go

ആധുനിക ട്രാഫിക് സംവിധാനം; കേന്ദ്രത്തിന്റെ അനുമതി

del-traffic-rules
SHARE

ന്യൂഡൽഹി ∙ നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ നിർമിത ബുദ്ധി (ആർട്ടിഫിഷൽ ഇന്റലിജൻസ്) അടിസ്ഥാനമാക്കിയ സാങ്കേതിക വിദ്യ ഉടൻ. 1000 കോടി മുതൽമുടക്കിലുള്ള ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിനു (ഐടിഎംഎസ്) കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകാരം നൽകി. രാജ്യത്ത് ആദ്യമായാകും ഒരു സംസ്ഥാനം നിർമിത ബുദ്ധിയുടെ സഹായം ഗതാഗത നിയന്ത്രണ രംഗത്തുപയോഗിക്കുന്നത്. മൂന്നു ഘട്ടമായുള്ള പദ്ധതിയുടെ ആദ്യ ഭാഗം ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ പ്രാബല്യത്തിൽ വരും.

ന്യൂഡൽഹി ജില്ലയ്ക്കു പുറമെ സൗത്ത്, സെൻട്രൽ ജില്ലകളും ഇതിൽ ഉൾപ്പെടുത്തും. ഘട്ടം ഘട്ടമായി പദ്ധതി മുഴുവൻ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുകയാണു ലക്ഷ്യം. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ആശയവിനിമയ സംവിധാനമാകും ഇതിൽ ഉപയോഗിക്കുക. ഫൈബർ ഒപ്റ്റിക് ടെക്നോളജി, 4ജി നെറ്റ്്‍വർക്കിലാകും എന്നിവയുമായി ബന്ധിപ്പിക്കുക. സൈബർ ആക്രമണം ചെറുക്കാനുള്ള സംവിധാനവും ഇതിണ്ടാകും. ഗതാഗതക്കുരുക്കും മറ്റും മുൻകൂട്ടി മനസിലാക്കി, നിയന്ത്രണ സംവിധാനം ഒരുക്കാനാകും ആർട്ടിഫിഷൽ ഇന്റലിജൻസ് സംവിധാനം ഉപയോഗിക്കുക.

പൊതുജനങ്ങൾക്കു ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട വിവരങ്ങൾ തൽസമയം കൈമാറാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. നിലവിലുള്ള സിസിടിവി സംവിധാനം, നിയമലംഘനം നടത്തുന്നവരെ തിരിച്ചറിയാനുള്ള സെൻസറുകൾ എന്നിവയെല്ലാം പുതിയ സംവിധാനവുമായി ബന്ധിപ്പിക്കും. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനം (എഎൻപിആർ) എന്നിവയെല്ലാം ഇതിൽ ഉപയോഗിക്കും. വിവരങ്ങൾ ക്ലൗഡ് സംവിധാനത്തിൽ ശേഖരിച്ചാകും ഇവ പ്രയോജനപ്പെടുത്തുക.

ഐടിഎംസിന്റെ മറ്റു സവിശേഷതകൾ

∙ നാഷനൽ ക്രൈം ഡേറ്റാബേസുമായി ബന്ധിപ്പിച്ചു വാഹനങ്ങളെ നിരീക്ഷിക്കാനും മോഷണങ്ങൾക്കു തടയിടാനുമുള്ള സൗകര്യം.

∙ റോഡ് അപകടങ്ങൾ കൂടുതലുണ്ടാകുന്ന സ്ഥലങ്ങളിൽ വാഹനവേഗം നിരീക്ഷിക്കും

∙ റോഡ് ഗതാഗതവുമായി ബന്ധപ്പെട്ട വിവരങ്ങൾ തൽസമയം പൊതുജനങ്ങൾക്കു കൈമാറും

∙ ഫെയ്സ്ബുക്, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങളുമായും ഗൂഗിൾ മാപ്പുമായും ബന്ധം.

∙ വാഹനങ്ങളെ തിരിച്ചറിയാൻ ഏതു ദിശയിലേക്കും സഞ്ചരിക്കാൻ സാധിക്കുന്ന തരം ലേസർ സെൻസറുകൾ.

∙ പുതിയ ഇ–ചെല്ലാൻ സംവിധാനം

റഡാറുണ്ട്, സൂക്ഷിക്കുക ന്യൂഡൽഹി

∙ ഗതാഗത ചട്ടങ്ങൾ ലംഘിക്കുന്നവർ സൂക്ഷിക്കുക. നിങ്ങളെ ‘കണ്ണിലാക്കാൻ’ 3ഡി റഡാർ കാമറകൾ (റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ കാമറ–ആൽഎൽവിഡി) സ്ഥാപിക്കാൻ തീരുമാനം. 20 കോടി രൂപ മുതൽമുടക്കിൽ 24 സ്ഥലങ്ങളിൽ ജൂലൈയിൽ ഇതു പ്രവർത്തനക്ഷമമാകും. അമിതവേഗം നിരീക്ഷിക്കാനുള്ള റഡാർ അധിഷ്ഠിത സംവിധാനം 100 കേന്ദ്രങ്ങളിൽ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. 29 കോടിരൂപയാണ് ഇതിനു മുതൽമുടക്ക്. ഗതാഗത കുരുക്ക് ഒഴിവാക്കുക, നിയമലംഘനം കർശനമായി നേരിടുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു പുതിയ സംവിധാനം നടപ്പാക്കുന്നത്.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama