go

ആധാർ ബന്ധിപ്പിക്കാമെന്ന് പറഞ്ഞ് ഫോൺ; അരലക്ഷം രൂപ സ്വാഹഃ

Internet-Fraud.
SHARE

മുംബൈ ∙ സയൺ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് സൈബർ തട്ടിപ്പിൽ നഷ്ടമായത് അര ലക്ഷത്തോളം രൂപ. ആശുപത്രിയിലെ ഡോക്ടർ പ്രതിഭ (30)യ്ക്കാണ് 48,500 രൂപ നഷ്ടപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് ബാങ്ക്് എക്സിക്യൂട്ടിവ് എന്നു പരിചയപ്പെടുത്തിയ ഒരാൾ ഫോണിൽ വിളിച്ച്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുമായി ആധാർ ബന്ധിപ്പിക്കാൻ ആവശ്യപ്പെട്ടു. ആധാറുമായി ബന്ധിപ്പിക്കാഞ്ഞതു മൂലം കാർഡുകൾ പ്രവർത്തനരഹിതമായെന്നു ഇയാൾ പറഞ്ഞു. ആധാറുമായി ബന്ധിപ്പിക്കാൻ, മൊബൈലിൽ 2 ആപ്പുകൾ ഡൗൺലോഡ് ചെയ്യണമെന്നും രണ്ടാമത്തെ ആപ്പിലൂടെ ആധാർ ബന്ധിപ്പിക്കാനും ആവശ്യപ്പെട്ടു. ആപ്പുകൾ ഡൗൺലോഡ് ചെയ്ത് വേണ്ട വിവരങ്ങൾ അതിൽ നൽകിയെങ്കിലും ആധാർ ബന്ധിപ്പിക്കാൻ കഴിഞ്ഞില്ല. വൈകിട്ട് ആറരയോടെ എക്സിക്യുട്ടിവ് എന്ന പേരിൽ അതേ ആൾ വീണ്ടും വിളിച്ചു. ആധാറുമായി കാർഡ് ബന്ധിപ്പിക്കാൻ കഴിയാത്ത സ്ഥിതിക്ക് എത്രയും പെട്ടെന്ന് കാർഡ് നമ്പർ തരാൻ ആവശ്യപ്പെട്ടു. കാർഡ് നമ്പർ പറഞ്ഞു കൊടുത്തു. അൽപം കഴിഞ്ഞപ്പോൾ ഫോണിൽ ഒടിപി (വൺ ടൈം പാസ്‌വേഡ്) വന്നു. അതും ‘എക്സുക്യുട്ടിവ്’ ആവശ്യപ്പെട്ട പ്രകാരം കൈമാറി. പിന്നാലെ, ബാങ്കിൽ നിന്നെത്തിയ എസ്എംഎസ് കണ്ടു ഞെട്ടി. 48,500 രൂപ പിൻവലിച്ചെന്നായിരുന്നു സന്ദേശവെന്നും സയൺ പൊലീസ് വെളിപ്പെടുത്തി.

അൽപം ജാഗ്രത; അധിക സുരക്ഷ

∙ ഫോണിലൂടെ വരുന്ന അജ്ഞാതരുടെ അന്വേഷണങ്ങൾ, സഹായവാഗ്ദാനങ്ങൾ എന്നിവ പരിപൂർണമായും ഒഴിവാക്കണം. ബാങ്ക് എക്സിക്യൂട്ടിവെന്നു പരിചയപ്പെടുത്തിയാണ് പലരും അക്കൗണ്ട് വിവരങ്ങൾ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ആരായുന്നത്. ബാങ്കുകൾ ഒരിക്കലും ഇത്തരം വിവരങ്ങൾക്ക് ഫോണിൽ ബന്ധപ്പെടാറില്ലെന്ന് ഓർക്കുക.

∙ എടിഎം കൗണ്ടറുകളിൽ അ‍ജ്ഞാതരുടെ സഹായം തേടരുത്. കാർഡ് നൽകരുത്. പിൻ നമ്പർ ആരും കാണാതെ ശ്രദ്ധിക്കണം.

∙ ഒടിപി മാറ്റാർക്കും കൈമാറരുത്.

∙ പരിചയമില്ലാത്ത ഓൺലൈൻ ലിങ്കുകൾ തുറക്കരുത്.

∙ കൃത്യമായി അറിയാതെ ആപ്പുകൾ ‍ഡൗൺലോഡ് ചെയ്യരുത്.

∙ ഇന്റർനെറ്റിൽ ഹെൽപ്‌ലൈൻ എന്ന പേരിൽ കാണുന്ന ഫോൺ നമ്പരുകളെല്ലാം യഥാർഥമാകണമെന്നില്ല. അവ തട്ടിപ്പുകാരുടെ നമ്പരുകളും ആകാം.

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama