go

ആട്ടവിളക്കിനു തിരി തെളിഞ്ഞു; ‘കേളി’ കഥകളി ഉൽസവത്തിനു തുടക്കം

mby-kathakali
1. കേളി കഥകളിയുൽസവത്തിന്റെ ആദ്യദിനത്തിൽ ദക്ഷിണമുംബൈ വൈ. ബി. ചവാൻ സെന്ററിൽ അരങ്ങേറിയ കിരാതം കഥയിലെ കാട്ടാളനായി വേദിയിലെത്തിയ സദനം കൃഷ്ണൻ കുട്ടി ചുട്ടികുത്തും മുൻപ് അണിയറയിൽ. 2. കിരാതം കഥയിൽ കാട്ടാളനായി സദനം കൃഷ്ണൻ കുട്ടിയും കാട്ടാളസ്ത്രീയായി സദനം സദാനന്ദനും വേദിയിൽ. ചിത്രം∙ മനോരമ
SHARE

 മുംബൈ ∙ കഥകളി ഇതിഹാസം കീഴ്പടം കുമാരൻ നായരുടെ സ്മരണയിൽ ‘കേളി’യുടെ ഈ വർഷത്തെ കഥകളി ഉത്സവത്തിന്‌ ദക്ഷിണ മുംബൈയിലെ വൈ.ബി. ചവാൻ സെന്ററിൽ തുടക്കം. കീഴ്പടത്തിന്റെ ശിഷ്യൻ സദനം ബാലകൃഷ്ണൻ ഗുരുവിന്റെ ഛായാചിത്രത്തിനു മുന്നിൽ ഭദ്രദീപം കൊളുത്തി. കീഴ്പടം കുമാരൻ നായരുടെ കഥകളി സങ്കല്പങ്ങളെ ആസ്പദമാക്കിയാണ് ഇത്തവണത്തെ കേളി കഥകളി ഉത്സവം. ചടങ്ങിൽ കീഴ്പടത്തിന്റെ ഏറ്റവും ഇളയ ശിഷ്യനായ സദനം ഭാസിക്ക് സാഹിത്യകാരൻ ആനന്ദ്‌ നീലകണ്ഠൻ രജത ശംഖ് സമ്മാനിച്ചു.

ആദ്യകാല ശിഷ്യൻ സദനം ബാലകൃഷ്ണന് മുതിർന്ന നാടക പ്രവർത്തക സരിത ജോഷി ജ്ഞാനമുദ്ര പുരസ്കാരം സമ്മാനിച്ചു. ഏറ്റവും മുതിർന്ന ശിഷ്യനായ സദനം കൃഷ്ണൻ കുട്ടിക്ക് ഹിന്ദുസ്ഥാനി സംഗീത പണ്ഡിതൻ അരുൺ കേശാൽക്കർ കേളിയുടെ സുവർണ ശംഖ് സമ്മാനിച്ചു. ഗുരു കലാമണ്ഡലം ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന കേളിയോടെയായിരുന്നു പരിപാടിയുടെ തുടക്കം.

ചടങ്ങിൽ എൽഐസി മാനേജിങ് ഡയറക്ടർ ബി. വേണുഗോപാൽ, സോണൽ മാനേജർ അജിത്കുമാർ, ബിപിസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ സുരേഷ് നായർ, സുരേന്ദ്രബാബു, കലാമണ്ഡലം റിട്ട: പ്രിൻസിപ്പൽ കലാമണ്ഡലം ഉണ്ണികൃഷ്ണൻ തുടങ്ങിയവർ വിഷിഷ്ടാതിഥികൾ ആയിരുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച ചവറ പാറുക്കുട്ടിയെ അനുസ്മരിച്ചു. പത്രപ്രവർത്തകയും, നിരൂപകയുമായ ദേവീന ദത്ത്, ഫെസ്റ്റിവൽ ഡയറക്ടർ രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കിരാതം കഥകളി അരങ്ങേറി. ഇംഗ്ലിഷ്, ഹിന്ദി, മലയാളം സബ് ടൈറ്റിലിങ്ങുമുണ്ടായിരുന്നു.

ഇന്ന് നരകാസുരവധം കഥകളി

ഇന്ന് ഡിഎഇ കൾച്ചറൽ സെന്ററിന്റെ സഹകരണത്തോടെ വൈകിട്ട് 6.30 ന് അണുശക്തിനഗറിലെ ഡിഎഇ കൺവൻഷൻ സെന്ററിൽ കീഴ്പടത്തിന്റെ പ്രിയകഥയായ നരകാസുരവധം സദനം കൃഷ്ണൻകുട്ടിയും സംഘവും അവതരിപ്പിക്കും. നാളെ ഞായറാഴ്ച വൈകിട്ട് 6.30 ന് ഫസ്റ്റ് എഡിഷൻ ആർട്സിന്റെ സഹകരണത്തോടെ നെരൂൾ തേർണ ഓഡിറ്റോറിയത്തിൽ ലവണാസുര വധം കഥകളി സദനം കൃഷ്ണൻകുട്ടിയും സംഘവും അവതരിപ്പിക്കും.  

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama