go

സ്വാതന്ത്ര്യദിനാഘോഷം കനത്ത സുരക്ഷയിൽ

Mumbai News
SHARE

മുംബൈ ∙  രാജ്യം 73–ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരുങ്ങുമ്പോൾ കനത്ത സുരക്ഷയിൽ നഗരം. നിയമസഭാ മന്ദിരം, സെക്രട്ടേറിയറ്റ്, ഗേറ്റ്‌വേ ഓഫ് ഇന്ത്യ, റെയിൽവേ സ്‌റ്റേഷനുകൾ, മെട്രോ സ്‌റ്റേഷനുകൾ, ആരാധനാലയങ്ങൾ, വാണിജ്യ, വ്യാപാര സ്ഥാപനങ്ങൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയ ഇടങ്ങളിൽ കൂടുതൽ പൊലീസിനെയും സുരക്ഷാജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്. പശ്ചിമറെയിൽവേയും മധ്യറെയിൽവേയും സുരക്ഷാ ക്രമീകരണം വർധിപ്പിച്ചു. റെയിൽവേ പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേർന്നാണ് സുരക്ഷാ ക്രമീകരണം നിയന്ത്രിക്കുന്നത്. 

സിഎസ്എംടി,  മസ്ജിദ് ബന്ദർ, സാൻഡ്ഹസ്റ്റ് റോഡ്, ബൈക്കുള തുടങ്ങിയ സ്‌റ്റേഷനുകളിൽ സായുധരായ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ട്. യാത്രക്കാരോടും ജാഗ്രത പാലിക്കാൻ മധ്യറെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ട്. സംശയാസ്പദമായി എന്തുകണ്ടാലും റെയിൽവേ അധികൃതരെയോ സുരക്ഷാ ഉദ്യോഗസ്ഥരെയോ അറിയിക്കണം. 

മുംബൈ രാജ്യാന്തര വിമാനത്താവളത്തിന്റെ ഒരു കിലോമീറ്റർ പരിധിയിൽ സുരക്ഷാനിരീക്ഷണം വ്യാപിച്ചു. വിമാനത്താവളങ്ങളുടെ സുരക്ഷാചുമതലയുള്ള ബ്യൂറോ ഓഫ് സിവിൽ ഏവ്യേഷൻ സെക്യൂരിറ്റി (ബിസിഎഎസ്)യുടെ നിർദേശപ്രകാരം പ്രത്യേക ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചാണ് വാഹനപരിശോധന നടത്തുന്നത്. ഈ മാസം 31 വരെ പരിശോധന തുടരും. കടൽമാർഗമുള്ള ആക്രമണസാധ്യത മുൻനിർത്തി തീരദേശസുരക്ഷാ ക്രമീകരണങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. നാവികസേനയും തീരദേശസേനയും ജാഗ്രത പാലിക്കുന്നു. 

കശ്മീരിനുള്ള പ്രത്യേക പദവി കേന്ദ്ര സർക്കാർ പിൻവലിച്ചതുമുതൽ നഗരം അതീവജാഗ്രതയിലാണ്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് മുംബൈയിലും ഡൽഹിയിലും ജയ്‌ഷെ മുഹമ്മദിന്റെ  നേതൃത്വത്തിൽ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷാക്രമീകരണങ്ങൾ വർധിപ്പിച്ചിരുന്നു. രഹസ്യാന്വേഷണ ഏജൻസികൾക്കു ലഭിച്ച വിവരം സംസ്ഥാന ഭീകരവിരുദ്ധ സംഘത്തിനും പൊലീസിനും  കൈമാറുകയായിരുന്നു. പുൽവാമ ഭീകരാക്രമണത്തിനു ശേഷവും  ജാഗ്രത പാലിച്ചിരുന്നു.

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama