go

പ്രളയാനന്തര പുനരധിവാസം: വികസന രേഖകൾ സർക്കാരിന് സമർപ്പിച്ചു

development-plan-project
SHARE

ടി. കെ. എം. എഞ്ചിനീയറിംഗ് കോളേജ് ആർക്കിടെക്ചർ വിഭാഗം തയാറാക്കിയ പാണ്ടനാട് - ബുധനൂർ ഗ്രാമ പഞ്ചായത്തുകളുടെ വികസന രേഖകൾ (ഡെവലപ്മെൻറ് പ്ലാൻ റിപോർട്ടുകൾ) സർക്കാരിന് സമർപ്പിച്ചു, കേരളത്തെ നടുക്കിയ പ്രളയ പശ്ചാത്തലത്തിൽ ടി. കെ. എം. എഞ്ചിനീയറിംഗ് കോളേജിലെ ആർക്കിടെക്ചർ വിഭാഗത്തിലെ മുതിർന്ന അധ്യാപകരടങ്ങിയ സംഘം കേരള പ്ലാനിംഗ് ബോർഡ് അംഗം ഡോ. കെ. എൻ. ഹരിലാലുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് പാണ്ടനാട് - ബുധനൂർ പഞ്ചായത്തുകളുടെ പുനർജീവനത്തിനുള്ള വികസന പദ്ധതി രേഖ (ഡെവലപ്മെൻറ് പ്ലാൻ) തയാറാക്കാൻ തുടക്കം കുറിച്ചത്.

പ്രളയത്തിൽ ഏറ്റവും അധികം നാശനഷ്ടങ്ങൾ നേരിട്ട ആലപ്പുഴ ജില്ലയിലെ പഞ്ചായത്തുകളാണ് പാണ്ടനാടും ബുധനൂരും. കേരള പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി. കെ. രാമചന്ദ്രന് കൊല്ലം ടി. കെ. എം. എഞ്ചിനീയറിംഗ് കോളേജ് ആർക്കിടെക്ചർ വിഭാഗം മേധാവി ഡോ. എ. എസ്. ദിലി  പാണ്ടനാട് - ബുധനൂർ ഗ്രാമ പഞ്ചായത്തുകളുടെ വികസന രേഖകൾ (ഡെവലപ്മെൻറ് പ്ലാൻ റിപോർട്ടുകൾ) സമർപ്പിച്ചു. കേരള പ്ലാനിംഗ് ബോർഡ് അംഗം ഡോ. കെ. എൻ. ഹരിലാൽ, മുൻ ചീഫ് സെക്രട്ടറി ശ്രീ. എസ്. എം. വിജയാനന്ദ്, ബുധനൂർ പഞ്ചായത്ത്  പ്രസിഡന്റും കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറിയുമായ അഡ്വ. പി. വിശ്വംഭര പണിക്കർ, പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ശിവൻകുട്ടി ഐലാരത്തിൽ, ആർക്കിടെക്ചർ വിഭാഗത്തിലെ അധ്യാപകരായ പ്രൊഫ. നിസാർ എസ്. എ., ഡോ. ആനി ജോൺ, പ്രൊഫ. ഷഹാന ഉസ്മാൻ അബ്ദുള്ള, പ്ലാനിംഗ് വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു. തിരുവനന്തപുരം
മസ്കറ്റ് ഹോട്ടലിൽ വെച്ചുനടന്ന പ്രത്യേക ചടങ്ങിൽ വെച്ചാണ് വികസന രേഖകൾ കൈമാറിയത്.

ടി. കെ. എം. എഞ്ചിനീയറിംഗ് കോളേജിൻറെ ഈ ഉദ്യമത്തെ പ്രകീർത്തിച്ച ഡോ. വി. കെ. രാമചന്ദ്രൻ, സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം പ്രവർത്തനങ്ങൾ  എല്ലാ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും മാതൃകയാക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു. പ്രസ്തുത റിപ്പോർട്ടുകൾ
തുടർനടപടികൾക്കായി അദ്ദേഹം  കേരള പ്ലാനിംഗ് ബോർഡ് അംഗം ഡോ. കെ. എൻ. ഹരിലാലിന് കൈമാറി. ഇതുപ്രകാരമുള്ള
വികസനം പ്രായോഗികമായി നടപ്പിൽ വരുത്താനുള്ള തുടർനടപടികൾ ഉടൻ ഉണ്ടാകുമെന്ന് ഡോ. കെ. എൻ. ഹരിലാൽ ഉറപ്പുനൽകി. അഡ്വ. പി. വിശ്വംഭര പണിക്കർ ടി. കെ. എമ്മിൻറെ സമയോചിതവും സ്തുത്യർഹവുമായ ഇടപെടലിനും സമഗ്രമായ വികസന രേഖ സമയബന്ധിതമായി തയ്യാറാക്കി നൽകിയതിനും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി.

അധ്യാപകരും വിദ്യാർത്ഥികളും വാർഡ് മെമ്പർമാരും അടങ്ങിയ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ഒരാഴ്ചയോളം നടത്തിയ പ്രാഥമിക സർവ്വേകളിലൂടെയാണ് ഈ വികസന രേഖ തയാറാക്കാനുള്ള വിവരങ്ങൾ ശേഖരിച്ചത്. ഇതിനൊപ്പം ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിലുള്ള വിവിധ ഓഫീസുകളിൽനിന്നും സംഘം വിവരങ്ങൾ ശേഖരിക്കുകയും അവ വിശദമായ പഠനങ്ങൾക്ക് വിധേയമാക്കുകയും ചെയ്തു. ടി. കെ. എം. ആർക്കിടെക്ചർ വിഭാഗത്തിലെ വിവിധ മേഖലകളിൽ വിദഗ്ദ്ധരായ ആർക്കിടെക്ടുകൾ, പ്ളാനർമാർ, എൻജിനീയർമാർ എന്നിവരടങ്ങുന്ന സംഘമായിരുന്നു പിന്നീട് ഈ വികസന രേഖ യാഥാർഥ്യമാക്കാൻ പ്രയത്നിച്ചത്.

പാണ്ടനാട് - ബുധനൂർ ഗ്രാമ പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിന് ഉതകുന്നതായ നിരവധി ആശയങ്ങൾ ഈ റിപ്പോർട്ടുകളിൽ ഉൾക്കൊള്ളുന്നുണ്ട്. സാമ്പത്തിക സ്ഥിരതയും അടിസ്ഥാന സൗകര്യങ്ങളുമുള്ള, സ്വയം പര്യാപ്തവും പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്നതുമായ ഒരു സുസ്ഥിര സമൂഹത്തെ രൂപപ്പെടുത്തുക എന്നതാണ് ഈ വികസന രേഖയിലെ പ്രധാന ആശയം. ഇരു ഗ്രാമങ്ങളിലെയും പ്രധാന ഉപജീവന മാർഗവും സാമ്പത്തിക സ്രോതസ്സുമായ കൃഷി, മൃഗപരിപാലനം, മത്സ്യകൃഷി, ചെറുകിടവ്യവസായങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള നിർദ്ദേശങ്ങളാണ് ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടും ഭൂവിഭവങ്ങളുടെ മിതമായ ഉപഭോഗം ഉറപ്പാക്കിക്കൊണ്ടുമുള്ള ഭൂവിനിയോഗവും നദീതട സംരക്ഷണവും ഭവന നിർമ്മാണവും ഈ വികസന രേഖകൾ നിർദ്ദേശിക്കുന്നു.

നിർമ്മാണ സാമഗ്രികളുടെ ഉപയോഗം കുറച്ചുകൊണ്ട് രൂപകൽപന ചെയ്ത കെട്ടിട നിർമ്മാണം, അവയുടെ പ്രചാരണം, ബോധവൽക്കരണം എന്നിവക്കും ഈ റിപ്പോർട്ട്കൾ  ഊന്നൽ നൽകുന്നു. കേരളത്തിലെ മിക്ക ഗ്രാമപഞ്ചായത്തുകളിലും ഈ മാതൃകയിലുള്ള ഡെവലപ്മെൻറ് പ്ലാനുകൾ നിലവിലില്ല. ടി. കെ. എമ്മിൻറെ ഈ ഉദ്യമം കേരളത്തിലെ എല്ലാ ഗ്രാമങ്ങളുടെയും സമഗ്രമായ വികസന രേഖകൾ തയ്യാറാക്കുവാൻ മറ്റ് സ്ഥാപനങ്ങൾക്ക് മാതൃകയാക്കാവുന്നതാണ്. അധ്യാപനത്തോടൊപ്പം അവരുടെ മേഖലയിലെ പ്രാവീണ്യം മികവുറ്റതാക്കി നല്ല പ്രൊഫഷണലുകളാകാൻ കൂടി ഇത്തരം പ്രോജെക്ടുകൾ ഉപകരിക്കുന്നു. നാഷണൽ റർബൻ മിഷൻ ഫണ്ട് കേരളത്തിന് ലഭ്യമാക്കാൻ വേണ്ടിയുള്ള സ്പേഷ്യൽ പ്ലാൻ തയാറാക്കുന്ന പ്രവർത്തനമാണ് ടി. കെ. എം. എഞ്ചിനീയറിംഗ് കോളേജ് ആർക്കിടെക്ചർ വിഭാഗം ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. പ്രളയാനന്തര പുനരധിവാസം:  വികസന രേഖകൾ സർക്കാരിന് സമർപ്പിച്ചു

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama