go

സമരം; ഇന്നറിയാം

Mumbai News
ബെസ്റ്റ് ബസ് സമരത്തെ തുടർന്ന് നഗരത്തിലെ വിവിധ ഡിപ്പോകൾക്ക് പെ‍ാല‍ീസ് സംരക്ഷണം എർപ്പെടുത്തിയപ്പോൾ.
SHARE

മുംബൈ∙ തുടർച്ചയായ നാലാം ദിവസവും ലക്ഷക്കണക്കിന് യാത്രക്കാരെ വലച്ച ബെസ്റ്റ് ബസ് സമരം ഇന്ന് ഒത്തുതീർപ്പായേക്കും. ഇന്നു രാവിലെ സർക്കാർ പ്രതിനിധികളുമായി ചർച്ചചെയ്ത് ധാരണയിലെത്താൻ  ജീവനക്കാരുടെ യൂണിയന് ഇന്നലെ ബോംബെ  ഹൈക്കോടതി നിർദേശം നൽകി. സമരം തീർക്കാൻ ജീവനക്കാരുടെ യൂണിയൻ തന്നെ ആദ്യം മുൻകൈ എടുക്കണമെന്ന് ഇതുസംബന്ധിച്ച പൊതുതാൽപര്യഹർജി പരിഗണിക്കവെ ഹൈക്കോടതി ആവശ്യപ്പെട്ടു.

Mumbai news
ബെസ്റ്റ് ബസ് സമരത്തെ തുടർന്ന് വഡാല ഡിപ്പോയിൽ നിർത്തിയിട്ടിരിക്കുന്ന ബസുകൾ

യൂണിയൻ നേതാക്കൾ യോഗം ചേർന്ന്  അനുരഞ്ജനത്തിന് ഉതകുന്ന തീരുമാനത്തിൽ എത്തിയ ശേഷം ഇന്ന് രാവിലെ സർക്കാർ പ്രതിനിധികളോട് ചർച്ച നടത്തണമെന്ന് ചീഫ് ജസ്റ്റിസ് നരേഷ് പാട്ടീൽ, ജസ്റ്റിസ് എൻ.എം. ജാംദാർ എന്നിവർ അടങ്ങുന്ന ബെഞ്ച് നിർദേശിച്ചു. സമരം അവസാനിപ്പിക്കാൻ ബെസ്റ്റ് ജീവനക്കാർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ദത്താ മാനെ എന്ന അഭിഭാഷകനാണ് ഹൈക്കോടതിയെ സമീപിച്ചത്.

ജീവനക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് തങ്ങൾക്ക് തുറന്ന മനസ്സാണ് ഉള്ളതെന്ന് ബിഎംസിയുടെയും ബെസ്റ്റിന്റെയും അഭിഭാഷകർ കോടതിയെ അറിയിച്ചു. എന്നാൽ ജീവനക്കാർ സഹകരിക്കുകയും തങ്ങളുടെ തലയിൽ നിന്ന് തോക്ക് മാറ്റുകയും വേണം-അഭിഭാഷകർ പറഞ്ഞു.യൂണിയനുമായി ചർച്ച നടത്താൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി സർക്കാർ രൂപീകരിച്ചിട്ടുണ്ടെന്ന് അഡ്വ. ജനറൽ അശുതോഷ് കുംബാക്കാനി കോടതിയെ അറിയിച്ചിരുന്നു. നഗരവികസന വകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും സെക്രട്ടറിമാർ കമ്മിറ്റിയുടെ ഭാഗമാണ്. ബിഎംസി, ബെസ്റ്റ് ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും. 

എന്തിനാണ് ജനങ്ങളെ പെരുവഴിയിലാക്കുന്നത്

കഴിഞ്ഞ ചൊവ്വാഴ്ചയാണ്  ശമ്പളവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് 35,000 ബെസ്റ്റ് ബസ് ജീവനക്കാർ അനിശ്ചിതകാല സമരം ആരംഭിച്ചത്. ശമ്പള വർധന, നഷ്ടത്തിലോടുന്ന ബെസ്റ്റിന്റെ ബജറ്റ് ബിഎംസിയുടെ ബജറ്റുമായി ലയിപ്പിക്കുക തുടങ്ങിയവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ. യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് സമരത്തിന് നേതൃത്വം നൽകുന്നതെങ്കിലും ശശാങ്ക് റാവു നേതൃത്വം നൽകുന്ന ബെസ്റ്റ് വർക്കേഴ്‌സ് യൂണിയനാണ് മുൻതൂക്കം.

 ട്രേഡ് യൂണിയനുകൾ  രാജ്യവ്യാപകമായി നടത്തിയ 48 മണിക്കൂർ പണിമുടക്കിനൊപ്പം ആരംഭിച്ച സമരം ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ലോക്കൽ ട്രെയിൻ സർവീസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്നതാണ് ബെസ്റ്റ് ബസ് സർവീസുകൾ.  ബെസ്റ്റിനെ ആശ്രയിച്ചിരുന്ന 30 ലക്ഷത്തോളം യാത്രക്കാർ കൂടി പ്രവഹിച്ചതോടെ ലോക്കൽ, മെട്രോ ട്രെയിനുകളും ടാക്‌സി, ക്യാബ് സംവിധാനങ്ങളും ശ്വാസംമുട്ടുകയാണ്

വേഗം തീർപ്പാകണം

ഈ നഗരത്തിന് ഒരു സൽപ്പേരുണ്ട്. ദിവസവും ഒട്ടേറെ യാത്രക്കാരാണ് ദുരിതമനുഭവിക്കുന്നത്. അവശ്യസേവനം നിർത്തിവച്ച് വിലപേശാനാവില്ല. സമരം തീർക്കാനുള്ള ആദ്യ നടപടി നിങ്ങൾ എടുക്കണം. നിങ്ങളുടെ ആളുകളുമായി ഇന്നു തന്നെ യോഗം കൂടി അനുരഞ്ജനത്തിനുള്ള സാഹചര്യം സൃഷ്ടിക്കുക. തീരുമാനമെടുത്തു കഴിഞ്ഞാൽ യൂണിയൻ പ്രതിനിധികൾ പുതിയതായി രൂപീകരിച്ച സർക്കാർ സമിതിയുമായി ചർച്ച നടത്തണം--ഹൈക്കോടതി

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama