്ത ബിഎംസി കമ്മിഷണർ അജോയ് മേത്തയ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ആരോഗ്യം, വിദ്യാഭ്യാസം, ശുദ്ധജലം പോലുള്ള അവശ്യസേവനങ്ങളിൽ പെടുന്നതാണ് പൊതുഗതാഗതവും. ഇതു ലാഭേച്ഛയോടെ പ്രവർത്തിക്കേണ്ടതല്ല-അദ്ദേഹം ചൂണ്ടിക്കാട്ടി. ബെസ്റ്റ് ബസ് സേവനങ്ങൾ മെച്ചപ്പെടുത്താൻ ബിഎംസി പണം ചെലവഴിക്കണമെന്ന് മറ്റൊരു യാത്രാവകാശ പ്രവർത്തകനായ ഹുസൈൻ ഇൻഡോർവാല ആവശ്യപ്പെട്ടു.

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama