go

റോഡ് റോളർ വരുന്നു; ദേ... ഇപ്പ ശര്യാകും

punaloor-muvattupuzha-road
പുനലൂർ– മൂവാറ്റുപുഴ പാതയിൽ മണ്ണാറക്കുളഞ്ഞിയിലെ കൊടുംവളവ്
SHARE

പത്തനംതിട്ട∙ മലയോര ജില്ലയുടെ കാത്തിരിപ്പിലേക്ക് ഒരു റോഡ് റോളർ ഉരുണ്ടു തുടങ്ങി,പതിറ്റാണ്ടുകൾ പിന്നിട്ട പുനലൂർ പൊൻകുന്നം പാത നവീകരണത്തിന്റെ സൂചനകൾ കണ്ടു തുടങ്ങി. കൊല്ലം– ചെങ്കോട്ടദേശീയ പാതയെ എംസി റോഡുമായി ബന്ധിപ്പിക്കുന്ന പുനലൂർ– മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പ്രവൃത്തി പൂർത്തികരിക്കാനുള്ളത് പുനലൂർ മുതൽ പൊൻകുന്നം വരെയാണ്. മൂവാറ്റുപുഴ മുതൽ പൊൻകുന്നം വരെ രണ്ടു ഘട്ടമായി ഇതിനോടകം വികസിപ്പിച്ചു. അവസാന ഭാഗത്തിന്റെ പ്രവൃത്തി ഒച്ചിനേക്കാൾ പതുക്കെ ഇഴയുകയായിരുന്നു ഇതുവരെ. ടെൻഡറുകൾ തിരഞ്ഞെടുപ്പിനു ശേഷം തുറക്കുമെന്ന പ്രഖ്യാപനം പൊതുമരാമത്ത്
മന്ത്രി നടത്തിയതോടെയാണ് പ്രതീക്ഷകൾ ഓടിത്തുടങ്ങിയത്.

പുനലൂരിൽ നിന്നു തുടങ്ങി പത്തനാപുരം, കലഞ്ഞൂർ, കൂടൽ, കോന്നി, കുമ്പഴ, മൈലപ്ര, മണ്ണാരക്കുളഞ്ഞി. ഉതിമൂട്, മന്ദിരം പടി, ബ്ലോക്ക്പടി, റാന്നി, ഇട്ടിയപ്പാറ, ചെത്തോങ്കര, മന്ദമരുതി, മക്കപ്പുഴ, പ്ലാച്ചേരി, പൊന്തൻപുഴ, കരിക്കാട്ടൂർ, മണിമല വഴിയാണ് പൊൻകുന്നത്ത് എത്തുന്നത്.

വീതി 14 മീറ്റർ

∙ റോഡിന് 14 മീറ്ററാണ് വീതി. ഇതിന് ആവശ്യമായ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. മൊത്തം 26.6518 ഹെക്ടർ സ്ഥലമാണ് വിലയ്ക്കു വാങ്ങിയത്. വലിയ വളവുകൾ നേരെയാക്കും. മണ്ണാരക്കുളഞ്ഞി. രണ്ടാംകലുങ്ക്, വലിയകലുങ്ക്, കുത്തുകല്ലുംപടി, വാളിപ്ലാക്കൽ , ചെല്ലയ്ക്കാട് എന്നിവിടങ്ങളിലെ വലിയ വളവുകൾ നേരെയാക്കും. റോഡിന്റെ പുതിയ അലൈ‍ൻമെന്റ് അതിനനുസരിച്ചാണ്. ടെൻഡർ തുറക്കേണ്ട തീയതി കഴിഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുള്ളതിനാലാണ് ടെൻഡർ തുറക്കാത്തത്.

നിർമാണത്തിന് 3 ഘട്ടം

∙ കെഎസ്ടിപി രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി ലോകബാങ്കിന്റെ സഹായത്തോടെ പ്രൊക്യുർമെന്റ് കൺസ്ട്രക്‌ഷൻ സംവിധാനത്തിലാണ് നിർമാണം. ഇതിനായി പുനലൂർ മുതൽ പൊൻകുന്നം വരെയുള്ള 83 കിലോമീറ്റർ ദൂരം 3 ഭാഗമായി തിരിച്ചാണ് ടെൻഡർ ചെയ്തത്. മൊത്തം അടങ്കൽ തുക 737.64 കോടി രൂപയാണ്. പുനലൂർ മുതൽ കോന്നി വരെയുള്ള 29.84 കിലോമീറ്റർ ഒന്നാം ഘട്ടം. കോന്നി മുതൽ പ്ലാച്ചേരി
വരെ 30.16 കിലോമീറ്റർ രണ്ടാം ഘട്ടം. പ്ലാച്ചേരി മുതൽ പൊൻകുന്നം വരെയുളള 22.17 കിലോമീറ്റർ മൂന്നാം ഘട്ടം.. പുനലൂർ മുതൽ കോന്നി വരെയുളള 29.84 കിലോമീറ്റർ ദൂരം 226.61 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കോന്നി മുതൽ പ്ലാച്ചേരി വരെയുളള 30.16 കിലോമീറ്റർ വികസനത്തിനായി 274.24 കോ‌ടി രൂപയാണ് രണ്ടാം ഘ‌ട്ടത്തിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്. പ്ലാച്ചേരി മുതൽ
പൊൻകുന്നം വരെയുള്ള മൂന്നാം ഘട്ടത്തിന് 236.79 കോടി രൂപയുമാണ് അടങ്കൽ.

പ്രൊക്യുർമെന്റ് കൺസ്ട്രക്‌ഷൻ സംവിധാനം

∙ ലോക ബാങ്കുമായുള്ള ധാരണ പ്രകാരം പൊതു–സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഈ ഭാഗത്തെ പണികൾ നടത്തുന്നത്. 15 വർഷത്തേക്ക് റോഡിന്റെ പരിപാലനവും കരാറുകാരൻ സ്വന്തം ചെലവിൽ നടത്തണം. കരാറുകാരനു ചെലവായ തുകയുടെ ഒരു ഭാഗം ഓരോ വർഷവും സർക്കാർ നൽകും. പ്രമുഖ കമ്പിനിയായ എൽ ആൻഡ് ടിയാണ് പ്രൊക്യുർമെന്റ് കൺസ്ട്രക്ഷൻ സംവിധാനത്തിൽ നിർമാണം നടത്തുന്നതിനുള്ള വിശദമായ റിപ്പോർട്ട് തയാറാക്കിയത്. പദ്ധതിയിലെ പാലം, കലുങ്ക്, ബൈപാസുകൾ എന്നിവ നിർമിക്കേണ്ടി വന്നാൽ കരാറുകാരൻ തന്നെ സ്വന്തം ചെലവിൽ ഡിസൈൻ ചെയ്ത് അംഗീകാരം വാങ്ങണമെന്നുണ്ട്.

പലതവണ എസ്റ്റിമേറ്റ് പുതുക്കി

∙ ഈ റോഡ് വികസനത്തിനുള്ള പദ്ധതി തയാറാക്കാൻ തുടങ്ങിയിട്ട് 24 വർഷമായി. തൊടുപുഴ മുതൽ മൂവാറ്റുപുഴ വരെയുള്ള ഭാഗം കെഎസ്ടിപി ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി 2002ൽ നിർമാണം നടത്തി. തൊ‌ടുപുഴ മുതൽ പൊൻകുന്നം വരെയുളള 50.22 കിലോമീറ്റർ 2014ൽ പണിതീർത്തു. അവസാന ഭാഗമാണ് പുനലൂർ മുതൽ പൊൻകുന്നം വരെയുള്ളത്. സ്ഥലമെടുപ്പായിരുന്നു പ്രധാന പ്രശ്നം. അതു പൂർത്തിയാക്കി.. വീതി കൂട്ടാൻ  സ്ഥലം നൽകിയ മുഴുവൻ വസ്തു ഉടമകൾക്കും വില നൽകി. വസ്തുവിന്റെ വിപണി വില നിശ്ചയിച്ച്
ഉടമകളുമായി ചർച്ച നടത്തി ധാരണയിൽ എത്തിയാണ് പണം നൽകിയത്.

സ്ഥലം ഏറ്റെടുത്തിട്ടും മറ്റുനടപടികൾ പൂർത്തിയാകാഞ്ഞതിനാൽ നിർമാണം തുടങ്ങാൻ കഴിഞ്ഞില്ല. അതിനാൽ പലതവണ എസ്റ്റിമേറ്റ് പുതുക്കി. ലോക ബാങ്കുമായി കെഎസ്ടിപി രണ്ടാംഘട്ടം അവസാന വട്ട ചർച്ചയിൽ 602 കോടി രൂപയാണ് ചെലവ് കണക്കായിരുന്നത്. 4 വർഷത്തിനുള്ളിൽ ഉണ്ടായ നിർമാണ സാമഗ്രികളുടെ വിലക്കയറ്റവും ജിഎസ്ടിയും എസ്റ്റിമേറ്റ് വീണ്ടും പുതുക്കാൻ ഇടയാക്കി. അങ്ങനെയാണ് അടങ്കൽ തുക 737.64 കോടിയിൽ എത്തിയത്.

പുനലൂർ- പൊൻകുന്നം റോഡ് നവീകരണത്തിനായി ടെൻഡർ നൽകിയത് 10 കരാരുകാർ. ആഗോള ടെൻഡറാണ് ക്ഷണിച്ചത്.
പുനലൂർ മുതൽ കോന്നി വരെയുള്ള ഭാഗത്തിന് 5, കോന്നി മുതൽ പ്ലാച്ചേരി വരെയുള്ള ഭാഗത്തിന് 3, പ്ലാച്ചേരി മുതൽ പൊൻകുന്നം വരെയുള്ള ഭാഗത്തിന് 2 കരാറുകാരാണ് ടെൻഡർ സമർപ്പിച്ചിട്ടുള്ളത്. ഇതിൽ കോന്നി മുതൽ പൊൻകുന്നം വരെയുള്ള 2 ഭാഗങ്ങളുടെ ടെൻഡർ കരാറുകാർ വിശദമായി പരിശോധിച്ചു. ഈ ഭാഗത്തിന്റെ ടെൻഡർ സാങ്കേതിക അനുമതിക്കായി ലോകബാങ്കിനു സമർപ്പിച്ചിട്ടുണ്ട്. സാങ്കേതിക അനുമതി കിട്ടിയാൽ കരാർ ഒപ്പിട്ട് 2 ആഴ്ചക്ക് ഉള്ളിൽ പണി തുടങ്ങാൻ കഴിയുമെന്ന് രാജു ഏബ്രഹാം എംഎൽഎ പറഞ്ഞു.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama