go

ടാറ്റാ മെമ്മോറിയൽ കാൻസർ ആശുപത്രി താനെയിലും

tata-hospital
പരേലിലെ ടാറ്റാ കാൻസർ സെന്ററിന് മുൻപിൽ കാത്തുകിടക്കുന്ന രോഗികളും ബന്ധുക്കളും. (ഫയൽ ചിത്രം)
SHARE

മുംബൈ ∙ കാൻസർ ചികിൽസാരംഗത്ത് അതിനൂതന സൗകര്യങ്ങളുളള ടാറ്റാ മെമ്മോറിയൽ ആശുപത്രി താനെയിൽ ഉപകേന്ദ്രം ആരംഭിക്കും. താനെ മുനിസിപ്പൽ കോർപറേഷൻ സ്ഥലം അനുവദിക്കാമെന്നു സമ്മതിച്ചുകഴിഞ്ഞു. പതിനായിരക്കണക്കിന് മലയാളികൾ അടക്കം  തിങ്ങിവസിക്കുന്ന മേഖലയാണ് താനെ നഗരം. കാൻസർ ചികിൽസയ്ക്ക് എല്ലാവിധ സൗകര്യങ്ങളുമുളള സബ്-സെന്റർ ആയിരിക്കും താനെയിൽ സ്ഥാപിക്കുന്നത്.  ഇവിടെ  കീമോതെറപ്പി സൗജന്യമായി നടത്താനും പദ്ധതിയുണ്ട്.

ആശുപത്രിയിലെ 1000 ഒഴിവുകളിലേക്കു ഉടൻ റിക്രൂട്മെന്റ് ആരംഭിക്കും. ഡോക്ടർമാർ, നഴ്സുമാർ,  പാരാമെഡിക്കൽ സ്റ്റാഫ്, മറ്റു വിഭാഗത്തിലെ ജീവനക്കാർ എന്നിവർ ഇതിൽപ്പെടുന്നുവെന്നും താനെ രക്ഷാകർതൃമന്ത്രികൂടിയായ പൊതുജനാരോഗ്യമന്ത്രി ഏക്നാഥ് ഷിൻഡെ വെളിപ്പെടുത്തി. കാൻസർ ചികിൽസയ്ക്ക് താനെയിൽ സൗകര്യമുണ്ടാകുന്നതോടെ 26 കിലോമീറ്റർ യാത്ര ചെയ്ത് പരേലിൽ പോകേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനാകും.

ഖാർഘർ ആശുപത്രിയിൽ രോഗികളുടെ വൻ തിരക്ക്

പരേലിലെ തിരക്കിനു പരിഹാരം കാണാൻ നവിമുംബൈയിലെ ഖാർഘറിൽ 16 വർഷം  മുൻപ് ഇതിന്റെ ശാഖ പ്രവർത്തനം ആരംഭിച്ചു. ഇവിടെ ഇപ്പോൾ തന്നെ രോഗികളെ കിടത്തി ചികിൽസിക്കാനടക്കമുളള എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും ചികിൽസ തേടിയെത്തുന്ന രോഗികളെ ഉൾക്കൊള്ളാൻ സാധിക്കാത്തതിനാൽ 930 കിടക്കയുളള ആശുപത്രി കെട്ടിടം നിർമിച്ചുവരികയാണ്. ഇതിനു പുറമേ ബന്ധുകൾക്കായി 300 പുതിയ താമസസൗകര്യങ്ങളും നിർമിക്കുന്നുണ്ട്. 260 മുറികളും സൗകര്യങ്ങളുമായി ‌ആശാ നിവാസ് ഖാർഘറിൽ ബെംഗളൂരുവിലെ ഇൻഫോസിസ് നിർമിച്ചുവരുന്നു. സർക്കാരിന്റെ പിന്തുണയോടെയും സാമൂഹികക്ഷേമ തൽപരരായ സ്വകാര്യസ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സാമ്പത്തിക സഹായത്തോ‌ടെയുമാണ്  ആശുപത്രി പ്രവർത്തിക്കുന്നത്. 

കാൻസർ ലോകത്തെ സൗഖ്യനാമം

രാജ്യത്ത് കാൻസർ ചികിൽസാരംഗത്ത് ഏറ്റവും മികച്ച സേവനം ചെയ്തുവരുന്ന സ്ഥാപനമാണ്  മധ്യമുംബൈയിലെ പരേൽ ടാറ്റാ മെമ്മോറിയിൽ ആശുപത്രി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള രോഗികൾ ഇവിട‌െ ചികിൽസ തേടിയെത്തുന്നു. പ്രതിവർഷം ശരാശരി 60,000രോഗികളാണ് ചികിൽസ തേടിയെത്തുന്നത്. 10,000 ശസ്ത്രക്രിയകൾ പ്രതിവർഷം ഇവിടെ നടത്തുന്നുണ്ട്.  700 കിടക്കകളുളള ആശുപത്രിയാണിത്. 

അമിത തിരക്കുമൂലം, ഗുരുതരമല്ലാത്ത രോഗികളും ബന്ധുക്കളും ആശുപത്രിക്ക് സമീപത്തെ റോഡിന് ഇരുവശത്തും കുടിലുകെട്ടിയാണ്  പാർക്കുന്നത്.  ഇത്തരം  രോഗികൾക്കും ബന്ധുക്കൾക്കുമായി  സാമൂഹിക പ്രവർത്തകർ നിർമിച്ചുനൽകിയ പാർപ്പിടങ്ങൾ നഗരത്തിൽ പലയിടത്തുമുണ്ട്. ഇവിടെ താമസക്കാർ നിറഞ്ഞതിനെ തുടർന്നാണ്, ജനം റോഡരികിൽ കാത്തുകിടക്കേണ്ടിവരുന്നത്.  സൗജന്യനിരക്കിലും ചിലർക്ക് പരിപൂർണ സൗജന്യമായുമാണ് ചികിൽസ. ചെലവുവഹിക്കാൻ കഴിവുള്ളവർക്ക് അങ്ങനെയും ചികിൽസിക്കാം.

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama