go

ജലഭീതിയിൽ ജനം

mumbai-rain
പശ്ചിമ മഹാരാഷ്ട്രയിലെ പ്രളയം ബാധിച്ച മേഖലകളില്‍ നിന്ന് ആളുകളെ സുരക്ഷിത സ്ഥലത്തേയ്ക്ക് ബോട്ടുകളില്‍ കൊണ്ടുപോകുന്ന നാവികസേനാ ഉദ്യോഗസ്ഥർ
SHARE

മുംബൈ ∙ ദിവസങ്ങളായി പേമാരിയും വെള്ളപ്പൊക്കവും തുടരുന്ന കോലാപുർ, സാംഗ്ലി ജില്ലകളിൽ അണക്കെട്ടുകളിൽ നിന്നു കൂടുതൽ ജലം തുറന്നുവിടാൻ സാധ്യതയുള്ളതിനാൽ വീണ്ടും ജലനിരപ്പ് ഉയരുമെന്ന ഭീതിയിൽ ജനങ്ങൾ. മഴ തുടരുന്നതും കൂടുതൽ മേഖലകളിലേക്ക് വെള്ളം കയറുന്നതും ആശങ്ക സൃഷ്ടിക്കുന്നു.     പശ്ചിമ മഹാരാഷ്ട്രയിൽ നിന്ന് ഒന്നര ലക്ഷത്തിലേറെപ്പേരെ ദുരിതാശ്വാസ േകന്ദ്രങ്ങളിലേക്കു മാറ്റിയിട്ടുണ്ടെങ്കിലും വെള്ളവും വെളിച്ചവുമില്ലാതെ ആയിരക്കണക്കിനുപേർ ദുരിതത്തിലാണ്. 

അതിനിടെയാണ് പാലുസ് താലൂക്കിൽ രക്ഷാപ്രവർത്തനത്തിനിടെ ബോട്ട് അപകടത്തിൽ ഒൻപതു പേർ മരിച്ചതും നാലു പേരെ കാണാതായതും.17 പേരെ രക്ഷിച്ചു.   ഇതോടെ, ജൂണിനു ശേഷം മഹാരാഷ്ട്രയിൽ വിവിധ മഴദുരന്തങ്ങളിൽ മരിച്ചവരുടെ എണ്ണം 147 ആയി.     റോഡ്, റെയിൽ യാത്രാ സംവിധാനങ്ങൾ താറുമാറായ നിലയിൽതന്നെയാണ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രളയ ബാധിത മേഖലകളിൽ വിമാനത്തിൽ സർവേ നടത്തി.   

കോലാപുർ, സാംഗ്ലി എന്നിവയടക്കമുള്ള ജില്ലകളിലെ ദുരിതബാധിതരെ സഹായിക്കാൻ ഒട്ടേറെ സന്നധ സംഘടനകൾ ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ടെങ്കിലും അവ അപര്യാപ്തമാണ്. സൈന്യത്തിന്റെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻഡിആർഎഫ്) നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. 

കൂടുതൽ രക്ഷാ പ്രവർത്തകർ വേണം:  പൃഥ്വിരാജ് ചവാൻ

എൻഡിആർഎഫിന്റെ അഞ്ചും നാവികസേനയുടെ 14ഉം സംഘങ്ങൾ കോലാപുരിൽ രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു. തീരദേശസേന, സംസ്ഥാന ദുരന്ത നിവാരണ സേന, കരസേനാ സംഘങ്ങളും രക്ഷാപ്രവർത്തനത്തിലുണ്ട്. സാംഗ്ലിയിലെ ബോട്ട് ദുരന്തം ഒഴിവാക്കാവുന്നതായിരുന്നെന്നും സൈന്യത്തിലെയും ദുരന്ത നിവാരണ സേനയിലെയും കൂടുതൽ വിദഗ്ധരെ പ്രളയമേഖലകളിലേക്ക് അയയ്ക്കാൻ കേന്ദ്രം തയാറാകണമെന്നും മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാൻ പറഞ്ഞു. ബോട്ടുകളുടെയും മറ്റു സംവിധാനങ്ങളുടെയും കുറവുണ്ടെന്ന് സാംഗ്ലിയിലെ പാലൂസ് എംഎൽഎയായ വിശ്വജിത് കദം അറിയിച്ചു. സൈന്യത്തിന്റെ കൂടുതൽ സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

സർക്കാരിന്റെ പരാജയം: കോൺഗ്രസ്

മുംബൈ ∙ പ്രളയം നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും കൂടുതൽ സൈന്യത്തെ രക്ഷാപ്രവർത്തനങ്ങൾക്ക് എത്തിക്കണമെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ബാലാസാഹെബ് തോറാട്ട്. ലക്ഷക്കണക്കിനു പേർ ദുരിതത്തിലാണെന്നും  സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും പറഞ്ഞു. പ്രശ്നങ്ങൾ മുൻകൂട്ടി കാണുന്നതിലും സാഹചര്യം മനസ്സിലാക്കി ഇടപെടുന്നതിലും മുഖ്യമന്ത്രി പരാജയപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് മഹാരാഷ്ട്രയിലെ പ്രളയദുരന്തത്തെക്കുറിച്ച് ട്വീറ്റ് ചെയ്യാത്തതെന്നും തോറാട്ട് ചോദിച്ചു

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama