ഇരിങ്ങാലക്കുട ∙ പൊതുമതിലുകളിലെ പോസ്റ്റർ സംസ്കാരത്തിന് അറുതി വരുത്തുക എന്ന ലക്ഷ്യം മുൻനിർത്തി ഗാന്ധിജയന്തി ദിനത്തിൽ ഇരിങ്ങാലക്കുട ജനമൈത്രി പോലീസ് സ്റ്റേഷൻ മതിലിൽ വർണ്ണചിത്രങ്ങളോടൊപ്പം സാമൂഹിക നന്മയ്ക്കുതകുന്ന സന്ദേശങ്ങളും ഉൾപ്പെടുത്തിയുള്ള ‘ചിത്രമതിൽ’ ക്യാമ്പയിൻ ശ്രദ്ധേയമായി.‘നമ്മുടെ ഇരിങ്ങാലക്കുട’ ഫേസ് ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ, "ക്ലീൻ &
സേഫ് ഇരിങ്ങാലക്കുട" പദ്ധതിയുടെ ഭാഗമായാണ് ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ നാഷണൽ സ്കൂൾ എൻഎസ്എസ് യൂണിറ്റും സെന്റ് ജോസഫ് കോളേജ് വിദ്യാർത്ഥികളും, ആർട്ടിസ്റ്റ് സച്ചിന്റെ നേതൃത്വത്തിൽ പത്തോളം പ്രൊഫഷണൽ ചിത്രകാരൻമാരും ചേർന്നാണ് ‘ചിത്രമതിൽ’ പദ്ധതി യാഥാർത്ഥ്യമാക്കിയത്.

ചടങ്ങിൽ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗ്ഗീസ് ഗാന്ധിജിയുടെ ചിത്രം വരച്ചു കൊണ്ട് ‘ചിത്രമതിൽ’ പദ്ധതി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ എം.കെ. സുരേഷ്കുമാർ, സബ്ബ് ഇൻസ്പെക്ടർ സി.വി. ബിബിൻ, ട്രാഫിക് എസ്ഐ തോമസ് വടക്കൻ എന്നിവരുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.