go

വാടക കൊടുത്ത് മുടിയും; നിരക്കിൽ 18% വർധന

blr-flat
SHARE

മുംബൈ ∙ ഫ്ലാറ്റുകൾക്ക് വില കൂടുന്നില്ലെങ്കിലും വാടകക്കാർക്ക് രക്ഷയില്ല! മുംബൈയിലും നഗരപ്രാന്തങ്ങളിലും റിയൽ എസ്റ്റേറ്റ് മേഖലയിൽ കാര്യമായ ചലനങ്ങൾ ഇല്ലെങ്കിലും വാടക നിരക്കു മുകളിലേക്ക് തന്നെ. കഴിഞ്ഞ ഒരു വർഷത്തിനിടെ വാടക നിരക്കിൽ 18% വർധനവുണ്ടായെന്നാണ് ഓൺലൈൻ ഹോം റെന്റൽ പോർട്ടലായ നോ ബ്രോക്കർ നടത്തിയ പഠന റിപ്പോർട്ടിലെ കണ്ടെത്തൽ. 2 ബിഎച്ച്‌കെ, 3 ബിഎച്ച്കെ ഫ്ലാറ്റുകൾക്കാണ് കൂടുതൽ ഡിമാൻഡ്. റിയൽ എസ്‌റ്റേറ്റ് രംഗത്ത് എത്ര വലിയ മാന്ദ്യം നിലനിന്നാലും ഓരോ വർഷവും 'നിർദാക്ഷിണ്യം' വാടക ഉയർത്താൻ ഉടമസ്ഥർ മടിക്കാറില്ല.

10 ശതമാനമൊക്കെ കൂട്ടുന്നതാണ് നാട്ടുനടപ്പെങ്കിലും 15-20% വരെയാണ് പലരും വർധിപ്പിക്കുന്നതെന്നാണ് പരാതി. ഒരേ ഹൗസിങ് സൊസൈറ്റിയിൽ തന്നെ ഒരേ വിസ്തൃതിയിലുള്ള മുറികൾക്ക് തന്നെ പലനിരക്കാണ്. ചിലപ്പോൾ വീട്ടുടമസ്ഥനുള്ള വാടകയ്ക്ക് പുറമെ, ഹൗസിങ് സൊസൈറ്റിക്കുള്ള മെയിന്റനൻസ് ചെലവു നൽകുന്നതും വാടകക്കാർ തന്നെയാണെങ്കിലും ഉടമസ്ഥരെ അപേക്ഷിച്ച് പല അവകാശങ്ങളും വാടകക്കാർക്ക് പല ഹൗസിങ് സൊസൈറ്റികളിലുമില്ല. വാടകക്കാർക്ക് കാർ പാർക്കിങ്, വളർത്തുമൃഗങ്ങളെ സംരക്ഷിക്കാനുള്ള അവകാശം തുടങ്ങിയവ പലരും നിഷേധിക്കുന്നു. സൊസൈറ്റി മീറ്റിങ്ങുകളിൽ അവർക്കു പങ്കെടുക്കാനുമാകില്ല.

തല ചായ്ക്കാൻ വേണ്ടേ ഒരിടം?

നഗരത്തിൽ സ്വന്തമായൊരു വീടെന്ന സ്വപ്നം പൂവണിയുന്നതു വരെ പലരുടെയും ഇടത്താവളമാണ് വാടക വീടുകൾ. അവിവാഹിതർ വാടക വീടു തിരയുമ്പോൾ തൊഴിലിടത്തിൽ നിന്നുള്ള ദൂരക്കുറവിനാണ് മുൻഗണന നൽകുക. അതേസമയം വിവാഹിതരെ സംബന്ധിച്ചിടത്തോളം മക്കളുടെ സ്‌കൂളിൽ നിന്ന് ഏറെ അകലെ ആകാതിരിക്കണം വീട്.

വാടക കൂട്ടുന്നത് തോന്നുംപടി; മറ്റു ചെലവുകൾ തട്ടിമുട്ടി

വീട്ടുടമ ആവശ്യപ്പെടുന്ന തുക നിക്ഷേപമായി നൽകിയാണ് 11 മാസത്തേക്കുള്ള വാടകക്കരാർ എഴുതുക. ഓരോ വർഷവും കരാർ പുതുക്കുമ്പോൾ വാടക ഉയർത്തുന്നത് വീട്ടുടമയുടെ വിവേചനാനുസരണം. ഉയർന്ന വാടക നൽകാൻ വിസമ്മതിച്ചാൽ വേറെ വീട് തേടി അലയേണ്ടി വരും. ദക്ഷിണ മുംബൈയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശി 2008ൽ 6,000 രൂപയ്ക്കാണ് നവിമുംബൈയിൽ വാടക വീടെടുത്ത് താമസം തുടങ്ങിയത്. ഇക്കാലത്തിനിടെ രണ്ടോ മൂന്നോ വീടു മാറേണ്ടി വന്നു. എന്നാൽ, ഇന്നു താമസിക്കുന്നത് വീടിന് 15,000 രൂപ വാടക നൽകുന്നു. വാടകച്ചെലവ്, മക്കളുടെ സ്‌കൂൾ ഫീസ് തുടങ്ങി അനുദിനജീവിതത്തിലെ എല്ലാ ആവശ്യങ്ങൾക്കും ചെലവു കൂടി. എന്നാൽ വരുമാനത്തിൽ ഇതിനൊത്തുള്ള വർധന ഇല്ലാ താനും-ഇദ്ദേഹത്തിന്റെ ആവലാതി.

വാടക കൂട്ടുന്നതിൽ പ്രതിഷേധിച്ച് വീടൊഴിയാമെന്നു വച്ചാൽ ഇതേ പശ്ചാത്തലത്തിലും സൗകര്യത്തിലും മറ്റൊരു വീടു കണ്ടെത്തുക എളുപ്പമല്ലെന്ന് താനെ വാഗ്ലെ എസ്‌റ്റേറ്റ് കിസാൻ നഗറിൽ താമസിക്കുന്ന മലയാളി പറയുന്നു. പുതിയ വീട്ടിലേക്കുള്ള താമസം മാറ്റത്തിനു ചിലപ്പോൾ പതിനായിരം രൂപയിലേറെ ചെലവു വരുമെന്നതിനൽ, അതിലും ഭേദം നിലവിലെ വീട്ടിൽ വാടക കൂട്ടി നൽകുന്നതാണെന്നു ചിന്തിക്കുന്നവരുമുണ്ട്. വീട്ടുടമയ്ക്കും വാടക്കാർക്കും ഇടയിൽ നിൽക്കുന്ന ബ്രോക്കർക്കുള്ള കമ്മിഷൻ പലരുടെയും കീശ ചോർത്തും. വാടകത്തുക എത്രയാണോ അത്രയും തന്നെയോ ഇരട്ടിയോ ഒക്കെയാവും കമ്മിഷനായി നൽകേണ്ടിവരിക.

വിൽപന കരാർ റജിസ്റ്റർ ചെയ്യാത്ത ബിൽഡർക്ക് ഒന്നര ലക്ഷം രൂപ പിഴ

മുഴുവൻ തുക നൽകിയിട്ടും വിൽപന കരാർ  റജിസ്റ്റർ ചെയ്യാത്ത കെട്ടിടനിർമാതാവ് ഒന്നര ലക്ഷം രൂപ പിഴഅടയ്ക്കാൻ മഹാറേറ ഉത്തരവിട്ടു.  അന്ധേരി ലിങ്ക് പ്ലാസയിൽ  ഓഫിസ് ബുക്ക് ചെയ്ത മനീഷ്  ഭഗ്താനിയുടെ പരാതിയിൽ  ഘൻശ്യാം പ്രോപ്പർട്ടിക്കെതിരെയാണു നടപടി. 10 വർഷമായിട്ടും വിൽപന കരാർ റജിസ്റ്റർ ചെയ്തു തന്നില്ലെന്നും ഓക്യുപേഷൻ സർട്ടിഫിക്കറ്റ് (ഒസി) ലഭിക്കാതെ തന്നെ താമസത്തിനു യോഗ്യമെന്നു ധരിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

വാങ്ങുന്ന സ്ഥലത്തിന്റെ 10% തുക കൈപ്പറ്റുമ്പോൾ തന്നെ വിൽപന കരാർ റജിസ്റ്റർ ചെയ്യണമെന്നാണ്  മഹാറേറ നിയമത്തിന്റെ 13ാം വകുപ്പിൽ പറയുന്നത്. വിൽപനക്കരാർ റജിസ്റ്റർ ചെയ്യാതിരിക്കാൻ പ്രത്യേക കാരണമൊന്നും കാണാനില്ലെന്നു വിലയിരുത്തിയ മഹാറേറ പിഴ അടയ്ക്കാൻ ഉത്തരവിടുകയായിരുന്നു.

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama