go

കേജ്‍രിവാളിനെ പുറത്താക്കണമെന്ന ആവശ്യം ഹർജി തള്ളി

new-delhi news
SHARE

ന്യൂഡൽഹി∙ ക്രിമിനൽ കേസിൽ പ്രോസിക്യൂഷൻ നടപടികൾ നേരിടുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ പുറത്താക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ചീഫ് സെക്രട്ടറിയായിരുന്ന അൻഷു പ്രകാശിനെ മുഖ്യമന്ത്രിയുടെ വസതിയിൽ മർദിച്ചെന്ന കേസിൽ പ്രോസിക്യൂഷൻ നടപടികൾ നേരിടുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നീക്കം ചെയ്യാൻ ലഫ്. ഗവർണർക്കു നിർദേശം നൽകണമെന്ന് ആവശ്യപ്പട്ടു ഹരിനാഥ് റാം എന്ന അഭിഭാഷകനാണു ഹൈക്കോടതിയെ സമീപിച്ചത്.

പ്രോസിക്യൂഷൻ നടപടികൾ തുടരുകയാണെന്നും ഇക്കാര്യത്തിൽ കോടതി കുറ്റക്കാരനെന്നു കണ്ടെത്തുന്നതുവരെ കാത്തിരിക്കണമെന്നും ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ, ജസ്റ്റിസ് വി.കെ. റാവു എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞു. കേസിൽ മുഖ്യമന്ത്രിയെ കോടതി വെറുതെവിട്ടാൽ എന്തുചെയ്യുമെന്നു പരാതിക്കാരനോടു കോടതി ചോദിച്ചു. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരെ തോന്നിയപോലെ നീക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ യോഗത്തിനെത്തിയ ചീഫ് സെക്രട്ടറിയെ ഭരണകക്ഷിയായ എഎപിയുടെ എംഎൽഎമാർ ചേർന്നു മർദിച്ചെന്നാണു കേസ്.

മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. അമാനത്തുല്ല ഖാൻ എംഎൽഎ ഉൾപ്പെടെയുള്ളവർ കേസിൽ പ്രതികളാണ്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി ചേർന്നു അക്രമത്തിൽ പങ്കാളിയായതിലൂടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയതായി ഹർജിയിൽ ആരോപിക്കുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള വകുപ്പാണു മുഖ്യമന്ത്രിക്കെതിരായ പ്രോസിക്യൂഷൻ നടപടികൾക്കു നേതൃത്വം നൽകേണ്ടതെന്നതു ഗുരുതരമായ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും ഹർജിയിൽ പറയുന്നു.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama