go

ഡിപിസിസി പ്രസിഡന്റായി ഷീലാ ദീക്ഷിത്; ദീദി സുൽത്താന 2.0

sheela-desheth
പ്രവർത്തകരുമായി മധുരം പങ്കുവയ്ക്കുന്ന (ഷീലാ ദീക്ഷിത്)
SHARE

ന്യൂഡൽഹി∙ ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷയായി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ (80) നിയമിച്ചു. ഡൽഹിയുടെ ചുമതലയുള്ള എഐസിസി ഭാരവാഹി പി.സി. ചാക്കോയാണു നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുൻ മന്ത്രി ഹാറൂൺ യൂസഫ് (60), എഐസിസി സെക്രട്ടറിമാരും മുൻ എംഎൽഎമാരുമായ ദേവേന്ദർ യാദവ് (46), രാജേഷ് ലിലോത്തിയ (49) എന്നിവരെ വർക്കിങ് പ്രസിഡന്റുമാരായും നിയമിച്ചു. പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഷീലയുടെ രണ്ടാം വരവാണിത്. 1998 ലാണ് ആദ്യം പിസിസി അധ്യക്ഷ പദവി ഏറ്റെടുത്തത്.

അതേ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നിഷ്പ്രഭമാക്കി കോൺഗ്രസിന്റെ മുന്നേറ്റം സാധ്യമാക്കിയത് ഷീലയുടെ കഴിവിലൂടെയാണ്. മുൻ കേന്ദ്രമന്ത്രിയായ ഷീലാ ദീക്ഷിത് 1998 മുതൽ 2013വരെ തുടർച്ചയായി 15 വർഷം ഡൽഹിയുടെ മുഖ്യമന്ത്രിയായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റപ്പെട്ട് മുഖ്യധാരയിൽ‌ നിന്ന് ഏറെക്കുറെ ഒഴിവായ ഘട്ടത്തിലാണ് ഷീലയുടെ രണ്ടാം വരവ്. കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും ഒടുവിൽ ഗവർണറുമായിരുന്നുള്ള ഭരണ പരിചയം ഗുണം ചെയ്യുമെന്നാണ് എഐസിസിയുടെ വിലയിരുത്തൽ.

അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഡൽഹിയുടെ മുഖം മാറ്റിയ മുഖ്യമന്ത്രിയ്ക്ക് നഗരവാസികളുടെ ഹൃദയതത്തിൽ ഇപ്പോഴും സ്ഥാനമുണ്ടെന്നും കരുതുന്നു. അജയ് മാക്കൻ രാജിവച്ചതിനെ തുടർന്നാണ് അധ്യക്ഷ സ്ഥാനത്ത് ഒഴിവുവന്നത്. സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ച ശേഷമാണു ഷീലാ ദീക്ഷിതിനെ ഡിപിസിസി പ്രസിഡന്റാക്കാൻ പാർട്ടി ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി തീരുമാനിച്ചത്. നിർണായകമായ ലോക്സഭാ തിര‍ഞ്ഞെടുപ്പു കണക്കിലെടുത്താണു ഷീലാ ദീക്ഷിതിന്റെ രാഷ്ട്രീയ പരിചയസമ്പത്ത് പ്രയോജനപ്പെടുത്താനുള്ള കോൺഗ്രസ് തീരുമാനം.

രണ്ടാം വരവിൽ എന്തായിത്തീരും?

മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷയായും മൂന്നു നേതാക്കളെ വർക്കിങ് പ്രസിഡന്റുമാരായും നിയമിക്കാനുള്ള കോൺഗ്രസ് തീരുമാനം വ്യക്തമായ കണക്കുകൂട്ടലുകളോടെ.മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയുടെയും ബിജെപിയുടെയും സംഘടനാ സംവിധാനത്തോടു മൽസരിക്കാനുള്ള പദ്ധതിയുടെ ഭാഗമാണു മൂന്നു വർക്കിങ് പ്രസിഡന്റുമാരെ നിയമിക്കാനുള്ള തീരുമാനം. കേന്ദ്രമന്ത്രിയായും മുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുള്ള പാരമ്പര്യത്തിന്റെ ബലവും പരിചയസമ്പത്തുമായി രാഷ്ട്രീയ രംഗത്തു നിറസാന്നിധ്യമായ ഷീലാ ദീക്ഷിതിനു പകരം അധ്യക്ഷ സ്ഥാനത്തേക്കു ചൂണ്ടിക്കാണിക്കാൻ നിലവിൽ കോൺഗ്രസിൽ മറ്റാരുമില്ലെന്നതാണ് യാഥാർഥ്യം.

ബിജെപിയെയും എഎപിയെയും നേരിടാൻ ഷീലാ ദീക്ഷിതിനു ജനങ്ങൾക്കിടയിൽ ഇപ്പോഴുമുള്ള അംഗീകാരം മുതലാക്കി മികച്ച തുടക്കമിടാൻ കഴിയുമെന്നാണു കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. മൂന്നു തവണയായി 15 വർഷം മുഖ്യമന്ത്രി കസേരയിലിരുന്ന, ഡൽഹിയുടെ മനസ്സറിയാവുന്ന നേതാവു തന്നെ പാർട്ടിയെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നയിക്കണമെന്ന വാദം ഹൈക്കമാൻഡും അംഗീകരിച്ചതോടെയാണു ഷീലാ ദീക്ഷിതിനു നറുക്കുവീഴുന്നത്. ഡൽഹിയുടെ ചുമതലയുള്ള എഐസിസി ഭാരവാഹി പി.സി. ചാക്കോയുടെ നിലപാടുകളും ഇക്കാര്യത്തിൽ നിർണായകമായി.

മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ എഎപിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കുമെന്ന പ്രചാരണങ്ങൾക്കിടെയാണു കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഷീലാ ദീക്ഷിതിനെ തേടിയെത്തുന്നത്. ഷീലയുടെ പതനത്തിനു തുടക്കമിട്ട പാർട്ടിയാണ് എഎപി. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ പുതിയ അധ്യക്ഷയുടെ നിലപാടുകൾ നിർണായകമാവും.എഎപിയുമായി സഖ്യ ചർച്ചകളില്ലെന്നു പി.സി. ചാക്കോ വ്യക്തമാക്കി കഴിഞ്ഞു. ഷീലാ ദീക്ഷിതും അജയ് മാക്കനും ഉൾപ്പെടെയുള്ള നേതാക്കൾക്കും ഇതേ നിലപാടാണെന്നാണു സൂചന.

എഎപിയിലേക്കു പോയ ന്യൂനപക്ഷ വോട്ടുകൾ മടങ്ങിവന്നതോടെ കോൺഗ്രസ് ശക്തമാണെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ എഎപിയുമായുള്ള സഖ്യം കോൺഗ്രസിനു ദോഷമാവുമെന്നുമാണു സംസ്ഥാന ഘടകത്തിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായം. എന്നാൽ, ദേശീയ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഹൈക്കമാൻഡ് സ്വീകരിക്കുന്ന നിലപാടുകളും എഎപി സഖ്യത്തിന്റെ കാര്യത്തിൽ നിർണായകമാവും.

‘വർക്ക്’ നന്നായി അറിയുന്ന  വർക്കിങ് പ്രസിഡന്റുമാർ

ഷീലാ ദീക്ഷിതിനു കരുത്തുപകരാൻ കോൺഗ്രസ് രംഗത്തിറക്കുന്നതു സംഘടനാ പാടവം തെളിയിച്ച മൂന്നു പ്രമുഖ നേതാക്കളെ. മുൻ മന്ത്രി ഹാറൂൺ യൂസഫ് (60), എഐസിസി സെക്രട്ടറിമാരും മുൻ എംഎൽഎമാരുമായ ദേവേന്ദർ യാദവ് (46), രാജേഷ് ലിലോത്തിയ (49) എന്നിവരെ വർക്കിങ് പ്രസിഡന്റുമാരായി നിയമിച്ചതിലൂടെ സംഘടനാ പാടവത്തോടൊപ്പം ജാതിസമവാക്യവും ശ്രദ്ധിച്ചിട്ടുണ്ട്.
ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള നേതാവാണു ഷീലാ ദീക്ഷിത്. ഹാറൂൺ യൂസഫ് മുസ്‍ലിം സമുദായംഗവും ദേവേന്ദർ യാദവ് ഒബിസിയും രാജേഷ് ലിലോത്തിയ പട്ടികജാതിയിൽ ഉൾപ്പെടുന്ന വാൽമീകി സമുദായംഗവുമാണ്.

വിവിധ ജനവിഭാഗങ്ങളെ കോൺഗ്രസിലേക്ക് കൂടുതൽ അടുപ്പിക്കാൻ കഴിയുന്ന നേതാക്കളാണ് ഇവരെന്നും പാർട്ടി നേതൃത്വം കണക്കുകൂട്ടുന്നു.ബിജെപി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി എംപിക്കു പൂർവാഞ്ചൽ വിഭാഗക്കാരിലുള്ള സ്വാധീനത്തിനുള്ള മറുപടിയാണ് ഈ വിഭാഗക്കാരിൽ സ്വാധീനമുള്ള നേതാവായ ദേവേന്ദർ യാദവ്.

ഷീലാ ദീക്ഷിത് മന്ത്രിസഭയിൽ തന്നെ മന്ത്രിയായിരുന്നു ഹാറൂൺ യൂസഫ്. രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണു മുൻ എംഎൽഎയായ ദേവേന്ദർ യാദവ്. ബിഹാറിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണു മുൻ എംഎൽഎയായ രാജേഷ് ലിലോത്തിയ. പുതിയ നേതൃത്വം താമസിയാതെ ചുമതലയേൽക്കുമെന്നാണു സൂചന. വർക്കിങ് പ്രസിഡന്റുമാരുടെ ചുമതലകൾ ഇതിനുശേഷമാവും വിഭജിച്ചു നൽകുക. ഷീലാ ദീക്ഷിതിന്റെ ആരോഗ്യം കണക്കിലെടുത്ത് വർക്കിങ് പ്രസിഡന്റുമാർക്കു കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകാനാണു സാധ്യത.

‘എഎപിയുമായി ചങ്ങാത്തമില്ല’

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ ആം ആദ്മി പാർട്ടിയുമായുള്ള സഖ്യം തള്ളി കോൺ‌ഗ്രസ്. ആം ആദ്മി പാർട്ടിയുമായി ഒരുതരത്തിലുള്ള സഖ്യ ചർച്ചയും നടക്കുന്നില്ലെന്നു ഡൽഹിയുടെ ചുമതലയുള്ള എഐസിസി ഭാരവാഹി പി.സി. ചാക്കോ പറഞ്ഞു.
ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷയായി ഷീലാ ദീക്ഷിതിനെ നിയമിച്ചുള്ള പ്രഖ്യാപനത്തിനു എഐസിസി ഓഫിസിൽ നടത്തിയ പത്രസമ്മേളനത്തിലാണു ചാക്കോ എഎപി സഖ്യം തള്ളിക്കളഞ്ഞത്.

എഎപിയുമായി സഖ്യം വേണ്ടെന്ന കാര്യത്തിൽ കോൺഗ്രസ് സംസ്ഥാന ഘടകത്തിൽ ഏകാഭിപ്രായമാണ്.  ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ ഒറ്റയ്ക്കു മത്സരിച്ചു വിജയിക്കാമെന്ന ആത്മവിശ്വാസം കോൺഗ്രസിനുണ്ടെന്നും ചാക്കോ വ്യക്തമാക്കി.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama