go

ഊരുവിലക്ക്; ജൽനയിൽ 7 പേർക്കെതിരെ കേസ്

police
SHARE

മുംബൈ ∙ മറാഠ്‌വാഡ മേഖലയിലെ ജൽന ജില്ലയിൽ ഒരു കുടുംബത്തിന് ഊരുവിലക്ക് ഏർപ്പെടുത്തിയ ജാതി പഞ്ചായത്തിലെ ഏഴ് അംഗങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു.   സ്ത്രീധനത്തെച്ചൊല്ലി  പീഡിപ്പിച്ചിരുന്ന ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിന് യുവതിയെയും കുടുംബത്തെയുമാണ് ജാതി പഞ്ചായത്ത് ചേർന്ന് ഊരുവിലക്കിയത്.ഭോക്കർദാൻ താലൂക്കിലെ രജൂർ ഗ്രാമത്തിലാണ് സംഭവം. പണം ആവശ്യപ്പെട്ട് തന്നെ നിരന്തരം പീഡിപ്പിച്ചിരുന്ന ഭർത്താവ് ജ്ഞാനേശ്വറിനും കുടുംബത്തിനും എതിരെ സൊനാലി ശിവ്കർ എന്ന യുവതിയാണ് പൊലീസിനെ സമീപിച്ചത്.

എന്നാൽ വിവാഹ തർക്കം പരിഹരിക്കാൻ തങ്ങളെയാണ് സമീപിക്കേണ്ടിയിരുന്നത് എന്ന വാദവുമായാണ് ജാതി പഞ്ചായത്ത് ഇവർക്കെതിരെ തിരിഞ്ഞത്. ജാതി പഞ്ചായത്തിലെ ഏഴ് അംഗങ്ങൾ പുണെയിൽ യോഗം ചേർന്ന് സൊനാലിക്കും കുടുംബത്തിനും ഊരുവിലക്കു പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം അഹമ്മദ്‌നഗറിൽ ഒരു വിവാഹ ചടങ്ങിൽ സംബന്ധിക്കാനെത്തിയ ഇവരെ ഇറക്കിവിടുകയും ചെയ്തു.

തുടർന്നാണ് ജാതി പഞ്ചായത്തിനെതിരെ സൊനാലിയും കുടുംബവും പൊലീസിൽ പരാതി നൽകുന്നത്. ഊരുവിലക്ക് നിരോധന നിയമപ്രകാരമാണ് ജാതി പഞ്ചായത്ത് അംഗങ്ങൾക്ക് എതിരെ കേസെടുത്തിട്ടുള്ളത്. അന്വേഷണം നടക്കുകയാണെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും രജൂർ പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ പ്രതാപ് സിങ് അറിയിച്ചു.

ഊരുവിലക്ക് കുറ്റകരം; 3 വർഷം തടവ്

2016 ഏപ്രിലിൽ ആണ് ഊരുവിലക്ക് നിരോധന നിയമം സംസ്ഥാന നിയമസഭ പാസാക്കിയത്. അടുത്ത വർഷം ജൂലൈയിൽ പ്രാബല്യത്തിലാകുകയും ചെയ്തു. രാജ്യത്ത് ആദ്യമായി ഊരുവിലക്കിന് എതിരെ നിയമം കൊണ്ടുവന്ന സംസ്ഥാനമെന്ന ഖ്യാതിയും മഹാരാഷ്ട്രയ്ക്ക് സ്വന്തം. ഒരു വ്യക്തിയെയോ കുടുംബത്തെയോ മതപരമായ ചടങ്ങുകളിൽ നിന്നോ ജോലി ചെയ്യുന്നതിൽ നിന്നോ ഇഷ്ടപ്രകാരമുള്ള വിവാഹത്തിൽ നിന്നോ വിലക്കുന്നത് ഊരുവിലക്ക് നിയമപ്രകാരം കുറ്റകരമാണ്.

ലിംഗം, രാഷ്ട്രീയ ആഭിമുഖ്യം, സദാചാരം എന്നിവയുടെ പേരിലുള്ള വിവേചനവും നിയമത്തിന്റെ പരിധിയിൽ വരും. 3 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. നിയമം പ്രാബല്യത്തിൽ വന്ന 2017ൽ തന്നെ ഇരുപതോളം പരാതികൾ ലഭിച്ചിരുന്നു. മിശ്ര വിവാഹങ്ങളുടെ പേരിൽ ഊരുവിലക്ക് നേരിട്ട കേസുകളായിരുന്നു കൂടുതൽ.

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama