go

5 കോടി തരൂ, ഭാര്യയെ എംപിയാക്കാം; വ്യാജസിദ്ധനും കൂട്ടരും അറസ്റ്റിൽ

mumbai-kallan
SHARE

മുംബൈ∙ ഭാര്യയെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് സർക്കാർ ഉദ്യോഗസ്ഥനെ കബളിപ്പിച്ച സിദ്ധനും 2 സഹായികൾക്കും എതിരെ താനെ പൊലീസ് കേസെടുത്തു. നഗരാസൂത്രണ വിഭാഗത്തിലെ ജീവനക്കാരനായ വിദ്യാസാഗർ ചവാന്റെ പരാതിയിൽ മധ്യപ്രദേശിലെ സിദ്ധൻ ഗുരുദേവ് മഹാരാജ്, നവിമുംബൈ ഘൻസോളി നിവാസികളായ നചികേത് ജാധവ്, അരവിന്ദ് ശർമ എന്നിവർക്കെതിരെയാണ് കേസെടുത്തത്. 20 ലക്ഷം രൂപയാണ് സംഘം പരാതിക്കാരന്റെ പക്കൽ നിന്ന് തട്ടിയെടുത്തത്.

കഴിഞ്ഞ മാർച്ചിൽ ചവാൻ, താനെ കലക്‌ട്രേറ്റ് കന്റീനിൽ സുഹൃത്തുമൊത്ത് ഭാര്യയെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്ന വിഷയം ചർച്ചചെയ്യുമ്പോൾ സമീപത്തിരുന്ന ജാധവ് സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. 

ജാധവും കൂട്ടാളി ശർമയും ചേർന്ന് ചവാനെ മധ്യപ്രദേശിലുള്ള സിദ്ധന്റെ അടുക്കൽ എത്തിച്ചു. തിരഞ്ഞെടുപ്പു വിജയത്തിനുള്ള ഹോമത്തിന് 5 കോടി യാണ് ഇവർ ആവശ്യപ്പെട്ടത്. 20 ലക്ഷം രൂപ ചവാൻ നൽകി. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താനെ മണ്ഡലത്തിൽ സ്വതന്ത്രസ്ഥാനാർഥിയായി ചവാന്റെ ഭാര്യ മത്സരിക്കുകയും ചെയ്തു. എന്നാൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അവർക്ക് 1,188 വോട്ടു മാത്രമാണ് കിട്ടിയത്. 

ഇതേത്തുടർന്ന് താൻ നൽകിയ പണം തിരികെ ആവശ്യപ്പെട്ട ചവാനെ സംഘം ഭീഷണിപ്പെടുത്തി. ചവാന്റെ പരാതിയിൽ വഞ്ചനാകുറ്റത്തിന് കേസെടുത്ത പൊലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama